പൊലീസ് മേധാവി: പട്ടിക യുപിഎ‌സ്‌സി തയാറാക്കും

supreme-court-2018-january
SHARE

ന്യൂഡൽഹി ∙ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കാവുന്നവരുടെ പട്ടിക തയാറാക്കേണ്ടത് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ് സി) തന്നെയെന്ന് സുപ്രീം കോടതി. സംസ്ഥാന നിയമത്തിന്റെ മാത്രം അടിസ്ഥാനത്തിൽ നിയമനത്തിന് അനുവദിക്കണമെന്ന കേരളമുൾപ്പെടെ 5 സംസ്ഥാനങ്ങളുടെ ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളിക്കളഞ്ഞു.

യുപിഎസ്‌സിയെന്ന നിർദേശം കർശനമായി പാലിക്കണമെന്ന് കഴിഞ്ഞ ജൂലൈ 3ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. യുപിഎസ്‌സി സമിതി ഡിജിപി, അഡീഷനൽ ഡിജിപി സ്ഥാനങ്ങളിലേക്കു പരിഗണിക്കാവുന്നവരുടെ പട്ടിക തയാറാക്കി നൽകിയത് 12 സംസ്ഥാനങ്ങളെങ്കിലും നടപ്പാക്കിയെന്നു യുപിഎസ്‌സി സെക്രട്ടറി രാകേഷ് കുമാർ ഗുപ്ത കോടതിയിൽ വ്യക്തമാക്കി. 4 സംസ്ഥാനങ്ങൾകൂടി ഈ രീതി നടപ്പാക്കാനുള്ള തയാറെടുപ്പിലാണ്. യുപിഎസ്‌സിക്കു പുറമേ കേന്ദ്രത്തിന്റെയും അതാതു സംസ്ഥാനങ്ങളുടെയും പ്രതിനിധികളും സമിതിയിലുണ്ടെന്നു ഗുപ്ത വിശദീകരിച്ചു.

ഭരണഘടനാ വ്യവസ്ഥകളനുസരിച്ച്, പൊലീസ് സംസ്ഥാന വിഷയമായതിനാൽ പൊലീസ് മേധാവിയെ തീരുമാനിക്കാനുള്ള അധികാരത്തിൽ ഇടപെടൽ പാടില്ലെന്നാണ് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വാദിച്ചത്. കേരളത്തിനുവേണ്ടി വിജയ് ഹൻസാരിയയും സ്റ്റാൻഡിങ് കൗൺസൽ ജി.പ്രകാശും ഹാജരായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA