ബിജെപിയുടെ വിരട്ടൽ ഇവിടെ വേണ്ടെന്ന് മുഖ്യമന്ത്രി

pinarayi-vijayan
SHARE

തിരുവനന്തപുരം ∙ രാഷ്ട്രപതിഭരണം പറഞ്ഞുള്ള ബിജെപിയുടെ വിരട്ടൽ ഇവിടെ വേണ്ടെന്നും ആ കാലമൊക്കെ കഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘അതിനുള്ള ശേഷി നിങ്ങൾക്കില്ല. അക്രമം നടത്തുന്നവരെ അറസ്റ്റ് ചെയ്യേണ്ടെന്നാണോ പറയുന്നത്. അതു വേറെ സംസ്ഥാനത്തു പോയി പറഞ്ഞാൽ മതി. കേരളത്തോട് അക്കളി വേണ്ട. മറ്റു ചില സംസ്ഥാനങ്ങളിൽ പട്ടാപ്പകൽ കൊലപാതകം നടത്തിയാലും പിടികൂടാത്ത ഭരണസംവിധാനമാണുള്ളത്. ഇവരുടെ നേതൃത്വത്തിൽ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതി അതാണ്. ആ സംരക്ഷണം ഇവിടെ കിട്ടില്ല’’– പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ക്രമസമാധാനം തകരണമെന്ന് ആർഎസ്എസിനും ബിജെപിക്കും ആഗ്രഹമുണ്ട്. അതിനുള്ള നടപടി അവരെടുക്കുന്നു. ഹർത്താലിൽ ബോധപൂർവം അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമസംഭവങ്ങളിൽ 91.71% നടത്തിയതും സംഘപരിവാർ സംഘടനകളാണ്. മറ്റു ചിലതൊക്കെ മനസ്സിൽ കണ്ട് ആസൂത്രണം ചെയ്തതായിരുന്നു അതൊക്കെ. പ്രതീക്ഷിച്ചത് അതേപടി നടക്കാത്തതിൽ അവർക്കു നിരാശയുണ്ട്. ജനപ്രതിനിധികൾക്കും മാധ്യമപ്രവർത്തകർക്കും വീടുകൾക്കും പൊതു സ്ഥാപനങ്ങൾക്കും നേരെ ആക്രമണം ഉണ്ടായി, പാർട്ടി ഓഫിസ് തകർത്തു. എന്നിട്ടും കേരളം സമാധാനപൂർവം മുന്നോട്ടു പോകുന്നു. ശബരിമലയിലേക്കു മറ്റു സംസ്ഥാനങ്ങളിൽ നിന്നു തീർഥാടകർ വരുന്നു.

രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതൃത്വത്തിലാണു ക്രമസമാധാനം തകർക്കാൻ ശ്രമിച്ചത്. എന്നിട്ടു കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് അവർ തന്നെ പ്രചരിപ്പിക്കുന്നു. അവർ വിചാരിച്ചാൽ ഇവിടെ ഭരണം സ്തംഭിക്കില്ല. ക്രമസമാധാനം തകരില്ല. അക്രമത്തിൽ ജനങ്ങളാണു പീഡനം അനുഭവിക്കുന്നത്. അതിനെതിരെ ശക്തമായ നടപടിയെടുക്കും. തലശ്ശേരിയിൽ ആക്രമണം തുടങ്ങിയത് ആർഎസ്എസ് ആണ്. അതിനു ശേഷം ചില സംഭവങ്ങൾ ഉണ്ടായി. എന്തിനാണ് ആക്രമണം തുടങ്ങിയത്. അതു നിർത്തുകയാണ് അവർ ആദ്യം ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA