sections
MORE

പന്ത് ഗിൽക്രിസ്റ്റിനെ ഓർമിപ്പിക്കുന്ന താരം, ധോണിയെ മറികടക്കും: റിക്കി പോണ്ടിങ്

rishabh-pant
SHARE

ദുബായ്∙ ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ഓസ്ട്രേലിയയുടെ ഇതിഹാസ താരം ആദം ഗിൽക്രിസ്റ്റുമായി താരതമ്യപ്പെടുത്തി മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്. ഇക്കഴിഞ്ഞ ഓസീസ് പര്യടനത്തിൽ പന്ത് പുറത്തെടുത്ത തകർപ്പൻ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് പന്തിനെ ഗിൽഗ്രിസ്റ്റുമായി താരതമ്യം ചെയ്ത് പോണ്ടിങ് രംഗത്തെത്തിയത്. കഴിഞ്ഞ വർ‌ഷത്തെ മികച്ച യുവ ക്രിക്കറ്റ് താരമായി ഐസിസി പന്തിനെ തിരഞ്ഞെടുത്തിരുന്നു.

ഐസിസി പ്രഖ്യാപിച്ച കഴിഞ്ഞ വർഷത്തെ ടെസ്റ്റ് ടീമിലും പന്ത് ഇടം കണ്ടെത്തിയിരുന്നു. പ്രമുഖരായ പല താരങ്ങളെയും പിന്തള്ളിയാണ് ഐസിസിയുടെ യുവ ക്രിക്കറ്റർ പുരസ്കാരത്തിനൊപ്പം ടെസ്റ്റ് ഇലവനിലും വിക്കറ്റ് കീപ്പറായി പന്ത് തിരഞ്ഞെടുക്കപ്പെട്ടത്.

‘എല്ലാം കൊണ്ടും നല്ല കഴിവുള്ള താരമാണ് ഋഷഭ് പന്ത്. എതിരെയുള്ള ബോളർ ആരായാലും എങ്ങനെ നേരിടണമെന്ന് പന്തിന് നിശ്ചയമുണ്ട്. കളിയെക്കുറിച്ച് വ്യക്തമായ ധാരണയും പന്തിനുണ്ട്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കാൻ പന്തിനാകും. വിക്കറ്റ് കീപ്പറെന്ന നിലയിൽ കുറച്ചുകൂടി മികവു കാട്ടുന്നതിനൊപ്പം ബാറ്റിങ്ങിലും ഇനിയും വളരാൻ പന്തിനു സാധിക്കും’ – പോണ്ടിങ് പറഞ്ഞു.

‘മഹേന്ദ്രസിങ് ധോണിയെക്കുറിച്ചും അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും നാം എല്ലായ്പ്പോഴും സംസാരിക്കാറുണ്ട്. ഇന്ത്യയ്ക്കായി ഒട്ടേറെ ടെസ്റ്റുകൾ കളിച്ചെങ്കിലും ധോണിക്ക് ആകെ ആറ് ടെസ്റ്റ് സെഞ്ചുറി മാത്രമേ നേടാനായിരുന്നുള്ളൂ. ഈ യുവതാരം ഉറപ്പായും അതിലേറെ ടെസ്റ്റ് സെഞ്ചുറികൾ നേടും. കമന്ററി ബോക്സിലും പന്തിനെക്കുറിച്ച് ഞങ്ങൾ വളരെയധികം സംസാരിക്കാറുണ്ട്. ആദം ഗിൽക്രിസ്റ്റിനെ ഓർമിപ്പിക്കുന്ന താരമാണ് പന്ത്’ – പോണ്ടിങ് പറഞ്ഞു.

സാക്ഷാൽ ഗിൽക്രിസ്റ്റും പന്തിനെ വാനോളം പുകഴ്ത്തി. പന്തിന്റെ കളി കാണാൻ എത്ര സമയം ചെലവഴിക്കാനും താൻ തയാറാണെന്ന് ഗിൽക്രിസ്റ്റ് പറഞ്ഞു.

‘കരിയറിന്റെ തുടക്കത്തിൽ നിൽക്കുന്ന പ്രതിഭാധനനായ താരമാണ് പന്ത്. ഇനിയും കൂടുതൽ കാര്യങ്ങൾ പഠിക്കാനും അതു കളത്തിൽ പുറത്തെടുക്കാനും പന്തിനു സാധിക്കും. ടെസ്റ്റ് ക്രിക്കറ്റിൽ വിജയിക്കാൻ ആവശ്യമായ അടിസ്ഥാനങ്ങളെല്ലാമുള്ള താരമാണ് പന്ത്’ – ഗിൽക്രിസ്റ്റ് പറഞ്ഞു.

ഓസ്ട്രേലിയയ്ക്കെതിരെ അഡ്‌ലെയ്ഡിൽ നടന്ന ടെസ്റ്റിൽ 11 താരങ്ങളെ പുറത്താക്കിയ പന്ത്, ഇക്കാര്യത്തിൽ മുൻ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജാക്ക് റസ്സൽ, ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സ് എന്നിവരുടെ റെക്കോർഡിന് ഒപ്പമെത്തിയിരുന്നു. മുൻ ഇന്ത്യൻ താരവും ഇന്ത്യ എ ടീം പരിശീലകനുമായ രാഹുൽ ദ്രാവിഡും പന്തിനെ പുകഴ്ത്തി.

‘എല്ലാത്തരത്തിലും പ്രതിഭയുള്ള കളിക്കാരനാണ് പന്ത്. മൂന്നോ നാലോ ഇന്നിങ്സുകൾകൊണ്ട് തനിക്ക് വ്യത്യസ്ത ശൈലികളിൽ ബാറ്റു ചെയ്യാനറിയാമെന്ന് പന്ത് തെളിയിച്ചുകഴിഞ്ഞു. അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലി നമുക്കറിയാം. 2017–18 രഞ്ജി സീസണിൽ 900 റൺസ് നേടിയപ്പോഴും പന്തിന്റെ സ്ട്രൈക്ക്  റേറ്റ് നൂറിനു മുകളിലായിരുന്നു. ഐപിഎല്ലിലും ഇതേ ശൈലിയിൽ പന്തു ബാറ്റു വീശുന്നത് നാം കണ്ടിട്ടുണ്ട്’ – ദ്രാവിഡ് പറഞ്ഞു.

‘വ്യത്യസ്ത ശൈലികളിൽ കളിക്കാനാകുമെന്ന് പന്ത് തെളിയിച്ചുകഴിഞ്ഞു. അതിനുള്ള സാങ്കേതിക മികവും തികവും അദ്ദേഹത്തിനുണ്ട്. ആക്രമണോത്സുകതയുള്ള താരമെന്നതിനൊപ്പം സാഹചര്യത്തിന് അനുസരിച്ച് ബാറ്റു ചെയ്യാനും പന്തിന് അറിയാം’ – ദ്രാവിഡ് ചൂണ്ടിക്കാട്ടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN CRICKET
SHOW MORE
FROM ONMANORAMA