എജിയുടെ വാദം പൊളിഞ്ഞു; 14 വർഷം പൂർത്തിയാക്കിയത് അഞ്ചിൽ താഴെ തടവുകാർ

prison
SHARE

തിരുവനന്തപുരം∙ കഴിഞ്ഞ ഇടതു സർക്കാർ അധികാരമൊഴിയും മുൻപു ശിക്ഷായിളവു നൽകി മോചിപ്പിച്ച 209 ജീവപര്യന്തം തടവുകാരിൽ 14 വർഷം തടവു പൂർത്തിയാക്കിയത് അഞ്ചിൽ താഴെ പേർ മാത്രം. 10 വർഷത്തെ ശിക്ഷ പൂർത്തിയാക്കിയത് നൂറിൽ താഴെ. അന്നു മോചിപ്പിച്ചവരുടെ വിശദാംശം ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം പരിശോധിച്ചപ്പോഴാണ് ഈ കണ്ടെത്തൽ.

ഈയിടെ 36 തടവുകാരെ മോചിപ്പിക്കാനുള്ള സർക്കാർ ശുപാർശ ഗവർണർ മടക്കിയതിനു പിന്നാലെയാണു വിഷയം ഹൈക്കോടതിയിൽ എത്തിയത്. സർക്കാരിന് ഇതിന് അധികാരമുണ്ടെന്നും 2011 ഫെബ്രുവരി രണ്ടിന് അന്നത്തെ സർക്കാർ ഇത്തരത്തിൽ തടവുകാരെ മോചിപ്പിച്ചിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറൽ സി.പി. സുധാകരപ്രസാദ് ഹൈക്കോടതിയെ അറിയിച്ചു. 10 വർഷത്തെ ശിക്ഷ പൂർത്തിയാക്കിയവരെയാണ് അന്നു വിട്ടയച്ചതെന്നും പട്ടിക സഹിതം അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ യഥാർഥത്തിൽ 14 വർഷത്തെ ശിക്ഷ അനുഭവിക്കേണ്ടവർ ഇതിൽ എത്ര പേരുണ്ടെന്ന് അറിയിക്കാൻ ഡിവിഷൻ ബഞ്ച് ആവശ്യപ്പെട്ടു.

തുടർന്നുള്ള പരിശോധനയിലാണ് ഈ കണക്കു വെളിപ്പെട്ടത്. ഇവരിൽ 111 പേർ നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നായിരുന്നു. കണ്ണൂർ –45, ചീമേനി–24, വനിതാ ജയിൽ–ഒന്ന്, പൂജപ്പുര –28 എന്നിങ്ങനെയാണു സെൻട്രൽ ജയിലുകളിൽ നിന്നു വിട്ടയച്ചത്. ഒരു സെൻട്രൽ ജയിലിൽ ഒഴികെ എല്ലായിടത്തും 14 വർഷം പൂർത്തിയാക്കാത്തവരെയാണു വിട്ടയച്ചത്. 10 വർഷം ശിക്ഷ പൂർത്തിയാക്കിയവർ പോലും 100 ൽ താഴെയാണ്.

ഈ കണക്കു ഹൈക്കോടതിയിൽ സമർപ്പിക്കുന്നതോടെ ഇപ്പോൾ സമർപ്പിച്ച പട്ടികയിലെ 36 പേരുടെ മോചനം വീണ്ടും കുരുക്കിലാകും. കേന്ദ്ര സർക്കാർ തീരുമാനപ്രകാരം ഗാന്ധിജിയുടെ 150–ാം ജന്മവാർഷികത്തോടനുബന്ധിച്ചു 120 തടവുകാരെ മോചിപ്പിക്കാൻ ജയിൽ വകുപ്പു ശുപാർശ നൽകിയിരുന്നു. അതു ഗവർണർ മടക്കിയതോടെ മൂന്നംഗ ഉന്നതതല സമിതി വീണ്ടും പരിശോധിച്ചു 36 പേരുടെ പട്ടിക നൽകി. ഹൈക്കോടതിയുടെ അനുമതിയില്ലാതെ തടവുകാരെ മോചിപ്പിക്കരുതെന്ന ഉത്തരവും നിലവിലുണ്ട്. അതിനാലാണു ഗവർണർ രണ്ടാമത്തെ പട്ടികയും മടക്കിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA