ശിക്ഷയിളവ്: സാമൂഹിക പ്രത്യാഘാതം പരിഗണിക്കണമെന്ന് െഹെക്കോടതി

high-court-kerala-5
SHARE

കൊച്ചി ∙ തടവുകാരുടെ ശിക്ഷയിളവിനുള്ള സവിശേഷ അധികാരം വിനിയോഗിക്കുമ്പോൾ സമൂഹത്തിലും ഇരകളുടെ കുടുംബത്തിലും അതുണ്ടാക്കുന്ന പ്രത്യാഘാതം വിലയിരുത്തേണ്ടതാണെന്നു ഹൈക്കോടതി. ഭാവിയിൽ അതുണ്ടാക്കുന്ന കീഴ്‌വഴക്കവും പരിഗണിക്കണമെന്ന് വിഎസ് സർക്കാരിന്റെ കാലത്ത് 2011 ൽ 209 പേർക്ക് അനുവദിച്ച മോചനം റദ്ദാക്കിക്കൊണ്ടുള്ള വിധിയിൽ കോടതി ചൂണ്ടിക്കാട്ടി.

മുൻ എൽഡിഎഫ് സർക്കാരിന്റെ അവസാനകാലത്തുണ്ടായ തീരുമാനമാണു റദ്ദാക്കിയത്. 23 വർഷം ജയിലിൽ കഴിഞ്ഞിട്ടും ഇളവിനു പരിഗണിക്കുന്നില്ലെന്നു കാണിച്ച് ഒരു തടവുകാരന്റെ ഭാര്യ നൽകിയ ഹർജിയും ഭർത്താവിന്റെ കൊലയാളികളെ ഇളവുനൽകി വിട്ടയച്ചതു തനിക്കും മകനും ഭീഷണിയാണെന്നു വാദിച്ച് ഒരു സ്ത്രീ നൽകിയ ഹർജിയും ഇൗ വിഷയത്തിലെ പൊതുതാൽപര്യ ഹർജിയും ഉൾപ്പെടെയുള്ളവയാണു ഡിവിഷൻ ബെഞ്ചിൽ നിന്നു ഫുൾബെഞ്ചിലേക്കു റഫർ ചെയ്തത്. ക്രിമിനലുകളെ വിട്ടയയ്ക്കുന്നതു സമൂഹത്തിലുണ്ടാക്കുന്ന ഗുരുതര പ്രത്യാഘാതങ്ങൾ പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയുമുണ്ടായിരുന്നു.

ജയിലുകളിൽ തിരക്കു മൂലം മിനിമം സൗകര്യങ്ങൾ പോലും നൽകാനാവുന്നില്ലെന്നും ജയിലിൽ തുടരാൻ അനുവദിക്കുന്നതു വൻചെലവാണെന്നും മാനസാന്തരം വന്നവരെയും സമൂഹത്തിനു ഭീഷണിയാകാത്തവരെയും 10 വർഷത്തിലേറെ തടഞ്ഞുവയ്ക്കേണ്ടതില്ലെന്നും വിലയിരുത്തിയാണ് ഇളവെന്നു സർക്കാരിന്റെ ഫയലിലുണ്ട്.

ഭരണഘടനയിലെ 161 –ാം അനുച്ഛേദം അനുസരിച്ച് ഗവർണർക്കുള്ള അധികാരം ഉപയോഗിച്ചാണ് ഇളവെന്നും സർക്കാർ മാർഗരേഖ പാലിക്കുന്നുണ്ടെന്നും അഡ്വക്കറ്റ് ജനറൽ ബോധിപ്പിച്ചു. മാർഗരേഖകളിൽ അപാകത കാണാത്ത നിലയ്ക്കു കോടതിക്ക് ഇടപെടാനാവില്ലെന്നും വാദിച്ചു. ശിക്ഷയിളവിനു ഗവർണർക്കുള്ള അധികാരത്തെക്കുറിച്ചു തർക്കമില്ലെന്നും എന്നാൽ, അധികാര വിനിയോഗത്തിന്റെ നടപടിക്രമങ്ങളും സാഹചര്യങ്ങളും വിലയിരുത്താവുന്നതാണെന്നും കോടതി പറഞ്ഞു.

കേരളപ്പിറവി ശിക്ഷയിളവ്: തീരുമാനമാകാത്തതിനാൽ ഹർജി തള്ളി

കൊച്ചി ∙ കേരളപ്പിറവിയുടെ അറുപതാം വാർഷികാഘോഷത്തോടനുബന്ധിച്ചു 2017ൽ, തടവുകാർക്കു കൂട്ടത്തോടെ ശിക്ഷയിളവു നൽകാൻ തയാറാക്കിയ പട്ടികയും നിയമക്കുരുക്കിലായിരുന്നെങ്കിലും സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നു കണ്ട് ഹൈക്കോടതി ഇടപെട്ടില്ല. കൂട്ടത്തോടെയുള്ള ശിക്ഷയിളവ് തടയണമെന്ന് ആവശ്യപ്പെട്ടു തൃശൂർ സ്വദേശി പി.ഡി. ജോസഫ് നൽകിയ ഹർജിയാണു തള്ളിയത്. മോചനത്തിനു പരിഗണിക്കുന്ന തടവുകാരുടെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം പുറത്തുവന്നിരുന്നു. ആദ്യം തയാറാക്കിയ 2,262 പേരുടെ പട്ടിക വിശദമായി പരിശോധിച്ച് വെട്ടിച്ചുരുക്കി 739 പേരെയാണു പരിഗണിക്കുന്നതെന്നും അന്തിമതീരുമാനം ആയിട്ടില്ലെന്നും എജി അറിയിച്ചു.

മോചിപ്പിച്ചത് മുൻപ് സുപ്രീം കോടതി ശരിവച്ച ചരിത്രം

തിരുവനന്തപുരം ∙ ശിക്ഷയിളവു സംബന്ധിച്ചു സുപ്രീം കോടതിയുടെ ഒന്നിലേറെ ഉത്തരവുകളുണ്ട്. അതു ചൂണ്ടിക്കാട്ടിയാകും സർക്കാരിന്റെ അപ്പീൽ നീക്കം. 2001 ൽ ഇ.കെ. നായനാർ സർക്കാർ 443 തടവുകാരെ മോചിപ്പിച്ചിരുന്നു. ഇതിനെതിരായ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചപ്പോൾ ഓരോ കേസും പ്രത്യേകം പരിശോധിച്ചു മനസ്സിരുത്തി വേണം ശിക്ഷയിളവ് എന്നു ഹൈക്കോടതി നിർദേശിച്ചു. അതിനെതിരായ അപ്പീൽ പരിഗണിച്ച സുപ്രീം കോടതി അന്നത്തെ സർക്കാർ ഉത്തരവു ശരിവയ്ക്കുകയായിരുന്നു.

209 പേരുടെ മോചനം നീതിയുക്‌തമാണോ എന്ന വിഷയം 2011 ൽ തന്നെ ഫുൾബെഞ്ച് മുൻപാകെ എത്തിയിരുന്നു. ഭരണഘടന 161-ാം അനുച്‌ഛേദമനുസരിച്ചും ക്രിമിനൽ നടപടി ചട്ടത്തിലെ വ്യവസ്‌ഥ പ്രകാരവും ശിക്ഷയിളവിനുള്ള വിവേചനാധികാരം ഗവർണർക്കുണ്ടെന്നാണു സർക്കാർ വ്യക്തമാക്കിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA