വിദ്യാഭ്യാസ വായ്പ കുടിശികയായാൽ പിന്നീടെന്ത്?

വിദ്യാഭ്യാസ വായ്പകൾ മുടങ്ങിയാലും അത് എഴുതി തള്ളാൻ സർക്കാർ എന്തെങ്കിലും നടപടികൾ സ്വീകരിക്കുമെന്ന വിശ്വാസവുമായി മുന്നോട്ടു പോകുന്ന രക്ഷിതാക്കളും വിദ്യാർത്ഥികളും നിരവധിയാണ്. കൃത്യമായ സാമ്പത്തിക ആസൂത്രണമില്ലാതെ വിദ്യാഭ്യാസ വായ്പയെടുത്തു പ്രശ്നത്തിലായവരേയും മറ്റു പ്രശ്നങ്ങളിലകപ്പെട്ടവരേയും പിന്തുണക്കാനായി വിവിധ തലങ്ങളിൽ കൈക്കൊണ്ട നടപടികളും ഇത്തരമൊരു ധാരണ ശക്തമാക്കിയിട്ടുണ്ട്.  എന്നാൽ മറ്റേതൊരു വായ്പ മുടങ്ങിയാലും ഉണ്ടാകുന്ന അതേ പ്രശ്നങ്ങൾ വിദ്യാഭ്യാസ വായ്പ മുടങ്ങിയാലും നേരിടേണ്ടി വരും എന്നതാണു വസ്തുത. 

വിദ്യാഭ്യാസ വായ്പ മുടങ്ങിയാൽ അത് ഭാഗികമായെങ്കിലും തിരിച്ചടക്കാനോ അതിനായില്ലെങ്കിൽ പലിശയെങ്കിലും തിരിച്ചടക്കാനോ ആവണം മുൻഗണന നൽകേണ്ടത്. ഇതിനു ശേഷം വായ്പ പുനക്രമീകരിച്ചു കിട്ടാനായി ബാങ്കിനെ സമീപിക്കാം. ഇങ്ങനെ പുനക്രമീകരിച്ചു നൽകുന്ന വായ്പകൾ നിഷ്ക്രിയ ആസ്തികളുടെ കൂട്ടത്തിൽ പെടുകയില്ലെന്നത് ബാങ്കുകൾക്കും ഉപഭോക്താക്കൾക്കും ഒരു പോലെ ഗുണകരമാണ്. ക്രെഡിറ്റ് സ്കോർ കുറയുന്നത് അടക്കമുള്ള പ്രശ്നങ്ങളും ഇതു വഴി ഇല്ലാതാക്കാം.  വായ്പകൾ എഴുതി തള്ളിയാലും അതു പ്രയോജനപ്പെടുത്തുന്നവരുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കാം എന്നതും ഇവിടെ ശ്രദ്ധിക്കണം. 

വായ്പ പുനക്രമീകരിച്ചു വാങ്ങുന്നതിനു പുറമെ വസ്തുവിൻറെ ഈടിലുള്ളവ അടക്കമുള്ള ചെലവു കുറഞ്ഞ വായ്പകൾ പ്രയോജനപ്പെടുത്തി ബാധ്യത കുറക്കാൻ ശ്രമിക്കുന്നതും അഭികാമ്യമായിരിക്കും. ആസ്തികൾ വിൽക്കുന്നതും ഇവിടെ പരിഗണിക്കാമെങ്കിലും അതീവ ശ്രദ്ധയോടെ വേണം ഇതു ചെയ്യുവാൻ.