താന്ത്രികാവകാശം കുടുംബപരം; തന്ത്രിയെ മാറ്റാനാകില്ല: നിലപാടിലുറച്ച് താഴമൺ കുടുംബം

Sabarimala-Temple-1
SHARE

ആലപ്പുഴ ∙ ശബരിമലയിലെ താന്ത്രികാവകാശം കുടുംബപരമായി കിട്ടുന്നതാണെന്നും ദേവസ്വം ബോർഡ് നിയമനമല്ലെന്നും താഴമൺ മഠം. തന്ത്രിയുടെ അധികാരത്തെ ചോദ്യം ചെയ്യാൻ സർക്കാരിനോ ദേവസ്വം ബോർഡിനോ അവകാശമില്ല. ക്ഷേത്രത്തിലെ അടിയന്തിരങ്ങൾക്കു പ്രതിഫലമായി ദേവസ്വം ബോർഡ് നൽകുന്നതു ദക്ഷിണയാണ്, ശമ്പളമല്ല.

കുറച്ചു ദിവസങ്ങളായി തന്ത്രിയെപ്പറ്റി മാധ്യമങ്ങളിൽ വരുന്ന പല പരാമർശങ്ങളും തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. ബിസി 100ൽ ആണു താഴമൺ മഠത്തിനു ശബരിമലയിലെ താന്ത്രികാവകാശം ലഭിച്ചത്. പരശുരാമ മഹർഷിയിൽനിന്നു കൽപിച്ചതാണത്. എ‍ഡി 55 വരെ താഴമൺ മഠം നിലയ്ക്കലായിരുന്നു.

ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും തന്ത്രിമാരിൽ നിക്ഷിപ്തമാണ്. ഓരോ ക്ഷേത്രത്തിലുമുള്ള പ്രത്യേക നിയമങ്ങൾ അതതു ക്ഷേത്രത്തിലെ പ്രതിഷ്ഠാ സങ്കൽപങ്ങൾക്ക് അനുസൃതമാണ്. കേരളീയ തന്ത്രശാസ്ത്രവും ഗുരുപരമ്പരയുടെ ശിക്ഷണവും ഉപദേശവും അനുസരിച്ചാണ് ആചാരങ്ങളും അനുഷ്ഠാനങ്ങളും. അതിനാൽ അവയിലെ പാണ്ഡിത്യം അനിവാര്യമാണ്.

ഓരോ ക്ഷേത്രത്തിലും ആചാരാനുഷ്ഠാനങ്ങൾ സംബന്ധിച്ചു തന്ത്രിക്കാണു പരമാധികാരം. ഇതു സ്ഥാപിക്കുന്ന സുപ്രീം കോടതി വിധികളുണ്ട്. ക്ഷേത്രാചാരവും അനുഷ്ഠാനവും സംബന്ധിച്ച അന്തിമ തീരുമാനവും അതു നടപ്പാക്കാനുള്ള അധികാരവും ശാസ്ത്രഗ്രന്ഥങ്ങൾ പ്രകാരവും കീഴ്‌വഴക്കം അനുസരിച്ചും തന്ത്രിയുടേതാണ്. അധികൃതർ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾ നടത്തുമ്പോൾ അതു താഴമൺ മഠത്തിനു വലിയ വിഷമമുണ്ടാക്കുന്നതായും തന്ത്രികുടുംബം അറിയിച്ചു.

നിയമിക്കാൻ അധികാരമുണ്ടെങ്കിൽ തന്ത്രിയെ മാറ്റാനും ദേവസ്വം ബോർഡിനു കഴിയുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ശുദ്ധിക്രിയ പോലെയുള്ള ചടങ്ങുകൾക്കു മുൻപു ദേവസ്വം ബോർഡുമായി ആലോചിക്കണം. ശുദ്ധിക്രിയ അയിത്താചാര നിയമപരിധിക്കുള്ളിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി.

സന്നിധാനത്ത് യുവതി എത്തിയതിനെ തുടർന്നു നടയടച്ച നടപടി വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് കമ്മിഷണർ‌ തന്ത്രിക്ക് നോട്ടിസ് അയച്ചിരുന്നു. എക്സിക്യൂട്ടീവ് ഓഫിസറാണു തന്ത്രിക്കു നോട്ടിസ് കൈമാറിയത്. ജനുവരി 21ന് അകം തന്ത്രി മറുപടി നൽകണമെന്നാണു ദേവസ്വം ബോർഡ് നിലപാട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA