നെല്ലിക്കയും കാന്താരിയും ചേർന്ന വിജയചേരുവ

എന്താണു ബിസിനസ്?

അച്ചാറുകൾ, സ്ക്വാഷുകൾ, ജാമുകൾ എന്നിവ ഉണ്ടാക്കി വിൽക്കുന്ന ഈ ബിസിനസ് ലളിതമായി വീട്ടിൽ ആരംഭിക്കാനാകും

നെല്ലിക്ക–കാന്താരി സ്ക്വാഷ് ഒരു പ്രത്യേക ഇനം തന്നെയാണ്. ഒരു വീട്ടമ്മയായ അജി സാബു സ്വയം പരീക്ഷിച്ച് വിജയിപ്പിച്ചെടുത്ത ഉൽ‌പന്നമാണിത്. നാട്ടിൻപുറത്ത് പലവീടുകളിലും ഇതുണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഒരു സംരംഭമെന്ന നിലയിൽ മുന്നോട്ടു വരാൻ അജി തയാറായിടത്താണ് വിജയം. ഇതു കൂടാതെ വിവിധതരം അച്ചാറുകൾ, സ്ക്വാഷുകൾ, ജാമുകൾ ഉൾപ്പെടെ ഒട്ടേറെ ഉൽപന്നങ്ങൾ ചെയ്യുന്നു. 

തൃശൂർ ജില്ലയിെല മരത്തക്കരയിൽ സ്വന്തം വീട്ടിൽ തന്നെയാണ് അജിയുടെ സംരംഭം പ്രവർത്തിക്കുന്നത്. ‘മന്ന ഫു‍ഡ്സ്’ എന്നാണ് സ്ഥാപനത്തിന്റെ േപര്.

സ്ക്വാഷ് ഇനങ്ങൾ പ്രധാനം

പ്രധാനമായും ചെയ്യുന്നത് സ്ക്വാഷ് ഇനങ്ങളാണ്. അതിൽത്തന്നെ നെല്ലിക്ക–കാന്താരി സ്ക്വാഷാണ് പ്രധാനം. നാരങ്ങ–നറുനീണ്ടി സ്ക്വാഷ്, ബീറ്റ്റൂട്ട് സ്ക്വാഷ്, പച്ചമാങ്ങ– ഇഞ്ചി സ്ക്വാഷ്, ഇഞ്ചി സ്ക്വാഷ് എന്നിവയാണ് അജി സ്വന്തമായി വികസിപ്പിച്ചെടുത്തു വിൽക്കുന്നത്.

വ്യത്യസ്തങ്ങളായ െറഡി ടു ഡ്രിങ്ക് ഉൽപന്നങ്ങളാണ് ഇവയെല്ലാം. സ്ക്വാഷിൽ വെള്ളം േചർത്തു കഴിക്കാം. ഷുഗർ, പ്രഷർ രോഗികൾക്ക് ഉത്തമമായ ഔഷധമാണ് ഈ സ്ക്വാഷുകൾ എന്ന് അജി പറയുന്നു. പാലക്കാട് പീപ്പിൾസ് സർവീസ് സൊസൈറ്റിയിൽ നിന്നു ലഭിച്ച പരിശീലനമാണ് ഈ രംഗത്തു നേട്ടം കൊയ്യാൻ സഹായിച്ചത്. ഇത്തരത്തിൽ ഒരു സംരംഭം തുടങ്ങുന്നതിനു േവണ്ട ആശയവും പിന്തുണയും അവരാണു നൽകിയത്. 

കഴിഞ്ഞ നാലു വർ‌ഷമായി ബിസിനസ് രംഗത്തുണ്ട് ഈ വീട്ടമ്മ. ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ പ്രോസ

സിങ്–പ്രിസർവേഷൻ എന്നിവയിൽ പരിശീലനം നൽകുന്ന ഒരു ഫാക്കൽറ്റി കൂടിയാണ് ഇവർ. കൂൺ 

കൃഷി, ചക്ക ഉൽപന്നങ്ങൾ, ഫ്ലവർ അറേഞ്ച്മെന്റ്സ് 

എന്നിവയിലും സംരംഭകരാകാൻ ആഗ്രഹിക്കുന്ന

വര്‍ക്ക് അജി പരിശീലനം നൽകുന്നുണ്ട്. 

അടിസ്ഥാന നിക്ഷേപം 

ഒരു മിക്സി

മൂലധന നിക്ഷേപം ഇല്ലാതെ വീട്ടിലെ സൗകര്യങ്ങൾ ഉപയോഗിച്ചു കൊണ്ടായിരുന്നു തുടക്കം. വേണമെങ്കിൽ ഒരു മിക്സിയെ അടിസ്ഥാന നിക്ഷേപമായി കണക്കാക്കാം. കാരണം ഇത്തരം ഒരു സംരംഭം തുടങ്ങിയപ്പോൾ അജി ആകെ വാങ്ങിയത് ഈ മിക്സിയാണ്. ബാക്കി എല്ലാം കൈകൊണ്ടു തന്നെ ചെയ്യുന്നതാണ്. നെല്ലിക്ക കുരു കളഞ്ഞ് മിക്സിയിൽ അരച്ചെടുക്കുന്നു. കാന്താരി മുളകു പ്രത്യേകം അരച്ചെടുക്കുന്നു. രണ്ടു കൂടി ചേർത്ത് അരിച്ചെടുത്ത്, ഉപ്പു ചേർത്ത് കുപ്പിയിലാക്കി വിൽക്കുന്നു. 

സ്ഥാപനത്തിൽ തൊഴിലാളികൾ ആരും തന്നെയില്ല. ഒരു സഹായിയെ മാത്രം ആവശ്യമുള്ളപ്പോൾ വിളിക്കും. ഭർത്താവ് സാബു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നു. 

വിതരണക്കാരോ ലൈൻ സപ്ലൈയോ അജി സാബുവിന് ഇല്ല. പ്രദർശനങ്ങളിൽ പങ്കെടുക്കാറുണ്ട്. പ്രധാന വിൽപനകൾ അതു വഴിയാണ്. മാസത്തിൽ ഇങ്ങനെ ഒന്നോ രണ്ടോ എക്സിബിഷനുകൾ ലഭിക്കുന്നുണ്ട്. അതു കൊണ്ട് വിപണനം പ്രശ്നമല്ല. അവിടെനിന്നു ലഭിക്കുന്ന ഉപയോക്താക്കൾ തുടർന്നും ഉൽപന്നങ്ങൾ വാങ്ങുന്നു. അവർക്കു കുറിയർ വഴിയും നേരിട്ടും എത്തിച്ചു നൽകുന്നു. 

ഇപ്പോൾ ഏതാനും സ്ഥിരം കസ്റ്റമേഴ്സ് ഉണ്ട്. ഏതാനും ഡോക്ടർമാരും നെല്ലിക്ക–കാന്താരി, ഇഞ്ചി എന്നീ സ്ക്വാഷുകൾ പ്രിസ്ക്രൈബ് െചയ്തു നൽകാറുണ്ട്. ഷുഗർ കുറയ്ക്കാനും വയറിലെ അസുഖങ്ങൾ മാറാനും ഉത്തമമാണ് അജി സാബുവിന്റെ ൈജവ ഉൽപന്നങ്ങൾ.

കുറച്ചു മെഷിനറികൾ ചേർത്ത് ഉൽപാദനം വർധിപ്പിക്കാൻ ഉദ്ദേശ്യമുണ്ട്.  ഇപ്പോൾ പ്രതിമാസം ലക്ഷം രൂപയ്ക്കടുത്തു വിൽപന മാത്രമാണ് നടക്കുന്നത്. 15,000 രൂപയോളം എല്ലാ ചെലവും കഴിച്ച് സമ്പാദിക്കാൻ കഴിയുന്നു. ഇതൊരു സൈഡ് ബിസിനസായിട്ടാണ് അജി സാബു കണക്കായിരിക്കുന്നത്.

പ്രത്യേകതകൾ

∙ 100 ശതമാനവും പ്രകൃതിദത്തമായാണ് നിർമിക്കുന്നത്.

∙ പ്രിസർവേറ്റീവുകളോ നിറങ്ങളോ ചേർക്കാറില്ല.  

∙ സ്വന്തം നിലയിൽ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്താനുളള സംവിധാനം.

∙ നിർമാണത്തിൽ യാതൊരുവിധ യന്ത്രസാമഗ്രികളും ഉപയോഗിക്കുന്നില്ല.

∙ ഔഷധഗുണത്തിനും രുചിക്കും ഒരു പോലെ  പ്രാധാന്യം നൽകുന്നു.

∙ വിപണിയിൽ കിടമത്സരം തീരെയില്ലാത്ത ഉൽപന്നം. ആവശ്യത്തിനു പ്രചാരം നേടാത്തതിനാൽ വലിയ വിപുലീകരണ സാധ്യത. 

∙ വീട്ടിൽ തന്നെ നിർമിക്കുന്ന ഉൽപന്നം.

∙ ശുദ്ധജലം ആവശ്യത്തിനു ചേർത്ത് ലളിതമായും പെട്ടെന്നും പാനീയം തയാറാക്കാം. 

∙ പുതുമയുള്ള ഉൽപന്നം. വേറിട്ട രുചി.