തിരഞ്ഞെടുപ്പിലേക്ക് മുന്നണികൾ; യുഡിഎഫ്, എൽഡിഎഫ് നേതൃയോഗങ്ങൾ ഇന്ന്

Election
SHARE

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തീവ്രമുന്നൊരുക്കങ്ങളിലേക്കു കടക്കാനായി യുഡിഎഫും എൽഡിഎഫും ഇന്നു നേതൃയോഗങ്ങൾ ചേരും. ഇടതുമുന്നണിയുടെ കേരളയാത്ര സംബന്ധിച്ച് ഇന്നത്തെ യോഗം തീരുമാനമെടുക്കും. കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള കേരളപര്യടനം കോൺഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു. മുന്നണി വിപുലീകരിച്ചശേഷമുള്ള ആദ്യത്തെ എൽഡിഎഫ് യോഗവുമാണിത്. ഐഎൻഎൽ, ജനാധിപത്യ കേരളകോൺഗ്രസ്, കേരളകോൺഗ്രസ്–ബി, ലോക്താന്ത്രിക് ജനതാദൾ എന്നീ പുതിയ ഘടകകക്ഷികൾ പങ്കെടുക്കും. ഓരോ കക്ഷിയേയും പ്രതിനിധീകരിച്ചു രണ്ടുപേർ വീതമെത്താനാണു നിർദേശിച്ചിരിക്കുന്നത്. വനിതാമതിലിനു ശേഷമുള്ള മറ്റു രാഷ്ട്രീയപ്രചാരണപരിപാടികൾ ആലോചിക്കുന്ന യോഗം നവോത്ഥാനമൂല്യ സംരക്ഷണസമിതിയുടെ സഹകരണത്തെക്കുറിച്ചും ചർച്ച ചെയ്യും. ആലപ്പാട് ഖനനവിഷയത്തിൽ സിപിഐയുടെ വ്യത്യസ്താഭിപ്രായം സംസ്ഥാനസെക്രട്ടറി കാനം രാജേന്ദൻ ഇന്നലെയും ആവർത്തിച്ചു. മുഖ്യമന്ത്രി വിളിച്ചുചേർക്കുന്ന യോഗത്തിൽ പ്രശ്നപരിഹാരമുണ്ടാകുമോയെന്നു സിപിഐ ഉറ്റുനോക്കുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നണിയുടെ കൂട്ടായ തയാറെടുപ്പുകളാണു യുഡിഎഫ് യോഗത്തിന്റെയും അജൻഡ. മുല്ലപ്പള്ളി രാമചന്ദ്രനെ കൂടാതെ ജോസ്.കെ. മാണിയുടെ കേരളയാത്ര കേരളകോൺഗ്രസ്സും(എം) പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമല വിഷയത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ യോഗം ആലോചിക്കും. യുഡിഎഫിന്റെ ഭാഗമാകണമെന്നാവശ്യപ്പെട്ട് ഏതാനും കക്ഷികൾ മുന്നണിയെ സമീപിച്ചിട്ടുണ്ട്. ഇവരിൽ പി.സി. ജോർജിന്റെ ജനപക്ഷത്തിനെതിരെ മുസ്‌ലിംലീഗും കേരളകോൺഗ്രസും നിലപാടെടുത്തു കഴിഞ്ഞതിനാൽ കോൺഗ്രസിന്റെ സമീപനമായിരിക്കും പ്രധാനം. സീറ്റ് വിഭജനം സംബന്ധിച്ചു മുന്നണിയോഗങ്ങളിൽ പ്രാഥമിക ചർച്ചകളെ പ്രതീക്ഷിക്കുന്നുള്ളൂ. 

പങ്കെടുക്കുമോ വിഎസ്?

എൽഡിഎഫ് വിപുലീകരണത്തോടു പരസ്യവിയോജിപ്പ് പ്രകടിപ്പിച്ച മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അവരെ കൂടി പങ്കെടുപ്പിച്ചുള്ള ആദ്യ യോഗത്തിൽ പങ്കെടുക്കുമോ? ഐഎൻഎല്ലിനെയും പിള്ള ഗ്രൂപ്പിനെയും എൽഡിഎഫിലെടുത്തതിൽ വിഎസ് അമർഷത്തിലാണ്. ഈ തീരുമാനമെടുത്ത എൽഡിഎഫ് യോഗത്തിൽ നിന്നു വിട്ടുനിന്ന വിഎസ് അതിനു മുമ്പുള്ള യോഗത്തിലും പങ്കെടുത്തിരുന്നില്ല. യോഗത്തിനെത്തിയാൽ ആർ. ബാലകൃഷ്ണപിളളയും വിഎസും ഒരുമിച്ചു മുന്നണി യോഗത്തിൽ പങ്കെടുക്കുന്നതിന് എകെജി സെന്റർ വേദിയൊരുക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA