കോൺഗ്രസ് വിമതർ രാജിവച്ചേക്കും; അണിയറ നീക്കങ്ങൾ സജീവമാക്കി ബിജെപി

karnataka-assembly-building
SHARE

ബെംഗളൂരു∙ കർണാടക സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തെ ചെറുക്കാൻ കോൺഗ്രസ് വിളിച്ചുചേർത്ത നിയമസഭാ കക്ഷിയോഗത്തിൽ നിന്നു വിട്ടുനിന്ന രമേഷ് ജാർക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവർക്കു പാർട്ടി കാരണം കാണിക്കൽ നോട്ടിസയച്ചു. ഇവർ രാജിവച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായെങ്കിലും ഇന്നലെയും ഇരുവരും വെളിച്ചത്തു വന്നില്ല.

രാജിവയ്ക്കുകയോ ഇവർക്കെതിരെ കോൺഗ്രസ് നടപടിയെടുക്കുകയോ ചെയ്താൽ അവസാന ശ്രമമെന്ന നിലയിൽ കൂടുതൽ എംഎൽഎമാരെ രാജിവയ്പിക്കാനും തുടർന്ന് അവിശ്വാസപ്രമേയം കൊണ്ടുവരാനും ബിജെപി ശ്രമിച്ചുകൂടെന്നില്ല. എന്നാൽ, ഇവർക്കു പുറമേ 11 പേരെയെങ്കിലും കൂടി മറുകണ്ടം ചാടിക്കാനായാലേ സർക്കാരിനെ അട്ടിമറിക്കാനാകൂ. ഈ നീക്കം വിലപ്പോവില്ലെന്ന ആത്മവിശ്വാസത്തിലാണു കോൺഗ്രസ്. 

അതിനിടെ, അട്ടിമറിക്ക് ഇല്ലെന്നു പ്രതികരിച്ച ബിജെപി സംസ്ഥാനാധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ, ഹരിയാന റിസോർട്ടിൽ നിന്നു പാർട്ടി എംഎൽഎമാരെ തിരിച്ചുവിളിച്ചെന്നും അറിയിച്ചു. 

അതേസമയം, കോൺഗ്രസ് എംഎൽഎമാർ ബിഡദിയിലെ ഈഗിൾടൺ, വണ്ടർലാ റിസോർട്ടുകളിൽ തുടരുകയാണ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഓരോരുത്തരുമായും ഇന്നു സ്വകാര്യ ചർച്ച നടത്തും. അതിനു ശേഷം ഭാവിനടപടികൾ തീരുമാനിക്കും.

ബിജെപി നീക്കം എളുപ്പമല്ല

∙ നിയമസഭാ അംഗബലം 224

∙ സീറ്റ് നില: ബിജെപി–104, കോൺഗ്രസ്–80, ദൾ–37, ബിഎസ്പി–1, കെപിജെപി–1, സ്വതന്ത്രൻ–1.

സർക്കാരിനുള്ള പിന്തുണ പിൻവലിച്ച കെപിജെപി, സ്വതന്ത്രൻ എന്നിവരെ കൂടി കൂട്ടിയാൽ ബിജെപിക്ക് 106.

രണ്ട് കോൺ. എംഎൽഎമാർ രാജിവച്ചാൽ സഭയുടെ അംഗബലം 222.

അപ്പോൾ കേവലഭൂരിപക്ഷത്തിനു വേണ്ടത് 112.

കൂറുമാറുന്നവർ അയോഗ്യരാകുമെന്നതിനാൽ 11 പേരെ കൂടി രാജിവയ്പിച്ച് സഭയുടെ അംഗബലം 211 ആക്കിയാലേ ബിജെപിക്കു കേവലഭൂരിപക്ഷം നേടാനാകൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA