‘കൊടുക്കൽ വാങ്ങലിനു’ വഴങ്ങിയില്ല, വർമയെ നീക്കി; സിബിഐ കലഹത്തിൽ വഴിത്തിരിവ്

Alok-Verma
SHARE

ന്യൂഡൽഹി∙ സിബിഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരെയുള്ള മോശം റിപ്പോർട്ട് തിരുത്താൻ തയാറാകാത്തതാണ് ആലോക് വർമയെ ഡയറക്ടർ സ്ഥാനത്തു നിന്നു നീക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നു റിപ്പോർട്ടുകൾ. സിബിഐയുടെ ഒരു അടുത്തവൃത്തമാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ‘ദ് ടെലഗ്രാഫ്’ ദിനപത്രത്തിനു നൽകിയത്.

കഴിഞ്ഞ വർഷം അവസാനം കേന്ദ്ര വിജിലൻസ് കമ്മിഷണർ കെ.വി.ചൗധരി ആലോക് വർമയെ നേരിൽ കണ്ടു അസ്താനയ്ക്കെതിരെയുള്ള റിപ്പോർട്ട് തിരുത്തണമെന്ന് അഭ്യർഥിച്ചു. അഴിമതി അരോപണം നേരിടുന്ന അസ്താനയ്ക്ക് ഡയറക്ടർ സ്ഥാനത്തേക്ക് എത്താനുള്ള നീക്കത്തിനു വിലങ്ങുതടിയാണ് വർമയുടെ റിപ്പോർട്ട്. ഇതു പിൻവലിച്ചാൽ വർമയുടെ ‘എല്ലാ കാര്യങ്ങളും ശരിയാകും’ എന്നു ചൗധരി ഉറപ്പു നൽകിയതായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ആലോക് വർമ ഈ ‘കൊടുക്കൽ വാങ്ങലിനു’ വഴങ്ങിയില്ല. മാത്രമല്ല, സിവിസി അന്വേഷണത്തിനു മേൽനോട്ടം വഹിക്കാൻ കോടതി ചുമതലപ്പെടുത്തിയ ജസ്റ്റിസ് എ.കെ.പട്നായിക്കിനെ ഈ വിവരം അറിയിക്കുകയും ചെയ്തു. 

K-V-Chowdary-cvc
കെ.വി.ചൗധരി

തുടർന്നു വന്ന സിവിസി റിപ്പോർട്ടാണ് സുപ്രീം കോടതി വിധിയിലൂടെ ഡയറക്ടർ സ്ഥാനത്തേക്കു തിരിച്ചെത്തിയ ആലോക് വർമയെ 48 മണിക്കൂറിനുള്ളിൽ നീക്കാൻ പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയെ പ്രേരിപ്പിച്ചത്. എന്നാൽ ഇതിനെക്കുറിച്ചു പ്രതികരിക്കാൻ ആലോക് വർമ, കെ.വി.ചൗധരി, എ.കെ.പട്നായിക് എന്നിവർ തയാറായില്ല. വർമയ്ക്കെതിരെയുള്ള കണ്ടെത്തലുകൾ സിവിസിയുടെ മാത്രമാണെന്നും അന്വേഷണത്തിൽ തനിക്കു പങ്കില്ലെന്നും പട്നായിക് പറഞ്ഞു. സിവിസി റിപ്പോർട്ട് പരിഗണിച്ചാണു വർമയെ പുറത്താക്കാനുള്ള തീരുമാനം ഉന്നതാധികാര സമിതി കൈക്കൊണ്ടതെന്നാണു വിവരം.

അതേസമയം, ആലോക് വര്‍മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് സിവിസി ശുപാര്‍ശ ചെയ്തേക്കുമെന്നും സൂചനകളുണ്ട്. സിവിസിയുടെ ഇടപെടലിന് ആലോക് വർമ തയാറാകാതിരുന്നതാണ് ഈ നീക്കത്തിനു പിന്നിലെന്നുമാണ് വിവരം. വര്‍മയ്ക്കെതിരെ അഴിമതി ആരോപണങ്ങളില്‍ തെളിവില്ലെന്ന് എ.കെ പട്നായിക് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇത്. മൊയീന്‍ ഖുറേഷി കേസില്‍ ആലോക് വര്‍മയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സിവിസി നീക്കം. ഇതു സംബന്ധിച്ചു കേന്ദ്രത്തിന് ഉടന്‍ കത്തുനല്‍കുമെന്നാണ് സിവിസി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA