ആത്മവിശ്വാസത്തോടെ ലോകകപ്പിന്

SHARE

ഓസ്ട്രേലിയയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം തൊട്ടതെല്ലാം പൊന്നാവുകയാണ്. ടെസ്റ്റ് പരമ്പരയിലെ ചരിത്രനേട്ടത്തിനു പിന്നാലെ ഏകദിനങ്ങളിലും വിരാട് കോഹ്‌ലിയുടെ ടീം പരമ്പര സ്വന്തമാക്കിയിരിക്കുന്നു. ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ ഏകദിന പരമ്പര വിജയമാണിത്. 

മുൻപും ഇന്ത്യ ഇവിടെ കിരീടങ്ങൾ നേടിയിട്ടുണ്ടെങ്കിലും അവയെല്ലാം മൂന്നാമതൊരു ടീം കൂടി ഉൾപ്പെട്ട ടൂർണമെന്റുകളായിരുന്നു. 1985ലെ ലോക ചാംപ്യൻഷിപ്പും 2008 സിബി സിരീസ് കിരീടവുമെല്ലാം അതിലുൾപ്പെടും. ഇത്തവണ സിഡ്നിയിലെ ആദ്യ ഏകദിനത്തിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയ ടീം ഇന്ത്യ പിന്നീട് അഡ്‌ലെയ്ഡിലും മെൽബണിലും ജയിച്ചാണ് പരമ്പര 2–1നു സ്വന്തമാക്കിയത്.

കിരീടനേട്ടം എന്നതിനപ്പുറം പ്രധാന്യമുണ്ട് ഈ പരമ്പരവിജയത്തിന്. ഈ വർഷം മധ്യത്തിൽ ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന ലോകകപ്പിന് ഇന്ത്യ ഒരുങ്ങിത്തുടങ്ങി എന്ന പ്രഖ്യാപനമാണിത്. ലോകകപ്പിനു മുൻപ് ഇന്ത്യക്കുള്ള 13 ഏകദിനങ്ങളിൽ മൂന്നെണ്ണമാണ് ഇപ്പോൾ കഴിഞ്ഞത്. അതിൽ, നിലവിലെ ജേതാക്കളെത്തന്നെ തോൽപ്പിച്ച് പരമ്പര നേടാനായി എന്നതിൽപ്പരം ആത്മവിശ്വാസം നൽകുന്ന മറ്റെന്തുണ്ട്? ലോകകപ്പിനു മുൻപ് ഇനി ന്യൂസീലൻഡിനെതിരെ അഞ്ച് ഏകദിനങ്ങളും ഇന്ത്യയിലെത്തുന്ന ഇതേ ഓസ്ട്രേലിയൻ ടീമിനെതിരെ തന്നെ അഞ്ച് ഏകദിനങ്ങളുമാണ് ഇന്ത്യക്കുള്ളത്. പിന്നീട് ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ട്വന്റി20 പൂരം ; മേയ് 31 മുതൽ ജൂലൈ പകുതി വരെ ലോകകപ്പും . 

ലോകകപ്പിനു മുൻപ് കൃത്യമായ ഒരു ടീം കോംപിനേഷൻ കണ്ടെത്തുക എന്നതാണ് ഇന്ത്യക്കു മുന്നിലുള്ള വെല്ലുവിളി. ടെസ്റ്റ് പരമ്പരയിൽ ഓസീസിനെ തകർത്ത പേസ് ബോളർ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം നൽകിയിട്ടും ഏകദിന പരമ്പരയിൽ അതു പ്രതിഫലിക്കാതിരുന്നത് ഇന്ത്യൻ ബോളിങ് നിരയുടെ ആഴം വ്യക്തമാക്കുന്നു. പരുക്കിൽനിന്നു മുക്തനായി തിരിച്ചെത്തിയ ഭുവനേശ്വർ കുമാറാണ് ഏകദിന പരമ്പരയിൽ ഇന്ത്യൻ ബോളിങ്ങിനെ നയിച്ചത്. എട്ടു വിക്കറ്റുകളോടെ ഭുവനേശ്വർ തന്നെയാണ് പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമത്. സ്പിൻ നിരയിലും ഇന്ത്യക്കു പകരത്തിനു പകരംവയ്ക്കാൻ ആളുണ്ട്. ഈ പരമ്പരയിൽ, ഇന്നലെ മെൽബണിൽ മാത്രം അവസരം കിട്ടിയ യുസ്‌വേന്ദ്ര ചാഹൽ ആറു വിക്കറ്റ് വീഴ്ത്തി; മാൻ ഓഫ് ദ് മാച്ചുമായി.

ബാറ്റിങ്ങിലാണ് ഇന്ത്യക്ക് ഉത്തരങ്ങൾ കണ്ടെത്താനുള്ളത്. മുൻനിരയെച്ചൊല്ലി വലിയ ആശങ്കയില്ലെങ്കിലും മധ്യനിരയിൽ ഇപ്പോഴും പൂർണ വ്യക്തത വന്നിട്ടില്ല. ധോണിയുടെ സാന്നിധ്യം മധ്യനിരയ്ക്കു ബലം നൽകുന്നുണ്ടെങ്കിലും മറ്റുള്ളവർ ആരാകുമെന്നതിൽ ഇപ്പോഴും ഉറപ്പില്ല. ഈ പരമ്പരയ്ക്കു മുൻപ് ഇന്ത്യ സ്ഥിരം നാലാം സ്ഥാനത്തേക്കു കണ്ടുവച്ചിരുന്ന അമ്പാട്ടി റായുഡുവിന് ഇന്നലെ ടീമിൽ പോലും ഇടം കിട്ടിയില്ല. മികവുറ്റ ഒട്ടേറെ കളിക്കാർ കാത്തിരിക്കുന്നുണ്ടെങ്കിലും അവരിൽ ഏറ്റവും ഉചിതരായവർക്കു സ്ഥിരമായി അവസരം നൽകുക എന്നതാകും ഇനി ടീം മാനേജ്മെന്റിനുള്ള ഉത്തരവാദിത്തം. 

ലോകകപ്പ് ഇത്തവണ ആദ്യ റൗണ്ടിൽ എല്ലാ ടീമുകളും പരസ്പരം കളിക്കുന്ന റൗണ്ട് റോബിൻ അടിസ്ഥാനത്തിലായതിനാൽ സാഹചര്യങ്ങളും വെല്ലുവിളികളും വ്യത്യസ്തമാകും. അതിലേക്കുള്ള ആദ്യപടിയിലേക്ക് ഈ പരമ്പരവിജയത്തോടെ  ഇന്ത്യ എത്തിക്കഴിഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA