കോൺഗ്രസ് സ്ഥാനാർഥിക്കായി രാഹുലിന്റെ രഹസ്യസർവേ; ഒരോ മണ്ഡലത്തിലും പരിഗണനാപട്ടികയിൽ 3 പേർ

Rahul-Gandhi-6
SHARE

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനു മുന്നോടിയായി ഓരോ മണ്ഡലത്തിൽ നിന്നും പരിഗണിക്കാവുന്ന 3 പേരുകൾ സമർപ്പിക്കാൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർക്കു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശം. ഇതിനു പുറമേ, വിജയ സാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്തുന്നതിനു മണ്ഡലാടിസ്ഥാനത്തിൽ 3 രഹസ്യ സർവേകൾ നടത്താൻ സ്വകാര്യ ഏജൻസികളെയും രാഹുൽ നിയോഗിച്ചു.

വിജയസാധ്യത മാത്രമാണു മാനദണ്ഡമെന്നും നിലവിലുള്ള എംപിമാർ മൽസരിക്കുന്ന കാര്യത്തിൽ കെപിസിസിക്കു തീരുമാനമെടുക്കാമെന്നും സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. അല്ലാത്ത മണ്ഡലങ്ങളിൽ 3 പേരുടെ പരിഗണനാ പട്ടിക തയാറാക്കണം. പുതുമുഖങ്ങൾ, വനിതകൾ എന്നിവരെയും പരിഗണിക്കണം. സംസ്ഥാന നേതൃത്വത്തിനു കീഴിലുള്ള തിരഞ്ഞെടുപ്പു സമിതി അക്കാര്യം പരിശോധിച്ചു വിജയസാധ്യത ആർക്കൊക്കെയെന്ന് എഐസിസി ജനറൽ സെക്രട്ടറിയെയും കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയെയും അറിയിക്കണം. ജനറൽ സെക്രട്ടറിമാർ ജില്ലാ നേതൃത്വങ്ങളുമായി നേരിട്ടു ചർച്ച നടത്തണമെന്നും രാഹുൽ നിർദേശിച്ചു.

ജില്ലാ, സംസ്ഥാന ഘടകങ്ങളുടെ അഭിപ്രായത്തിനു പുറമേ 3 സർവേകളെയും ആശ്രയിച്ചാവും അന്തിമ സ്ഥാനാർഥി പട്ടികയ്ക്കു ഹൈക്കമാൻഡ് രൂപം നൽകുക. കേരളത്തില്‍ ഉൾപ്പെടെ അടുത്തിടെ പൂർത്തിയായ ആദ്യ സർവേ സിറ്റിങ് എംപിമാരുടെ വിജയസാധ്യത പരിശോധിച്ചതായി പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. പുതുമുഖങ്ങളുടെയും വനിതകളുടെയും സാധ്യത പരിശോധിക്കുന്ന രണ്ടാം സർവേ പുരോഗമിക്കുകയാണ്.

ഉമ്മൻ ചാണ്ടി തീരുമാനിക്കട്ടെ

ഏറ്റവും വിജയസാധ്യതയുള്ള നേതാവെന്ന നിലയിൽ കേരളത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മൽസരരംഗത്തിറക്കുന്നതു കെപിസിസിയുടെ പരിഗണനയിൽ. എന്നാൽ, ഇതിനായി അദ്ദേഹത്തിനു മേൽ സമ്മർദം ചെലുത്തില്ല. അന്തിമ തീരുമാനം അദ്ദേഹത്തിനു തന്നെ വിടാ‍ൻ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾക്കിടയിൽ ധാരണയായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA