ബാങ്കിൽ അക്രമം: എൻജിഒ യൂണിയൻ നേതാവ് ഒളിവിൽ

ngo-union-bank-attack
SHARE

തിരുവനന്തപുരം ∙ അഖിലേന്ത്യാ പണിമുടക്കു ദിവസം സെക്രട്ടേറിയറ്റിനു മുന്നിലെ എസ്ബിഐ ട്രഷറി മെയിൻ ശാഖയിലെ മാനേജരുടെ കാബിൻ അടിച്ചുതകർക്കാൻ നേതൃത്വം നൽകിയ സിപിഎം ആഭിമുഖ്യമുളള എൻജിഒ യൂണിയന്റെ  സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബുവിനെ പൊലീസ് തിരിച്ചറിഞ്ഞു. ബാങ്ക് ശാഖയിലെ സിസി ടിവി പരിശോധിച്ചാണു തിരിച്ചറിഞ്ഞത്. ചരക്ക്, സേവന നികുതി ഇൻസ്പെക്ടറായ സുരേഷ് ബാബു ഒളിവിലാണ്. കരമനയിലെ ഓഫിസായ ടാക്സ് ടവേഴ്സിലും വീട്ടിലും എത്തിയിട്ടില്ലെന്നു കന്റോൺമെന്റ് പൊലീസ് അറിയിച്ചു.

കഴിഞ്ഞദിവസം സ്റ്റേഷനിൽ കീഴടങ്ങിയതിനെത്തുടർന്നു റിമാൻഡിലായ യൂണിയൻ തൈക്കാട് ഏരിയ സെക്രട്ടറി എ.അശോകൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.വി.ഹരിലാൽ എന്നിവരുടെ ജാമ്യാപേക്ഷ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി. അക്രമം അതീവഗൗരവമുള്ളതാണെന്നും ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്. 24 വരെയാണു റിമാൻഡ്.

ജില്ല ട്രഷറി ഓഫിസിലെ ക്ലാർക്കായ അശോകനും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഓഫിസ് അറ്റൻഡന്റായ ഹരിലാലും ജാമ്യമില്ലാത്ത കുറ്റത്തിനു റിമാൻഡിലായ വിവരം പൊലീസ് ഇവരുടെ ഓഫിസുകളിൽ അറിയിക്കും. തുടർന്ന് ഇരുവരെയും സസ്പെൻഡ് ചെയ്യും. സിസിടിവിയിലെ ദൃശ്യങ്ങളിൽ നിന്ന് 9 യൂണിയൻ നേതാക്കളും പ്രവർത്തകരും അക്രമത്തിൽ പങ്കാളികളാണെന്നു  പൊലീസ് സ്ഥിരീകരിച്ചു.

ട്രഷറി മെയിൻ ശാഖയ്ക്കു മുകളിൽ പ്രവർത്തിക്കുന്ന എസ്ബിഐ സിറ്റി ശാഖയിലെ വനിത ജീവനക്കാർ തങ്ങളെ   അക്രമികൾ അസഭ്യം വിളിച്ചു ഭീഷണിപ്പെടുത്തിയെന്നു ബാങ്ക് റീജനൽ മാനേജർക്കു പരാതി നൽകി. പരാതി പൊലീസിനു കൈമാറിയിട്ടില്ല. അഖിലേന്ത്യാ പണിമുടക്കിന്റെ രണ്ടാംദിനമായ കഴിഞ്ഞ ബുധനാഴ്ച രാവിലെ 10ന് അക്രമികൾ ആദ്യം ഒന്നാം നിലയിലെ സിറ്റി ശാഖയിൽ കയറി ഭീഷണിപ്പെടുത്തി അടപ്പിച്ചതിനുശേഷമാണു താഴത്തെ നിലയിലെ ട്രഷറി മെയിൻ ശാഖയിലെത്തി മാനേജരുടെ കാബിൻ അടിച്ചുതകർത്തത്.

കേസ് ഒതുക്കിത്തീർക്കാൻ ശ്രമം

എസ്ബിഐ ശാഖയിൽ ആക്രമണം നടത്തിയ സർക്കാർ ജീവനക്കാരായ പ്രതികളെ രക്ഷിക്കാൻ സിപിഎം നേതാക്കൾ രംഗത്ത്. അറസ്റ്റിലായാൽ കുടുംബം വഴിയാധാരമാകുമെന്ന വൈകാരികായുധം ഉപയോഗിച്ചു കേസ് ഒതുക്കിത്തീർക്കാനാണു ശ്രമം. എസ്ബിഐയിലെ ഇടത് അനുകൂല സംഘടനകൾ വഴിയാണു നീക്കം. പൊതുമേഖലാ സ്ഥാപനത്തിന്റെ ചെയർമാനായ നേതാവാണു ബാങ്ക് യൂണിയൻ ഭാരവാഹികളുമായി സംസാരിക്കുന്നത്. നഷ്ടപരിഹാരം ഉൾപ്പെടെ എന്തു പ്രായശ്ചിത്തം ചെയ്യാനും തയാറാണെന്നു ഭാരവാഹികളെ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA