നൂറടിയിൽക്കൂടുതൽ നീളം; ഇൗ ദോശ റെക്കോർഡ് നേടുമോ?

ചെന്നൈ ശരവണ ഭവനിലെ 60 പാചകക്കാരുൾപ്പെടുന്ന സംഘം 105 അടി നീളത്തിലുള്ള ദോശയാണ് ചുട്ടത്. ഷെഫ്. വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് നീളൻ ദോശ തയാറാക്കിയത്. സൗത്ത് ഇന്ത്യയിലെ പ്രധാന പ്രഭാത ഭക്ഷണമാണ് ദോശ. 40 കിലോഗ്രാം മാവ് ഉപയോഗിച്ച് 27 കിലോഗ്രാം വരുന്ന നീളൻ ദോശയാണ് തയാറാക്കിയത്. ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡിൽ ഈ വിജയം ഔദ്യോഗികമായി രേഖപ്പെടുത്തിക്കഴിഞ്ഞു. വേൾഡ് ഗിന്നസ് റെക്കോഡിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ദോശ ടീം.

ഇതേ ടീം  ഐഐടി മദ്രാസ് ക്യാംപസിൽ ഇതിനു മുൻപ് 100 അടി നിളത്തിൽ  ദോശ തയാറാക്കിയിരുന്നു.  മുപ്പത്തിയെഴര കിലോഗ്രാം മാവ് വേണ്ടി വന്നു. ചേരുവകൾ 10 കിലോഗ്രാം അരി, വെള്ളക്കടല രണ്ട് കിലോഗ്രാം, ചെറുപയർ പരിപ്പ് 500 ഗ്രാം, ഒരു കിലോഗ്രാം ഉഴുന്ന്, 500 ഗ്രാം ഉപ്പ്,3 കി.ഗ്രാം നെയ്, 9.5 ലിറ്റർ വെള്ളം എന്നിവയായിരുന്നു. 

105 അടി നീളത്തിലുള്ള ഈ ദോശ തയാറാക്കിയത് ഗിന്നസ് റെക്കോഡിനായാണ്. ശരവണ ഭവനിലെ എൻജിനിയേഴ്സ് പ്രത്യേകമായി തയാറാക്കിയ പാനിൽ 180–200 ഡിഗ്രി ചൂടിലാണ് ദോശ ചുട്ടെടുത്തത്. തയാറാക്കിയ ദോശ മുറിച്ച് കാണികൾക്ക് കഴിക്കാൻ കൊടുക്കുകയും ചെയ്തു. നീളൻ ദോശചുട്ട് ഇതിനു മുൻപ് വേൾഡ് റെക്കോഡ് സൃഷ്ടിച്ചത് 2014 ൽ ഹൈദരാബാദിലാ യിരുന്നു, 54 അടി നീളത്തിലുള്ള ദോശയായിരുന്നു.