മധുരപ്രതീക്ഷകളും മോഹന സ്വപ്നങ്ങളുമായി ഒരു പുതുവത്സരം

SHARE

പുതുവത്സര പുലരിയിൽ നാം എത്തി നിൽക്കുന്നു. മധുര പ്രതീക്ഷകളും മോഹനസ്വപ്നങ്ങളുമാണ് മുന്നിൽ. ഇനിയുള്ള ഓരോ ദിനങ്ങളും ശ്രദ്ധയോടും ജാഗ്രതയോടും ജീവിക്കുമെങ്കിൽ പുതുവത്സരം മുഴുവൻ അനുഗ്രഹ പൂർണമായിരിക്കും.ഓരോ ജീവിതത്തിനും അതിന്റേതായ അർഥവും ലക്ഷ്യവുമുണ്ട്. അത് വിജയമോ പരാജയമോ ആകുന്നതിന്റെ ഉത്തരവാദിത്തം നമുക്ക് തന്നെയാണ്. സാധാരണയായി ജീവിതം വിജയമാണെങ്കിൽ അതിന്റെ നേട്ടം നമ്മളെടുക്കും, പരാജയമാണെങ്കിൽ അത് മറ്റുള്ളവരുടെ മേൽ പഴിചാരും. 

നമ്മളിൽ ആന്തരികമായി പരിലസിക്കുന്ന ശക്തി സ്രോതസ്സിനെ ഉണർത്തി പ്രവർത്തി പഥത്തിലേക്കു കൊണ്ടു വരുമ്പോൾ നമ്മളോടുള്ള കടമ നാം നിർവഹിക്കുകയായി. നമുക്ക് മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയണമെങ്കിൽ ആദ്യം നമ്മളെ സ്നേഹിക്കാൻ കഴിയണം. നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം മറ്റൊരാൾക്കു നികത്താനാവില്ല. കാരണം അത് നമ്മുടെ മാത്രം ദൗത്യമാണ്. എനിക്കൊരു വടവൃക്ഷമാകാൻ സാധ്യമല്ലായിരിക്കാം. എന്നാൽ ഒരു കുറ്റിച്ചെടിയാകാൻ എന്നെ ആക്കിയിരിക്കുന്ന സ്ഥാനത്ത് പ്രവർത്തിക്കുവാൻ എനിക്കു കഴിയും. ഇതൊക്കെ ആയിരിക്കണം പുതുവർഷത്തിലേക്കു കടക്കുന്ന സമയത്ത് നമ്മുടെ ചിന്ത. 

ഉദാസീനതയും അലസതയും ഉപേക്ഷിച്ച് അധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും പാത ആദ്യമേ തന്നെ അതിനായി നമുക്ക് തിരഞ്ഞെടുക്കാം. ഇത് നമുക്ക് നമ്മളോടുള്ള ബന്ധമാണെങ്കിൽ നമുക്ക് മറ്റുള്ളവരോടുള്ള ബന്ധമെന്ധാണെന്നു ചിന്തിക്കുക. മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ് നമ്മുടെ ജീവിതം. നമ്മളിലാരും തനിക്കായി ജീവിക്കുന്നില്ല. തനിക്കായി തന്നെ മരിക്കുന്നുമില്ല. 

നമ്മളിൽ പലരും സ്വന്തം കാര്യം മാത്രം നോക്കിയും സ്വന്തം നേട്ടത്തിൽ  മാത്രം ശ്രദ്ധിച്ചും ജീവിക്കുന്നവരാണ്. ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരനോ? ആ ചോദ്യം നമ്മുടെ നാവില്‍ നിന്ന് ഉതിരുന്നു. എന്നാൽ അവന്റെ കാവൽക്കാരനാകുക. അതാണ് നമ്മുടെ ദൗത്യം‌. മറ്റുളളവരിൽ നിന്ന് എന്തു ലഭിക്കും എന്നതിലുപരി മറ്റുള്ളവർക്ക് എന്ത് കൊടുക്കാനാകും എന്നതിലാണ് ഇക്കാര്യത്തില്‍ ആദ്യത്തെ ചിന്തയായി എത്തിപ്പെടേണ്ടത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HRIDAYAKAMALAM
SHOW MORE
FROM ONMANORAMA