വിദേശത്തു നിന്നും തീരുവ അടയ്ക്കാതെ സ്വർണം കൊണ്ടു വരാമോ?

 വിദേശത്തു നിന്നു സ്വർണം കൊണ്ടുവരുമ്പോൾ ശ്രദ്ധിക്കാൻ

നിബന്ധനകൾക്കു വിധേയമായി ആഭരണമായി തീരുവ അടയ്ക്കാതെ കൊണ്ടുവരാം.  വിദേശത്തു ചുരുങ്ങിയത് ഒരു വർഷം കഴിഞ്ഞവർക്കാണു തീരുവയിളവിന് അർഹത. സ്ത്രീകൾക്ക് ഒരു ലക്ഷവും പുരുഷന്മാർക്ക് അര ലക്ഷവും രൂപയുടെ സ്വർണം ടാക്സടയ്ക്കാതെ കൊണ്ടുവരാം. വിദേശത്തേക്കു പോകുമ്പോൾ കൈയിലുണ്ടായിരുന്നതിനു പുറമേയാണിത്. 

പോകുമ്പോൾ ശ്രദ്ധിക്കാൻ

വിദേശത്തേക്കു പോകുമ്പോൾ, വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതർക്കു മുന്നിൽ ആഭരണങ്ങൾ ഹാജരാക്കി, ‘എക്സ്പോർട്ട് സർട്ടിഫിക്കറ്റ്’ വാങ്ങണം. തിരിച്ചുവരുമ്പോൾ, തൂക്കവും പ്രത്യേകതകളും  രേഖപ്പെടുത്തിയിട്ടുള്ള ഈ സർട്ടിഫിക്കറ്റ് കാണിച്ചാൽ കൊണ്ടുപോയവയ്ക്ക് ടാക്സ് ഈടാക്കില്ല. സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ മേൽ പറഞ്ഞ പരിധിയിൽ കൂടുതലുള്ളവയ്ക്ക് 11% കസ്റ്റംസ് തീരുവ അടയ്ക്കേണ്ടി വരും.

ടാക്സ് അടച്ചാൽ ഒരു കിലോ 

ചുരുങ്ങിയത് ആറു മാസം വിദേശത്തു താമസിച്ചവർക്ക് പരമാവധി ഒരു കിലോ സ്വർണം 11% തീരുവയടച്ചു കൊണ്ടുവരാം. ഇതിൽ കൂടുതൽ കൊണ്ടുവന്നാൽ തീരുവയടയ്ക്കണം എന്നു മാത്രമല്ല പിഴ ചുമത്താനും കേസെടുക്കാനും കസ്റ്റംസിന് അധികാരമുണ്ട്. 

ആറു മാസത്തിൽ കുറവാണു വിദേശത്തു താമസിച്ചതെങ്കിൽ 38.50% തീരുവ അടയ്ക്കണം. ഇതും ചെറിയ അളവിലാണെങ്കിൽ മാത്രം. സ്വർണത്തിന്റെ അളവു കൂടുതലാണെങ്കിൽ, തീരുവയും പിഴയും കേസുമൊക്കെ ചുമത്താം.