ആലപ്പാട് സമരം തുടരുന്നത് ദൗർഭാഗ്യകരം; സ്ഥലം സന്ദർശിക്കും: ഇ.പി. ജയരാജൻ

തിരുവനന്തപുരം∙ ആലപ്പാട് ഖനനം നിർത്തണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുന്നത് ദൗർഭാഗ്യകരമാണെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജൻ. സമരക്കാർ പുറത്തുനിന്നുള്ളവരാണെന്ന വാദം ശരിയാണെന്നു സ്ഥലം സന്ദർശിച്ചാൽ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി ആലപ്പാട് സന്ദർശിക്കും.

ഖനനം പൂര്‍ണമായി നിര്‍ത്തണമെന്ന ആവശ്യത്തിലുറച്ച് സമരസമിതി നിന്നതോടെ വ്യാഴാഴ്ച ജയരാജനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഒരുമാസത്തേക്ക് സീ വാഷിങ് നിര്‍ത്താമെന്ന സര്‍ക്കാര്‍ നിലപാട് സമരസമിതി തളളി. ഖനനം കൊണ്ട് നാട്ടുകാര്‍ക്ക് ഗുണമില്ല, അറിയാത്ത കാര്യങ്ങളാണ് മന്ത്രി പറയുന്നതെന്നും നേരിട്ടുവന്ന് സ്ഥിതി മനസിലാക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടിരുന്നു.

കരിമണല്‍ ശേഖരണത്തെപ്പറ്റി വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് വരുംവരെ സീ വാഷിങ് പ്രവർത്തനം നിയന്ത്രിക്കാമെന്നായിരുന്നു മന്ത്രിയുടെ നിർദേശം.