അപകടത്തിൽ തലയ്ക്കു ഗുരുതര പരുക്കേറ്റ യുവാക്കൾ കരുണ തേടുന്നു

കോട്ടയം ∙ അവിചാരിതമായുള്ള അപകടത്തിൽ തല തകർന്ന അവസ്ഥയിൽ രണ്ടു യുവാക്കൾ ആശുപത്രിയിൽ കഴിയാൻ തുടങ്ങിയിട്ട് ഒരു മാസത്തോളമായി. ജീവിതത്തിൽ ഇന്നു വരെയുണ്ടാക്കിയ സമ്പാദ്യങ്ങൾ മുഴുവൻ ചെലവാക്കി ചികിൽസിച്ചിട്ടും ഇരുവരും ജീവിതത്തിലേക്കു മടങ്ങിയെത്തിയെത്തിയിട്ടില്ല. ഇനി കരുണയുള്ളവരുടെ സഹായങ്ങളിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. 

സഹോദരങ്ങളും, ലോട്ടറി വിൽപനക്കാരുമായ  ചങ്ങാനാശേരി തട്ടാരുപറമ്പിൽ ടി.ആർ രാജേഷിന്റെ മകൻ ടി.ആർ പ്രഭുദേവ്(17), മാവേലിക്കാര കണ്ടിയൂർ  കണ്ണൻ നിവാസിൽ ടി.ആർ മണികണ്ഠന്റെ മകൻ എം. അഖിൽ(18) എന്നിവരാണു പുതിയൊരു ജീവിതത്തിനായി കാത്തിരിക്കുന്നത്. ഇരുവരും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ഡിസംബർ 12ന് രാത്രിയിൽ ജോലിക്കു ശേഷം സുഹൃത്തിന്റെ ബൈക്കിനു പിന്നിൽ ഇരുന്ന് ചങ്ങനാശേരിയിലെ വീട്ടിലേക്കു മടങ്ങും വഴി റോഡരികിൽ കൂട്ടിയിട്ടിരുന്ന പാറക്കൽ കഷ്ണങ്ങൾക്കിടയിലേക്കു കയറിയ ബൈക്ക്  നിയന്ത്രണം വിട്ട്  മറിഞ്ഞാണ് അപകമുണ്ടായത്. ഇതോടെ പ്രഭുദേവും അഖിലും തെറിച്ചു പോയി പോസ്റ്റിൽ തലയിടിച്ചു വീണു.  

നാട്ടുകാർ കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുകയും പിന്നീട് വെന്റിലേറ്റർ ഒഴിവില്ലാതായതോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിലേക്കു മാറ്റുകയും ചെയ്തു. തലയ്ക്കു ഗുരുതര പരുക്കേറ്റ പ്രഭുദേവിനെ അഞ്ച് ദിവസം വെന്റിലേറ്ററിലും, അഖിലിനെ ഏഴ് ദിവസം വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. തുടർന്ന് ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. വാടകവീട്ടിൽ താമസിക്കുന്ന ഇരുവരുടെയും  അമ്മമാർ രോഗികളാണ്.  പ്രഭുദേവിനും, അഖിലിനും ഇതുവരെ 8 ലക്ഷം രൂപവരെ ചെലവായി. ദിവസവും പതിനായിരത്തിലേറെ രൂപയാണ് മരുന്നുകൾക്കായി വേണ്ടത് ചികിത്സക്കായുള്ള പണം സ്വരൂപിക്കുന്നതിനായി  അഖിലിന്റെ മാതാവ് ജയശ്രീയുടെ പേരിൽ  കോർപ്പറേഷൻ ബാങ്ക്  മാവേലിക്കര  ശാഖയിൽ 520101024869518 നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐഎഫ്എസ്‌സി കോഡ് സിഒആർപി. 0002950. ഫോൺ 7356188042