മുന്നാക്ക സംവരണം ആർക്കൊക്കെ?

justice-sr-sinho
SHARE

സാമ്പത്തികമായി പിന്നാക്കമുള്ള വിഭാഗങ്ങൾക്കായുള്ള കമ്മിഷൻ ഒന്നാം യുപിഎ സർക്കാർ 2006 ജുലൈ 10ന് പുനഃസംഘടിപ്പിച്ചപ്പോൾ നിർദ്ദേശിച്ച ദൗത്യമിതായിരുന്നു: സാമ്പത്തികമായി പിന്നാക്കമുള്ള വിഭാഗങ്ങൾക്ക് (ഇബിസി) സർക്കാരിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണമെന്ന ആവശ്യം പരിശോധിക്കുക.

മേജർ ജനറൽ (റിട്ട) എസ്. ആർ. സിൻഹോ അധ്യക്ഷനായ കമ്മിഷൻ 2010 ജൂലൈ 22ന് സർക്കാരിനു റിപ്പോർട്ട് നൽകി. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി ദുർബലരായവർക്ക് 10% സംവരണം ഏർപ്പെടുത്താൻ സാഹചര്യമൊരുക്കുന്ന ഭരണഘടനാ ഭേദഗതി കഴിഞ്ഞ സമ്മേളനത്തിൽ പാർലമെന്റിൽ ചർച്ച ചെയ്തപ്പോൾ പഴയ സിൻഹോ കമ്മിഷൻ റിപ്പോർട്ടാണ് സർക്കാർ എടുത്തുപറഞ്ഞത്. ഭരണഘടനാ ഭേദഗതി കഴിഞ്ഞ ദിവസം പ്രാബല്യത്തിലായി. എന്നാൽ, സുപ്രീം കോടതിയിൽ അതു ചോദ്യം ചെയ്യപ്പെടുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ മുന്നാക്ക സംവരണത്തെ എതിർത്തതാണെന്ന ആരോപണവുമുണ്ട്. മുന്നാക്കക്കാരിൽ ‌സാമ്പത്തികമായി പിന്നാക്കമുള്ളവർക്ക് പിന്തുണയും സഹായവും നൽകണമെന്നും അതൊക്കെയും സംസ്ഥാനങ്ങളുമായി ആലോചിച്ചുവേണമെന്നുമാണ് മോദി പറഞ്ഞതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

സിൻഹോ കമ്മിഷൻ റിപ്പോർട്ടിലെ പ്രധാന വിലയിരുത്തലുകളും ശുപാർശകളും

∙നിലവിലെ നയങ്ങളുടെ അടിസ്ഥാനത്തിലുള്ള സംവരണാനുകൂല്യങ്ങൾ ലഭിക്കാത്തവരെ ജനറൽ കാറ്റഗറിയായി (ജിസി) കണക്കാക്കാം. പട്ടിക വിഭാഗങ്ങളും ഇതര പിന്നാക്ക വിഭാഗങ്ങളും ഒഴികെയുള്ള എല്ലാവരും. ജിസിയിലുള്ളവർ സാമൂഹിക സ്ഥിതിയിൽ ഏതാണ്ട് തുല്യരാണ്. എന്നാൽ, സാമ്പത്തിക സ്ഥിതിയിൽ തുല്യരല്ല. സാമ്പത്തിക പിന്നാക്കാവസ്ഥ കുടുംബതലത്തിലുള്ളതാണ്. അതിനാൽ, കുടുംബത്തെ യൂണിറ്റായി കണക്കാക്കി ജിസിയിലെ സാമ്പത്തികമായി പിന്നാക്കമുള്ളവരെ കണ്ടെത്തണം.

∙ജിസിയിൽ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള (ബിപിഎൽ) എല്ലാ കുടുംബങ്ങളെയും ആദായ നികുതി പരിധിക്കു താഴെവരുന്നവരെയും ഇബിസിയായി കണക്കാക്കണം.

∙സംസ്ഥാനതലത്തിൽ, ഇബിസിയുടെ സാമൂഹിക – സാമ്പത്തിക സർവേ നടത്തി ഉചിതമായ ക്ഷേമ പദ്ധതികൾ ലഭ്യമാക്കണം.

∙തൊഴിൽ, വിദ്യാഭ്യാസ സംവരണത്തിനായി പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്താൻ സാമ്പത്തിക മാനദണ്ഡം മാത്രം മതിയാവില്ല. ആവശ്യമായ ഭരണഘടനാ ഭേദഗതിയോ സംവരണം 50% എന്ന ഉയർന്ന പരിധി മാറ്റാനുള്ള സുപ്രീം കോടതി നിർദ്ദേശമോ ഇല്ലാതെ സംവരണത്തിനായി ഇബിസിയെ നിർണയിക്കാനാവില്ല.

∙രാജസ്ഥാനൊഴികെ മിക്ക സംസ്ഥാനങ്ങളും ജിസിയിലെ ഇബിസിക്ക് സംവരണം നൽകുന്നതിനെക്കുറിച്ച് കൃത്യമായ അഭിപ്രായം രൂപീകരിച്ചിട്ടില്ല. ഇബിസിക്കു നൽകാവുന്ന സംവരണത്തിന്റെ തോത് തീരുമാനിക്കാൻ മുഖ്യമന്ത്രിമാരുടെയും മറ്റും യോഗം വിളിച്ച് തീരുമാനത്തിനുശേഷം ഭരണപരവും നിയമനിർമാണപരവുമായ നടപടികളാവാം.

∙ഇബിസികൾക്കുള്ള ക്ഷേമപദ്ധതികൾ, പ്രത്യേകിച്ചും, വിദ്യാഭ്യാസം, ആരോഗ്യക്ഷേമം, ഭവന നിർമാണം, നഗര–ഗ്രാമവികസനം തുടങ്ങിയവയിൽ ഊർജിതമാക്കണമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. ജിസിയിൽ ഇബിസിയുടെ സംഖ്യ കൂടുതലായുള്ള സംസ്ഥാനങ്ങളിൽ ക്ഷേമപദ്ധതികൾക്ക് പ്രത്യേക ശ്രദ്ധ നൽകണം.

∙ഇതര പിന്നാക്ക വിഭാഗങ്ങളുടെ വികസനത്തിനുള്ള പദ്ധതികൾ ഉചിതമായ രീതിയിൽ ഇബിസി വികസനത്തിനും പ്രയോജനപ്പെടുത്താം.

∙നിയന്ത്രണ രേഖയ്ക്ക് 5 കിലോമീറ്റർ പരിധിയിലും, സൂനാമി, ഭൂമികുലുക്കം, വെള്ളപ്പൊക്കം തുടങ്ങിയവയുള്ള പ്രദേശങ്ങളിലും, പ്രശ്നബാധിത മേഖലകളിലും ജീവിക്കുന്ന ഇബിസികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ്.

∙തൊഴിലുറപ്പു പദ്ധതിയിൽ, സാമ്പത്തിക വർഷത്തിൽ 100 ദിവസത്തെ ജോലി ഇബിസിയിലെ െസമി സ്കിൽഡ് ആളുകൾക്ക്, പ്രത്യേകിച്ചും, സ്ത്രീകൾക്ക് ലഭ്യമാക്കണം.

∙ ദീർഘകാല ചികിൽസ ആവശ്യമായ രോഗികളുള്ള ഇബിസി കുടുംബത്തിന് പ്രത്യേക ആരോഗ്യ ഇൻഷൂറൻസ് പാക്കേജ്.

∙ക്ഷേമപദ്ധതി നിർദ്ദേശിക്കാനും നടത്തിപ്പു മേൽനോട്ടത്തിനുമായി ദേശീയ, സംസ്ഥാന ഇബിസി കമ്മിഷൻ, ഇബിസിക്കു മാത്രമായി  ധനകാര്യ വികസന കോർപറേഷൻ. അടിയന്തരസഹായം നൽകുന്നതിനും പട്ടികയും ആവശ്യങ്ങളും തയാറാക്കുന്നതിനുമായി ഒരു ഇബിസി കുടുംബത്തിന് 10,000 രൂപ തോതിൽ 10,000 കോടി രൂപയുടെ പാക്കേജ് കേന്ദ്രം പ്രഖ്യാപിക്കണം.

അന്നു മുഖ്യമന്ത്രി; ഇന്നു പ്രധാനമന്ത്രി

‘‘സാമ്പത്തികമായി പിന്നാക്കമുള്ളവരെ നിർണയിക്കാൻ പലതരം മാനദണ്ഡങ്ങൾ വേണം. സംവരണം 50 ശതമാനത്തിൽ അധികമായാലുള്ള നിയമപ്രശ്നവും പരിശോധിക്കണം. പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെടാനുള്ള മൽസരം നടക്കുന്നു – അതു ശരിയല്ല. മാനദണ്ഡങ്ങൾ മുൻകൂട്ടി തയ്യാറാക്കി, സംസ്ഥാന സർക്കാരുകളെ ഉൾപ്പെടുത്തി ഓപ്പൺ ഫോറത്തിൽ ചർച്ച ചെയ്യണം.

ജനസംഖ്യയുടെ എത്ര ശതമാനത്തിന് മാനദണ്ഡങ്ങൾ ബാധകമാകുമെന്നത് മുൻകൂട്ടി അറിയണം. അതിനുശേഷം, പിന്തുണയും സഹായവും നൽകാൻ ഉചിതമായ തന്ത്രമുണ്ടാക്കണം. യാഥാർഥ്യങ്ങൾ കണക്കിലെടുക്കുമ്പോൾ, എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ അളവുകോൽ പറ്റില്ല.’’ – നരേന്ദ്ര മോദി (ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2009 ജനുവരിയിൽ കമ്മിഷനോട് പറഞ്ഞത്)

കമ്മിഷനോടു കേരളം പറഞ്ഞത്

സംസ്ഥാനത്ത് പട്ടിക, ഒബിസി വിഭാഗങ്ങൾക്കായി 38% സംവരണമുണ്ട്. സാമ്പത്തികമായി പിന്നാക്കമുള്ള വിഭാഗങ്ങളെ കണ്ടെത്താൻ സംസ്ഥാന സർക്കാർ തയാറാക്കിയ മാതൃക വിജയകരമെന്നു തെളിഞ്ഞിട്ടുണ്ട്. ബിപിഎൽ രീതിയല്ല അത്. കുട്ടികൾക്കും അഗതികളായ സ്ത്രീകൾക്കും ബിപിഎൽ കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ ഒട്ടേറെ ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നു.– (ചീഫ് സെക്രട്ടറിയും മറ്റും 2008 ജൂണിൽ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA