ശബരിമല: പട്ടിക തിരുത്തുന്നു; അന്വേഷണത്തിന് എഡിജിപി

sabarimala...
SHARE

തിരുവനന്തപുരം ∙ ശബരിമല കയറിയ 10 – 50 പ്രായഗണത്തിലുള്ള സ്ത്രീകളുടെ പട്ടികയിലെ തെറ്റുകൾ കണ്ടെത്തി തിരുത്താൻ ഡിജിപിക്കു സർക്കാരിന്റെ നിർദേശം. സർക്കാരിനു തിരിച്ചടിയായ പിഴവ് സംഭവിച്ചതെങ്ങനെയെന്ന് അന്വേഷിക്കാൻ എഡിജിപി അനിൽ കാന്തിനെ ചുമതലപ്പെടുത്തി. 51 പേരിൽ 3 പുരുഷന്മാരും 50 വയസ്സു കഴിഞ്ഞ 17 സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണു പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. വിശദ പരിശോധനയ്ക്കു ശേഷം പുതിയ പട്ടിക കൈമാറും. നാണക്കേടായ പൊലീസ് കണക്കിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറും രംഗത്തെത്തി.

പൊലീസിനു സംഭവിച്ച പിഴവിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നു സുപ്രീം കോടതിയിൽ സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകർ പറയുന്നു. എന്നാൽ, പിഴവുകളുണ്ടാകാമെന്ന മുന്നറിയിപ്പോടെയാണു പട്ടിക കൈമാറിയതെനനാണു പൊലീസിന്റെ വാദം. അതിനിടെ, നിലവിലെ പട്ടികയിലെ പുരുഷന്മാരുടെ പേര് മാത്രമാകും ഒഴിവാക്കുകയെന്ന് അഭിഭാഷകർ പറഞ്ഞു.

ദർശനത്തിന് ഓൺലൈനായി റജിസ്റ്റർ ചെയ്യുമ്പോൾ നൽകുന്ന രേഖകളുടെ ഉത്തരവാദിത്തം അപേക്ഷകർക്കാണെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. തെറ്റുണ്ടായാൽ അപേക്ഷകർ തിരുത്തണം. അവർ സമർപ്പിക്കുന്ന േരഖകൾ വിശ്വാസത്തിലെടുക്കാനേ കഴിയൂ എന്നും അറിയിച്ചു.

അതേസമയം, സുപ്രീം കോടതിയിൽ കൊടുത്ത പട്ടികയുടെ ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. പട്ടിക നൽകിയതു ദേവസ്വം വകുപ്പ് അല്ലെന്നും ഇതു സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്നുമായിരുന്നു മന്ത്രി കടകംപള്ളിയുടെ പ്രതികരണം. തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും പട്ടിക നൽകിയവർ പറയട്ടെയെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പ്രതികരിച്ചു.

ഉത്തരവാദിത്തം സർക്കാരിന്: കാനം, പിന്നിൽ രാഷ്ട്രീയം: മുല്ലപ്പള്ളി

മലപ്പുറം/മഞ്ചേരി ∙ ശബരിമലയിലെത്തിയ യുവതികളുടെ പട്ടിക സംബന്ധിച്ച പൂർണ ഉത്തരവാദിത്തം സർക്കാരിനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സുപ്രീം കോടതി പോലൊരു സംവിധാനത്തിന് പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടു തന്നെയായിരിക്കും വിവരങ്ങൾ നൽകിയിട്ടുണ്ടാവുക. വിവരങ്ങൾ തെറ്റാണെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, പട്ടിക പാർട്ടി ഓഫിസിലല്ല ഇരിക്കുന്നതെന്നും സർക്കാരാണ് അത് കൈകാര്യം ചെയ്യുന്നതെന്നും കാനം മറുപടി നൽകി.

∙ യുവതികളുടെ പട്ടിക നൽകിയതിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്നും സത്യവിരുദ്ധമായ റിപ്പോർട്ട് നൽകി സംസ്ഥാനത്തെ അപമാനിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പ്രശ്നങ്ങൾ സൃഷ്ടിച്ച് സംസ്ഥാനത്തെ കലാപഭൂമിയാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്. പ്രളയാനന്തര പുനർനിർമിതിയിൽ പരാജയപ്പെട്ട സർക്കാരിനു അതു മറയ്ക്കാൻ വീണുകിട്ടിയ വിഷയമാണ് ശബരിമലയെന്നും മുല്ലപ്പള്ളി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA