പാലിയേക്കര ടോൾ പ്ളാസയിൽ സംഘർഷം: ടോൾ പിരിവ് തടഞ്ഞു എഐവൈഎഫ് പ്രവർത്തകർ

toll
SHARE

പാലിയേക്കര∙ എഐവൈഎഫ് നവോത്ഥാന ജാഥയ്ക്ക് തെക്കൻ മേഖലയിൽ നിന്നെത്തിയ പ്രവർത്തകർ സമ്മേളനം കഴിഞ്ഞു മടങ്ങിയ വാഹനത്തിൽ പാലിയേക്കര ടോൾ ബൂത്തിലെ സ്റ്റോപ് ബാരിയർ ഇടിച്ച് ചില്ലുപൊട്ടിയതിനെ ചൊല്ലി സംഘർഷം. നഷ്ടപരിഹാരം ആവശ്യപ്പെട്ടത് ടോൾപ്ലാസ അധികൃതർ നിരാകരിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. ജാഥ കഴിഞ്ഞുമടങ്ങിയ 300ഓളം പ്രവർത്തകരാണ് ഇവിടെ തമ്പടിച്ചത്.

 രോഷാകുലരായ പ്രവർത്തകർ ടോൾബൂത്തുകൾ തുറന്ന് ഒരു മണിക്കൂർ നേരം വാഹനങ്ങൾ കടത്തിവിട്ടു. ടോൾപിരിവും നിർത്തിവയ്പ്പിച്ചു. ടോൾബൂത്തുകൾക്കു നേരെ ആക്രമണവും നടത്തി. സ്ഥിതി വഷളായതോടെ പുതുക്കാടും പൊലീസും സിപിഐയുടെ പ്രാദേശിക നേതാക്കളും സ്ഥലത്തെത്തി പ്രവർത്തകരോടും ടോൾപ്ലാസ അധികൃതരോടും ചർച്ച നടത്തി. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നു അധികൃതരെ പൊലീസ് ബോധ്യപ്പെടുത്തി. 

ചർച്ചയിൽ തീരുമാനമാകും വരെ പ്രവർത്തകർ ടോൾപ്ലാസ ഉപരോധിച്ച് മുദ്രാവാക്യം മുഴക്കി നിലയുറപ്പിച്ചു. ചിറയിൻകീഴിൽനിന്നുള്ള പ്രവർത്തകർ സഞ്ചരിച്ച ട്രാവലറിന്റെ ചില്ലാണ് പൊട്ടിയത്. നഷ്ടപരിഹാരമായി ആവശ്യപ്പെട്ട 10,000 രൂപ അധികൃതർ നൽകിയതോടെ പ്രതിഷേധം അവസാനിപ്പിച്ച് പ്രവർത്തകർ പിരിഞ്ഞുപോകുകയായിരുന്നു. സിപിഐ പുതുക്കാട് മണ്ഡലം സെക്രട്ടറി പി.ജി.മോഹനൻ, പി.കെ.ശേഖരൻ, എഐവൈഎഫ് നേതാക്കൾ എന്നിവർ ചേർന്നാണ് ചർച്ച നടത്തിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA