അടിയന്തിരമായി വൃക്ക മാറ്റിവയ്ക്കണം, സുമനസുകളുടെ സഹായം തേടുന്നു

കല്ലൂപ്പാറ∙ ഗൃഹനാഥന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി നാട് ഒന്നിക്കുന്നു. പഞ്ചായത്ത് 13–ാം വാർഡിൽ എൻജിനീയറിങ് കോളജിനു സമീപം മുതലക്കുളത്ത് ബാബു എം. എബ്രഹാമിനു(52) വേണ്ടിയാണ് നാട്ടുകാർ സുമനസുകളുടെ സഹായം തേടുന്നത്. അടിയന്തിരമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയെങ്കിൽ മാത്രമേ ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ കഴിയൂവെന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപ്രതിയിലെ ഡോക്ടർമാർ പറഞ്ഞു.

വൃക്ക രോഗത്തിന് വിവിധ ആശുപത്രികളിൽ 5 വർഷമായി ചികിത്സയിലായിരുന്ന ബാബുവിന് ഇതുവരെ ലക്ഷങ്ങൾ ചിലവായി. ആഴ്ചയിൽ രണ്ടും മൂന്നും ഡയാലിസിസാണ് വേണ്ടിവരുന്നത് .വൃക്ക മാറ്റിവയക്കുന്നതിനും അനുബന്ധ ചികിത്സയക്കും മരുന്നിനുമായി 12 ലക്ഷത്തോളം രൂപ ചിലവു പ്രതീക്ഷിക്കുന്നു. ഭാര്യയും രണ്ടു കുട്ടികളും ഉൾപ്പെടുന്ന ഈ കുടുംബം കാർഷിക വൃത്തിയിലേർപ്പെട്ടാണ് നിത്യചിലവിന് വഴി കണ്ടെത്തുന്നത്. ഈ തുക ഇവർക്ക് അസാധ്യമായ സാഹചര്യത്തിലാണ് പഞ്ചായത്തിലെ 9, 12,13,14 വാർഡുകളിലെ ജനങ്ങൾ ഒത്തുചേർന്ന് മുൻ എംഎൽഎ ജോസഫ് എം.പുതുശേരി രക്ഷാധികാരിയായി ചികിൽസാ ഫണ്ട് ശേഖരിക്കാൻ കമ്മിറ്റി രൂപികരിച്ചത്.

അനുയോജ്യമായ വൃക്ക ഉടൻ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് പുഷ്പഗിരി മെഡിക്കൽ കോളജിലെ ഡോക്ടർമാരും. ബാബുവിനു നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. രണ്ടാഴ്ചക്കുള്ളിൽ ഇതിനുള്ള തുകയും കണ്ടെത്തേണ്ടിയിരിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് റെജി ചാക്കോ (ചെയർ), പഞ്ചായത്തംഗം അജിത വിൽക്കി (കൺ), ടി.എം.മാത്യു (സെക്ര), കെ.സി.തോമസ് എന്നിവർ ഭാരവാഹികളായുള്ള കമ്മിറ്റിയാണ് ഫണ്ട് ശേഖരണം നടത്തുന്നത്. ഐസിഐസിഐ ബാങ്ക് മല്ലപ്പള്ളി ശാഖയിൽ അക്കൗണ്ട് തുറന്നു. നമ്പർ: 258501501653. IFSC Code: ICIC0002585. ഫോൺ: 94470 77333.