കാട്ടുതേനെന്ന പേരിൽ ശർക്കര കുറുക്കിയ വെള്ളം നമ്മളെത്ര കുടിച്ചിട്ടുണ്ട്!

തേൻ പോലെ മധുരമാണ് ആദിവാസി ഗോത്ര ജീവിതത്തിലെ ഓരോ വിശ്വാസവും. പ്രകൃതിയെന്ന അമ്മയുടെ ചിറകിനുകീഴിൽ, ആ ചൂടു പറ്റി ചേർന്നുനിൽക്കുന്ന മറ്റാരും ഇന്നത്തെ ലോകത്ത് ഇല്ല. തേൻ പോലെ പരിശുദ്ധമാണ് ആ ജീവിതം.

കാട്ടുതേനാണ് നമ്മൾ നാട്ടുവാസികൾക്ക് ഗോത്രവർഗവുമായുള്ള ഏക ബന്ധം എന്നുതോന്നുന്നു. അതുകൊണ്ട് കാട്ടുതേൻ എന്ന പേരിൽ പല വ്യാജൻമാരും ശർക്കര കുറുക്കിയുണ്ടാക്കിയ വെള്ളം നമ്മളെത്ര കുടിച്ചിട്ടുണ്ട്. 

തേൻകുറുമർ, ചോലനായ്ക്കർ, വേട്ടക്കുറുമർ, കാണിക്കാർ, കുറിച്യർ, മാവിലർ, കുറുമർ, തച്ചനാടർ തുടങ്ങി അനേകം വിഭാഗങ്ങൾ തേൻശേഖരിക്കുന്നുണ്ട്. തേൻശേഖരണമാണ് മുഖ്യതൊഴിൽ എന്നതിനാൽ കാട്ടുനായ്ക്ക വിഭാഗത്തെ  തേൻകുറുമർ അഥവാ ജ്യേനുക്കുറുമർ എന്നാണു വിളിക്കുന്നത്.

വൻമരങ്ങളിൽ തൂങ്ങിക്കിടക്കുന്ന തൂക്കുതേൻ, വേരിലും മരപ്പുറ്റിലും കാണുന്ന പുറ്റുതേൻ, കുറ്റിക്കാട്ടിലെ കോലുകളിൽ കാണുന്ന കോലു തേൻ, പൊത്തുകളിലും പാറയിടുക്കിലും മാളങ്ങളിലും കാണുന്ന ചെറുതേൻ എന്നിവ കണ്ടെത്താൻ ഏറെ വൈദഗ്ധ്യം ആവശ്യമാണ്. എന്നാൽ ആചാരവും വിശ്വാസവും പ്രാർഥനയും ഏകാഗ്രതയും നിറഞ്ഞ ജോലിയാണ് തേൻശേഖരണം.

തേനീച്ചകൾ പറന്നുവരുന്ന വഴികൾ ശ്രദ്ധിച്ച് പിൻതുടർന്നാണ് തേനട തൂങ്ങിക്കിടക്കുന്ന സ്ഥലം കണ്ടെത്തുന്നത്. തേനട കണ്ടെത്തിയ മരത്തിൽ അടയാളം വെച്ചുപോവും. രണ്ടു വടികളാണ് അടയാളം.  അടയാളം കണ്ടാൽ മറ്റുള്ളവർ ആ മരത്തിൽനിന്നു തേനെടുക്കില്ല. ഓരോരുത്തരും അവരുടെ ഗോത്രത്തിന് അവകാശപ്പെട്ട കാട്ടുഭൂമിയായ ചെമ്മത്തിൽനിന്നു മാത്രമേ തേനെടുക്കൂ. 

തേന്നട കണ്ടെത്തിയ മരത്തിനുതാഴെ പ്രത്യേക പ്രാർഥനകൾ നടത്തും. ഹെത്തൻ, ഒവ്വ തുടങ്ങിയ ദൈവങ്ങളെ മരത്തിനു ചുവട്ടിൽവച്ച് ആരാധനകൾ നടത്തും. അപകടം വരാതിരിക്കാൻ കാട്ടിനകത്തെ അയ്യപ്പമ്പാറയ്ക്കും ആനയ്ക്കും ഈച്ചയ്ക്കും നേർച്ച നേരും.

ഇതിനുശേഷം കരിയിലകൾ ചേർത്ത് മരത്തിനടിയിൽ തീ പുകയ്ക്കും. തുടർന്ന് കാലിൽ തളപ്പിട്ട്, ചൂട്ടുകെട്ടി കത്തിച്ച് മരത്തിൽ കയറും. ചൂട്ട് കൂടിന്റെ ഓരോ വശത്തു കാണിച്ച് തേനീച്ചയെ പേടിപ്പിച്ച് ഓടിച്ചാണ് ആ വശത്തെ തേനട മുറിച്ചെടുക്കുക. ഈ സമയത്ത് ഒരു പ്രത്യേക തേനീച്ചപ്പാട്ട് പാടുകയും ചെയ്യും. ഈ പാട്ടുപാടിയാൽ തേനീച്ച കുത്തില്ല എന്നാണു വിശ്വാസം. തേൻകൂട് അഥവാ തേൻബ്യാട്ടെ മുഴുവനായി മുറിച്ചെടുക്കാൻ പാടില്ല. തേൻബ്യാട്ടെയുടെ ഒരു ഭാഗം ഈച്ചകൾക്കു ജീവിതം തുടരാനായി ബാക്കിവയ്ക്കും.

ചില ഗോത്രവർഗക്കാർ തേനീച്ചയെ ശല്യപ്പെടുത്താതെ തേനെടുക്കാറുണ്ട്. ഉയരം കൂടിയ മരത്തിലെ തേനടയിലേക്ക് നൂലു കെട്ടിയ അമ്പെയ്തു പിടിപ്പിക്കും. നൂലിലൂടെ തേൻ ഒഴുകിയെത്തും. ആവശ്യം കഴിഞ്ഞാൽ ഈ അമ്പ് തിരിച്ച് ഊരിയെടുക്കും.