ഒരു ഫോർവേഡ് മതി, കളി മാറാൻ!

off-beat-sketch
SHARE

ഭാര്യമാർ ഫെയ്സ്ബുക് ഉപയോഗിക്കുന്നതു ഭർത്താക്കന്മാരുടെ ആരോഗ്യത്തിനു ഹാനികരമാണെന്നു തൃശൂരിലെ കമ്മ്യൂണിസ്റ്റു നേതാക്കൾക്കു മനസിലായത് അടുത്ത കാലത്താണ്.
കമ്മ്യൂണിസ്റ്റുകാരനായ സ്ഥലം എം.പിയെ കാണ്മാനില്ല എന്നു പറഞ്ഞു കമ്മ്യൂണിസ്റ്റു വിരുദ്ധർ ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റ് കമ്മ്യൂണിസ്റ്റു നേതാവിന്റെ ഭാര്യ ഫോർവേഡ് ചെയ്തു. എംപിയോടുള്ള ചെറിയൊരു സൗന്ദര്യപ്പിണക്കമായിരുന്നത്രെ കാരണം. ‘മുന്നോട്ടു തള്ളിയ’ പോസ്റ്റ് സ്വന്തം പാർട്ടിയുടെ എതിർപോസ്റ്റിൽ കളിക്കുന്ന നേതാവിന്റെ ഭാര്യയുടെ മുന്നിലെത്തിയപ്പോഴാണു കളിയുടെ ഗതിമാറിയത്.

‘ചുമ്മാ’ ഇട്ടതായിരുന്നുവെങ്കിലും അവർക്കിടയിലെ അന്തർധാര അത്ര സജീവമല്ലായിരുന്നതിനാൽ പ്രതിക്രിയാ വാദികൾ അതു പൊക്കിയെടുത്തു. പരാതി നേരെ സംസ്ഥാന നേതൃത്വത്തിനു മുന്നിലെത്തി. നമ്മുടെ എംപിക്കെതിരെ നമ്മുടെ എംപിയാകാനുള്ള നേതാവിന്റെ ഭാര്യ തന്നെ പ്രചാരണം നടത്തുന്നുവെന്നായിരുന്നു പരാതി. പോസ്റ്റ് പിൻവലിച്ചുവെങ്കിലും അതുണ്ടാക്കിയ പ്രത്യാഘാതം പിൻവലിഞ്ഞിട്ടില്ല.

ആകാംക്ഷയിൽ അണികൾ

ഇടുക്കിയിലെ കോൺഗ്രസ് പ്രവർത്തകർ ഒത്തു കൂടുന്ന സ്ഥലങ്ങളിലെല്ലാം ഒരു ചോദ്യം മാത്രം– ഉമ്മൻചാണ്ടി സാർ ഇവിടെ മത്സരിക്കാനെത്തില്ലേ? ഒരിക്കൽ കോൺഗ്രസിന്റെ ഉരുക്കു കോട്ടയായിരുന്ന ഇടുക്കി തിരിച്ചു പിടിക്കാൻ ഉമ്മൻചാണ്ടി കളത്തിലിറങ്ങണമെന്ന ആഗ്രഹമാണു ഇടുക്കി ജില്ലയിലെ പല കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും. ബൂത്തു കമ്മിറ്റികളുടെ യോഗത്തിൽ പങ്കെടുക്കാൻ ഉമ്മൻചാണ്ടി എത്തിയപ്പോൾ, ജില്ലയിലെ പാർട്ടിയുടെ നായകൻ തന്നെ ആവശ്യം പരസ്യമായി ഉന്നയിച്ചു. മത്സരിക്കുമെന്നോ ഇല്ലെന്നോ പറയാതെ ഉമ്മൻചാണ്ടി ചിരിച്ചൊഴിഞ്ഞു. ഇതേസമയം, അയൽജില്ലയായ കോട്ടയത്തെ പുതുപ്പള്ളിയിൽ നിന്നുള്ള നേതാവ് ഇടുക്കിയിലേക്കുതന്നെ വള്ളംതിരിച്ചാൽ കളം ഒഴിയേണ്ടി വരുമോയെന്ന ആശങ്കത്തീയാണു സീറ്റു മോഹികൾക്ക്.

വീണ്ടും ചില വീട്ടുകാര്യങ്ങൾ

ഇനി വീട്ടുകാര്യങ്ങളറിയാൻ സിപിഎം വരും. സഹായിക്കാനല്ല, വോട്ടർമാരുമായി നേരിട്ടു ബന്ധപ്പെടാനും വിവരങ്ങൾ ശേഖരിക്കാനും. ആശയം പുതിയതല്ല, ബിജെപി വകയാണ്. ഉത്തർ പ്രദേശിലും ത്രിപുരയിലുമൊക്കെ വിജയം കണ്ട തന്ത്രം. പന്നാ പ്രമുഖ്, പന്നാ പ്രഭാരി എന്നൊക്കെയായിരുന്നു ഉത്തരേന്ത്യയിൽ പേര്. ചെങ്ങന്നൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ‘പേജ് പ്രമുഖർ’ എന്ന പേരിൽ പ്രയോഗിച്ചു, ഫലമുണ്ടായില്ലെന്നേയുള്ളൂ. വോട്ടർ പട്ടികയിലെ ഓരോ പേജിലുമുള്ള വോട്ടർമാരെ നിരന്തരം ബന്ധപ്പെടാനുള്ള ചുമതല പ്രവർത്തകർക്കു വീതിക്കുന്നതായിരുന്നു രീതി.
ചെറിയ മാറ്റങ്ങളോടെ സിപിഎം അതിങ്ങെടുക്കുകയാണ്.

10 വീടുകളുടെ വീതം ചുമതല ഓരോ പ്രവർത്തകനും കൊടുക്കും. ബൂത്ത് തലത്തിൽ സർവേയും തുടങ്ങിയിട്ടുണ്ട്. വോട്ടറുടെ സാഹചര്യമറിഞ്ഞു പ്രചാരണ സന്ദേശങ്ങൾ നേരിട്ടു നൽകാനാണു പരിപാടി. ചെങ്ങന്നൂരിൽ ഗുണപ്പെട്ടില്ലെന്നു കരുതി ബിജെപി തനത് ആശയം ഉപേക്ഷിച്ചിട്ടില്ലെന്നാണ് അറിവ്. പേജ് പ്രമുഖർ പരിചയത്തിന്റെ താളുകൾ ഇനിയും മറിച്ചു നോക്കും.
യുഡിഎഫും ഇതൊക്കെ കാണുന്നുണ്ട്. എന്തെങ്കിലും ചെയ്യാതിരിക്കില്ല. പേജ് കണക്കിലായിരിക്കില്ല, ‘പാരഗ്രാഫ് പ്രമുഖർ’ തന്നെയായേക്കാം വോട്ടർമാരെ തേടി വരുന്നത്.

കൂപ്പണെടുക്കൂ, രക്ഷിക്കൂ!

പിരിവാണ് ഇപ്പോൾ കോൺഗ്രസ് അണികൾക്കിടയിലെ ചർച്ചാവിഷയം. എല്ലാ ജില്ലകളിലും യോഗം വിളിച്ച് നേതാക്കൾ പിരിവിനെപ്പറ്റിയാണു പ്രസംഗിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന കേരള ജാഥ അടുത്ത മാസം വരുമ്പോഴാണു തുക പിരിച്ചെടുക്കേണ്ടത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മും വലിയ സാമ്പത്തികശക്തികളായി വളരുകയാണെന്നും ഭരണപിന്തുണയുള്ളതിനാൽ അവർക്കു ധനസമാഹരണം ഒരു വിഷയമല്ലെന്നും നേതാക്കൾ പറയുന്നു. ഇന്നലെ കോഴിക്കോട്ടു ചേർന്ന യോഗത്തിൽ ബെന്നി ബഹനാനും കൊടിക്കുന്നിൽ സുരേഷും പ്രസംഗിച്ചതും മറ്റൊന്നല്ല. എത്ര രൂപ പിരിച്ചെടുക്കണമെന്നും നിർദേശം നൽകി.

ഓരോ ബൂത്തിനും 30,000 രൂപയുടെ സംഭാവന കൂപ്പൺ നൽകും. 1,000ന്റെ 5 കൂപ്പൺ, 500ന്റെ 10, 100ന്റെ 100 കൂപ്പൺ, 50ന്റെ 200 കൂപ്പൺ എന്ന ക്രമത്തിലാണു വിതരണം. ഇതു കേട്ടപ്പോഴേക്കും സദസ്സിൽ മുറുമുറുപ്പ്. ബാക്കി കേട്ടതോടെ അതും അടങ്ങി. തുകയിൽ 12,000 രൂപയേ ബൂത്ത് പ്രസിഡന്റുമാർ നേതൃത്വത്തിനു കൊടുക്കേണ്ടതുള്ളൂ. കെപിസിസിയും ഡിസിസിയും ആ തുക വീതിച്ചെടുക്കും. മണ്ഡലം കമ്മിറ്റിക്കു 3,000 രൂപ കൊടുക്കണം. ബ്ലോക്ക് കമ്മിറ്റിക്ക് 5,000 രൂപയും. ബാക്കിയുള്ള 10,000 രൂപ ബൂത്ത് പ്രസിഡന്റിനു കയ്യിൽ വയ്ക്കാം. സംസ്ഥാന നേതൃത്വവും ഹാപ്പി, പ്രാദേശിക നേതൃത്വവും ഹാപ്പി.

off-beat-sketch-1

റോഡ് ഷോ മഹാമഹം

നാലര പതിറ്റാണ്ടു കാത്തിരുന്ന ശേഷം ബൈപാസ് റോഡ് ഗതാഗതത്തിനു തുറന്നു കൊടുക്കുമ്പോൾ ഏറ്റവുമധികം ആഹ്ലാദിക്കുന്നത് അതുവഴി കടന്നുപോകേണ്ട യാത്രക്കാരാണെന്നു പറയാൻ വരട്ടെ. റോഡ് ഷോ നടത്താൻ വരുന്ന രാഷ്ട്രീയക്കാരാണെന്നു കൊല്ലം ബൈപാസിന്റെ ഉദ്ഘാടന ദിവസം കണ്ടു. ബൈപാസ് ജനുവരിയിൽ തുറന്നുകൊടുക്കുമെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതായി എൻ.കെ.പ്രേമചന്ദ്രൻ എംപി പത്രക്കുറിപ്പ് ഇറക്കിയതോടെയാണു ബൈപാസിൽ ആദ്യത്തെ വിവാദവണ്ടി ഓടിയത്. പ്രേമചന്ദ്രൻ മുന്നിലെത്തിയെന്നു കണ്ടപ്പോൾ മുഖ്യമന്ത്രി ബൈപാസ് ഉദ്ഘാടനം ചെയ്യുമെന്നായി മന്ത്രി ജി. സുധാകരൻ. കേന്ദ്രവും സംസ്ഥാനവും തുല്യാതുല്യം വിഹിതമിടുന്ന പദ്ധതി ഉദ്ഘാടനത്തിനു ബിജെപിക്കാർ പ്രധാനമന്ത്രിയെ തന്നെ കൊണ്ടുവന്നു. എന്തായാലും ബൈപാസിന്റെ ഉദ്ഘാടന ദിവസം റോഡ് ഷോ നടത്തുമെന്ന എൽഡിഎഫും യുഡിഎഫും പ്രഖ്യാപിച്ചു.

ഉദ്ഘാടന ചടങ്ങ് കഴിഞ്ഞു റോഡ് ഷോയ്ക്കു മുഖ്യമന്ത്രി തുറന്ന ജീപ്പിൽ കയറുമെന്നു കരുതിയവർക്കു തെറ്റി. ജീപ്പിലല്ല, മടങ്ങിപ്പോകാൻ മുഖ്യമന്ത്രി കാറിൽ കയറി. പക്ഷേ, ഒരു സഹായം ചെയ്തു. ഔദ്യോഗിക വാഹനവും അകമ്പടി വാഹനങ്ങളും ബൈപാസിലൂടെ തിരുവനന്തപുരത്തേക്കു വിടാൻ തയാറായി. പിന്നാലെ മന്ത്രിമാരും പാർട്ടിക്കാരും തുറന്ന ജീപ്പിലും വിട്ടു. ഒത്ത നടുക്കെത്തിയപ്പോൾ യുഡിഎഫ് റോഡ് ഷോ എതിരെ. രണ്ടു കൂട്ടരും അറിയാവുന്ന ‘മുദ്രാവാക്യങ്ങളൊക്കെ’ അങ്ങോട്ടുമിങ്ങോട്ടും വിളിച്ചു.
 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA