കുത്തുപാള ഡോട് കോം

നിഘണ്ടു എല്ലായ്പ്പോഴും സത്യം പറയുന്നില്ല എന്നതിനു തെളിവ് കുത്തുപാളയാണ്. നിഘണ്ടുവിനു കുത്തുപാള പാളകുത്തിയുണ്ടാക്കുന്ന പാത്രം മാത്രമാകുന്നു. കുത്തുപാളയെടുക്കുക എന്നതിലുള്ളത് മറ്റേതു പാത്രവുമെടുക്കുന്ന അധ്വാനം തന്നെ എന്നാവും ന്യൂജൻ ധാരണ. 

ഒരു പാളയിൽ കോരിയെടുക്കാനാവാത്തത്ര നിർഭാഗ്യവും കഷ്ടകാലവും ചേരുമ്പോഴാണ് നിഘണ്ടു കാണാതെ കുത്തുപാളയെടുത്തുപോകുന്നത് എന്നറിയാവുന്നവരുടെ എണ്ണം കുറ‍ഞ്ഞുകുറഞ്ഞു വരികയാണ്. കുത്തുപാളയ്ക്കു കാരണം പിന്നിൽനിന്നുള്ള കുത്തുവല്ലതുമാണെങ്കിൽ അതുകൂടി ദരിദ്രനാരായണീയത്തിൽ ചേർക്കുകയും വേണം.

നാടു വികസിച്ചു കുത്തുപാളയെടുക്കുമ്പോൾ കുത്തുപാള എന്ന പദം സ്വാഭാവികമായും നിഘണ്ടുവിൽനിന്നിറങ്ങിപ്പോകും.

ശമ്പളം കൊടുക്കാൻ പണമില്ലാതെ ഖജനാവ് കാലിയാകുമ്പോൾ കുത്തുപാളയെപ്പറ്റി ആരും ഇപ്പോൾ സംസാരിക്കുന്നില്ല. ട്രഷറി നിയന്ത്രണം എന്നു പറഞ്ഞാൽ കുത്തുപാളയുടെ അഭംഗിയില്ലതാനും. 

കുത്തുപാളയെടുക്കാൻ പാകത്തിൽ സർക്കാരുണ്ടാക്കുന്ന വരവു ചെലവു കണക്കിന് കമ്മി ബജറ്റ് എന്ന് ഓമനപ്പേരിടുമ്പോൾ ആ സാമ്പത്തികഭംഗിയിലൊന്ന് ഉമ്മവയ്ക്കാൻ ആർക്കും തോന്നിപ്പോകും. 

നമ്മുടെ കെഎസ്ആർടിസി കുത്തുപാളയെടുത്തിട്ട് എത്രയോ കാലമായി. പക്ഷേ, സത്യം ഒരു പാളകൊണ്ടു മറച്ചുവച്ച് ഡബിൾ ബെൽ അടിക്കാൻ സർക്കാരിനും കെഎസ്ആർടിസിക്കും അറിയാം. പൊതുമേഖലാ മണിയടിക്കു ഭംഗി കൂടും.കേരളത്തിലെ മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും കുത്തുപാള കോർപറേഷനുകളാണെങ്കിലും പാളയെ പാളയെന്നു വിളിക്കാതിരിക്കുന്നതാണ് നമ്മുടെ സ്റ്റൈൽ.

കുത്തുപാളയുടെ യഥാർഥ വിലയറിയാൻ ആമസോൺ രംഗത്തിറങ്ങണം. ആമസോൺ മഹാനദിയല്ല, ഓൺലൈൻ വ്യാപാരി.

നമ്മുടെ ചിരട്ട മിനുക്കിയെടുത്തും പെയിന്റടിച്ചും ആമസോൺ വിൽപനയ്ക്കുവച്ചിട്ടുള്ള കാര്യം ഈയിടെ വാർത്തയായിരുന്നു. 

അരച്ചിരട്ടയുടെ ആമസോൺ ഭംഗിക്കു വില 3000 രൂപവരെയാണ്. ചിരട്ടയെടുക്കുന്നെങ്കിൽ അത് ആമസോണിൽനിന്നുതന്നെ വേണമെന്നുള്ളവർക്ക് 1635 രൂപയായി കുറച്ചുകിട്ടും.

അടുത്തതായി ആമസോണിന്റെ കണ്ണ് കുത്തുപാളയിലാണെന്നാണ് അപ്പുക്കുട്ടനു കിട്ടിയ രഹസ്യ വിവരം. 

ചിരട്ടയെടുക്കുന്നതും കുത്തുപാളയെടുക്കുന്നതും ഫലത്തിൽ ഒന്നുതന്നെയാണല്ലോ.