വോട്ടിങ് യന്ത്രം ക്രമക്കേട്: പരാതിപ്പെട്ടവരിൽ അഡ്വാനിയും; കമ്മിഷന് എന്നും ഒരേ വാദം

kollam-evm
SHARE

ന്യൂഡൽഹി∙ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ മാറ്റി അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്നു 18 പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചു തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നൽകിയതാണ്. എന്നാൽ വോട്ടിങ് യന്ത്രങ്ങൾ കുറ്റമറ്റതാണ് എന്ന നിലപാട് തിരഞ്ഞെടുപ്പ് കമ്മിഷൻ അന്നും ഇന്നും ആവർത്തിക്കുകയാണ്. ബി ജെ. പിക്കും കേന്ദ്രസർക്കാരിനു മെതിരേ ആഞ്ഞടിക്കാൻ പ്രതിപക്ഷത്തിന് ഇത് ഒരായുധമാവും. 

ക്രമക്കേട് എങ്ങനെയെന്ന് ആം ആദ്മി പാർട്ടിയുടെ ഡൽഹി ഗ്രേറ്റർ കൈലാസ് എംഎൽഎയും ഇലക്ട്രോണിക്സ് എൻജിനീയറുമായ സൗരഭ് ഭരദ്വാജ് 2017ൽ നിയമസഭയിൽ ഉദാഹരണസഹിതം വിശദീകരിച്ചിരുന്നു. സഭ വോട്ടിങ് യന്ത്രത്തിനെതിരെ പ്രമേയവും പാസാക്കി. അന്ന് 5 പേജ് വിശദീകരണക്കുറിപ്പാണ് തിരഞ്ഞെടുപ്പു കമ്മിഷൻ മറുപടിയായി ഇറക്കിയത്. 

വോട്ടിങ് യന്ത്രം സംബന്ധിച്ച കേസുകൾ വിവിധ ഘട്ടങ്ങളിലായി അഞ്ചു ഹൈക്കോടതികളിൽ പരിഗണനയ്ക്കു വന്നു. മദ്രാസ് (2001), കേരളം (2002) ഡൽഹി, കർണാടക, ബോംബെ ഹൈക്കോടതി നാഗ്പുർ ബെഞ്ച് (മൂന്നും 2004) എന്നിവിടങ്ങളിലെല്ലാം വിധി വോട്ടിങ് യന്ത്രത്തിന് അനുകൂലമായിരുന്നുവെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു. 

വോട്ടിംഗ് യന്ത്രത്തിനെതിരെ എല്ലാ പാർട്ടികളും എപ്പോഴെങ്കിലുമൊക്കെ പരാതിപ്പെട്ടിട്ടുണ്ട്. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ എൽ. കെ. അഡ്വാനി തന്നെ സംശയം ഉന്നയിച്ചു. ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ആവശ്യത്തെ അന്ന് അരുൺ ജയ്റ്റ്ലിയും പിന്താങ്ങി. 

2014ൽ കോൺഗ്രസ്, 2017ൽ ബിഎസ്പി, എസ്പി, ആംആദ്മി നേതാക്കളും രംഗത്തുവന്നു.

എന്നാൽ ബാലറ്റിലേക്കു മടങ്ങണമെന്ന ആവശ്യം നടപ്പാകുമെന്നു തോന്നുന്നില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA