പാട്ടും പാടിയൊരു കേരളാ മുട്ടറോസ്റ്റ്

പാട്ടും പാടി കൂളായി ചെയ്ത പാചകവിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗം. കേരളത്തിന്റെ സ്പെഷൽ മുട്ടറോസ്റ്റ്, അപ്പം, പൊറോട്ട എന്നിവയ്ക്കൊപ്പം കഴിക്കുന്ന ആ മുട്ടറോസ്റ്റ് തന്നെ.  മുംബൈ സ്വദേശിയായ സാവൻ, മെട്രോനോം എന്ന സോങ് ബ്ലോഗ് യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്തിറക്കിയത്. ഗാനരചിതാവും ഗായികയും പാചകവും സാവൻ ദത്തയാണ്.

സോങ് ബ്ലോഗ് എന്ന ആശയത്തിലൂടെയാണ് ഇവരുടെ വിഡിയോകൾ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്. സാവന്റെ ഭർത്താവ് മലയാളിയായ അരുൺ കുമാറാണ്. കേരളാ ഭക്ഷണമായതുകൊണ്ടു തന്നെ കേരളാസാരിയും മുല്ലപ്പൂവും ചൂടിയാണ് പാചകം. ഇനി ഏതെങ്കിലും പാട്ടുപാടിയല്ല പാചകം. മുട്ടറോസ്റ്റിന്റെ ചേരുവകളും പാചകവിധിയുമാണ് പാട്ടിന്റെ വരികൾ. 

ചേരുവകൾ
മുട്ട–4
സവോള – 3
തക്കാളി – 4
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ഒന്നര ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
പഞ്ചസാര – അര ടീസ്പൂൺ

തയാറാക്കുന്ന വിധം

∙ മുട്ടപുഴുങ്ങി വരഞ്ഞ് വെളിച്ചെണ്ണയിൽ വറുത്തെടുത്തു മാറ്റിവയ്ക്കുക.

∙ചൂടായ പാനിൽ ജീരകം ഇട്ട് പൊട്ടിക്കഴിഞ്ഞാൽ സവോള ചേർത്ത് വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടി,മുളകുപൊടി,ഉപ്പും ചേർത്തു കൊടുക്കുക.  ഇതിലേക്ക് തക്കാളിയും പഞ്ചസാരയും ചേർത്ത് വഴറ്റിയെടുക്കണം. തക്കാളി നന്നായി വെന്തു കഴിഞ്ഞ് പുഴുങ്ങിയ മുട്ട ചേർത്ത് നന്നായി റോസ്റ്റ് ചെയ്തെടുക്കാം.