റിട്ട. അധ്യാപികയുടെ വീടിനു ബോംബേറ്: അന്വേഷണം പ്രഹസനമെന്നു പരാതി

SHARE

കാസർകോട് ∙ തന്റെ വീടിനു നേരെയുണ്ടായ ബോംബ് ആക്രമണം സംബന്ധിച്ച അന്വേഷണം പൊലീസ് മനഃപൂർവം വൈകിപ്പിക്കുന്നുവെന്നു കാഞ്ഞങ്ങാട് നെഹ്‍റു കോളജ് മുൻ പ്രിൻസിപ്പൽ ഡോ.പി.വി.പുഷ്പജ. ആക്രമണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. പൊലീസിൽ നിന്നു തനിക്കു വ്യക്തമായ വിവരങ്ങളൊന്നും ലഭിക്കുന്നില്ലെന്നും ഡോ.പുഷ്പജ പറഞ്ഞു.

കാലിക്കടവിൽ ശബരിമല കർമസമിതിയുടെ അയ്യപ്പജ്യോതി ഉദ്ഘാടനം ചെയ്തതു പുഷ്പജയാണ്. ബിജെപി അനുഭാവമുള്ള ടിവി ചാനലിന് അഭിമുഖവും നൽകിയിരുന്നു. അതിനെ തുടർന്ന് ഈ മാസം രണ്ടിനു കൊടക്കാടുള്ള പുഷ്പജയുടെ വീടിനു മുൻപിലൂടെ ഒരു സംഘം പ്രതിഷേധപ്രകടനം നടത്തി. അന്ന് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. എറണാകുളത്തു സഹോദരിയുടെ വീട്ടിലായിരുന്ന ഡോ.പുഷ്പജയും ഭർത്താവും മടങ്ങിയെത്തിയപ്പോഴാണു സൺ ഷേഡിലേക്കു ബോംബ് ആക്രമണം നടന്നത് അറിയുന്നത്.

എന്നാൽ പരാതിപ്പെട്ട ദിവസം ചീമേനി പൊലീസ് സ്ഥലത്തെത്തി തെളിവു ശേഖരിച്ചതല്ലാതെ മറ്റു നടപടികൾ ഉണ്ടായില്ല. കഴിഞ്ഞ ദിവസം എസ്പി ഓഫിസ് വനിതാ സെല്ലിൽ നിന്നെന്നു പരിചയപ്പെടുത്തിയ ഉദ്യോഗസ്ഥ വീട്ടിലെത്തി വീണ്ടും വിവരം ചോദിച്ചറിഞ്ഞതല്ലാതെ തുടർനടപടികളുണ്ടായില്ല. ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദം കാരണം പൊലീസ് പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കുന്നതായി സംശയമുണ്ടെന്നും  ഡോ.പുഷ്പജ പറഞ്ഞു. അന്വേഷണം നടക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. ഇതുവരെ 8 പേരെ ചോദ്യം ചെയ്തു. സ്റ്റീൽ ബോംബ് ആണ് എറിഞ്ഞതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA