2014ൽ വോട്ടിങ് യന്ത്രത്തിൽ തിരിമറി നടന്നെന്ന് ‘സൈബർ വിദഗ്ധൻ’; മുണ്ടെ, ഗൗരി മരണത്തിന് ക്രമക്കേടുമായി ബന്ധം

Gopinath-Munde,-Gauri-Lankesh
SHARE

ലണ്ടൻ / ന്യൂഡൽഹി ∙ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേടു കാട്ടിയാണു 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതെന്ന ആരോപണവുമായി ‘സൈബർ വിദഗ്ധൻ’ രംഗത്ത്. നരേന്ദ്ര മോദി സർക്കാരിൽ അംഗമായിരുന്ന ഗോപിനാഥ് മുണ്ടെ, പത്രപ്രവർത്തക ഗൗരി ലങ്കേഷ് എന്നിവരുടേത് ഉൾപ്പെടെ ഏതാനും മരണങ്ങൾക്കു ക്രമക്കേടുമായി ബന്ധമുണ്ടെന്നും സയീദ് ഷുജ എന്നയാൾ ആരോപിച്ചു. 

ലണ്ടനിൽ ഇന്ത്യൻ ജേണലിസ്റ്റ്സ് അസോസിയേഷനും ഫോറിൻ പ്രസ് അസോസിയേഷനും സംഘടിപ്പിച്ച പരിപാടിയിൽ യുഎസിൽനിന്നു വിഡിയോ കോൺഫറൻസിങ്ങിലൂടെയാണു ഷുജ പങ്കെടുത്തത്. തിരഞ്ഞെടുപ്പു കമ്മിഷനുവേണ്ടി വോട്ടിങ് യന്ത്രം നിർമിക്കാറുള്ള ഇലക്ട്രോണിക്സ് കോർപറേഷൻ ഒാഫ് ഇന്ത്യയിൽ (ഇസിഐഎൽ) 2009 – 2014ൽ പ്രവർത്തിച്ചിരുന്നുവെന്നാണു ഷുജ അവകാശപ്പെട്ടത്. മരണത്തിൽനിന്ന് രക്ഷപ്പെട്ടതിനു പിന്നാലെ യുഎസിലി‍ രാഷ്ട്രീയ അഭയം തേടിയത്രേ.

സയീദ് ഷുജ പറഞ്ഞത് 

ക്രമക്കേടിനുള്ള മാർഗങ്ങളെക്കുറിച്ച് 2013 ജൂണിലാണ് എന്നോടും സംഘത്തോടും ഇസിഐഎല്ലിൽനിന്നു ചോദിച്ചത്. ഞങ്ങൾ പ്രോഗ്രാം തയാറാക്കി. ഗോപിനാഥ് മുണ്ടെ ഞങ്ങളുമായി ചർച്ച നടത്തി.

ക്രമക്കേട് നടക്കുന്നതായി ബോധ്യപ്പെട്ടത് 2014 ഏപ്രിൽ 30നാണ്. ഞങ്ങളുടെ മോഡുലേറ്ററിൽ വോട്ടിങ് യന്ത്രങ്ങളിലെ വിവരങ്ങൾ ലഭിച്ചുതുടങ്ങി.

ഇക്കാര്യം പുറത്തുവിടുമെന്നു പറഞ്ഞ് ബിജെപി നേതാക്കളെ ബ്ലാക്ക്മെയിൽ ചെയ്തു പണമുണ്ടാക്കാമെന്നു ഞങ്ങൾ ആലോചിച്ചു. അതനുസരിച്ച് 2014 മേയ് 12ന് ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്ത് ഒരു ബിജെപി നേതാവിനെ കാണാൻ പോയി. ഒരു മണിക്കൂറോളം കാത്തിരുന്നു. നേതാവിന്റെ  സുരക്ഷാ ഉദ്യോഗസ്ഥൻ ഞങ്ങൾക്കു നേരെ വെടിവച്ചു. ഞാനൊഴികെ എല്ലാവരും കൊല്ലപ്പെട്ടു. അടുത്ത ദിവസം ഹൈദരാബാദിലെ കിഷൻബാഹിൽ വർഗീയ കലാപമുണ്ടായി. അതിൽ മരിച്ചതായി ചിത്രീകരിച്ചത് എന്റെ സുഹൃത്തുക്കളെയാണ്. 

അന്നത്തെ മുഖ്യ തിര‍ഞ്ഞെടുപ്പു കമ്മിഷണർ വി.എസ്. സമ്പത്തിന് ക്രമക്കേട് അറിയാമായിരുന്നു. 

പരിഗണന ലഭിക്കാതിരുന്നപ്പോൾ, ക്രമക്കേട് പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയതോട ഗോപിനാഥ് മുണ്ടെ കൊലപ്പെട്ടു. മുണ്ടെയുടെ മരണം അന്വേഷിച്ച എൻഐഎ ഉദ്യോഗസ്ഥൻ തൻസീൽ അഹമ്മദ് എന്നോടു ക്രമക്കേടിന്റെ വിവരങ്ങൾ ചോദിച്ചിരുന്നു. കുറ്റപത്രം നൽകാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ അയാളും കൊല്ലപ്പെട്ടു.

യുപി, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുകളിലും ക്രമക്കേട് നടന്നു. എന്നാൽ, എന്റെ സുഹൃത്തുക്കൾ സാങ്കേതിക തടസ്സമുണ്ടാക്കി. ഡൽഹിയിൽ എഎപിക്ക് അനുകൂലമായ ഫലമുണ്ടായത് ഇങ്ങനെയാണ്. ആ വിജയവും യഥാർഥമല്ല. 

ഇതെ കുറിച്ച് വാർത്ത നൽകാൻ ഗൗരി ലങ്കേഷ് തയാറായിരുന്നു. വോട്ടിങ് യന്ത്രത്തിനുള്ള കേബിൾ നിർമാണത്തെക്കുറിച്ച് അവർ വിവരാവകാശ പ്രകാരം ചോദിച്ചതിനുപിന്നാലെ കൊല്ലപ്പെട്ടു.

നിയമനടപടി  സ്വീകരിക്കും: തിരഞ്ഞെടുപ്പു കമ്മിഷൻ

ക്രമക്കേട് നടത്താനാവില്ലെന്ന മുൻ നിലപാട് ആവർത്തിച്ച കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ, ഷുജയ്ക്കെതിരെ എന്തു നിയമനടപടി സാധ്യമാകുമെന്ന് ആലോചിക്കുകയാണെന്നും വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA