യഥാർഥ നവോത്ഥാനം സാമ്പത്തിക സംവരണം യാഥാർഥ്യമായത് : എൻഎസ്എസ്

SHARE

ചങ്ങനാശേരി ∙ സാമ്പത്തിക സംവരണം യാഥാർഥ്യമായതാണു യഥാർഥ നവോത്ഥാനമെന്നു എൻഎസ്എസ് മുഖപത്രം. നിലവിലുള്ള സംവരണ വ്യവസ്ഥകൾക്കു മാറ്റം വരുത്താതെ മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ചരിത്രപരവും അഭിനന്ദനാർഹവുമാണ്. സംവരണ സമ്പ്രദായത്തെക്കുറിച്ചു പഠനം നടത്തി സാമൂഹിക നീതി എല്ലാ വിഭാഗങ്ങൾക്കും ഉറപ്പു വരുത്താനുള്ള നടപടികളിൽ ആയിരുന്നു കേന്ദ്ര സർക്കാർ എന്ന് ഇപ്പോഴത്തെ തീരുമാനം തെളിയിക്കുന്നു.

സംവരണം സാമ്പത്തികാടിസ്ഥാനത്തിൽ വേണമെന്ന ആവശ്യം വർഷങ്ങൾക്കു ൻപേ ഉന്നയിച്ചത് സമുദായാചാര്യനായ മന്നത്തു പത്മനാഭനാണ്. ആ ലക്ഷ്യം നേടാനുള്ള ശ്രമത്തിലായിരുന്നു എൻഎസ്എസ് ഇക്കാലമത്രയും. മുന്നാക്കമെന്ന പേരിൽ അവഗണിക്കപ്പെട്ട വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ സംവരണത്തിന്റെ ഫലം അനുഭവിക്കുമ്പോൾ എൻഎസ്എസ് കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ അഭിമാനം കൊള്ളുന്നുവെന്നും ‘സർവീസ്’ ജനുവരി 15 ലെ മുഖപ്രസംഗം പറയുന്നു.

മന്നത്തു പത്മനാഭന്റെ കാലം മുതൽ മാറി മാറി വന്ന സർക്കാരുകളോടു എൻഎസ്എസ് സംവരണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സമുദായത്തെ ആരുടെയും തൊഴുത്തിൽ കെട്ടാതെ അക്രമ രഹിതമായ പ്രതിഷേധവും സമ്മേളനങ്ങളുമാണു നടത്തിയത്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തുന്നതിനു നിയമിച്ച സിൻഹു കമ്മിഷന് വസ്തുനിഷ്ഠമായ തെളിവുകളും വിവരങ്ങളും എൻഎസ്എസ് നൽകി.

കഴിഞ്ഞ യുപിഎ സർക്കാർ സിൻഹു കമ്മിഷൻ റിപ്പോർട്ടിൽ നടപടി എടുത്തില്ലെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. എൻഡിഎ സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നിവേദനം നൽകി. നടപടി എടുക്കാത്തതിനാൽ കഴിഞ്ഞ 4 വർഷമായി ബജറ്റ്, മന്നം ജയന്തി സമ്മേളനങ്ങളിൽ പ്രമേയങ്ങൾ അവതരിപ്പിച്ചിരുന്നു. സാമൂഹിക നീതി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീതി ബോധവും ഇച്ഛാശക്തിയും ഇതിലൂടെ തെളിഞ്ഞതായി മുഖപത്രം പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA