sections
MORE

എല്ലാം തകർത്ത് വണ്‍പ്ലസ് 6 ക്യാമറ, ഐഫോണ്‍ X നേക്കാള്‍ മികച്ചത്

oneplus-6
SHARE

പ്രശസ്ത ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാവായ വണ്‍പ്ലസിന്റെ ഈ വര്‍ഷത്തെ ഫ്‌ളാഗ്ഷിപ് മോഡലായ വണ്‍പ്ലസ് 6നെപ്പറ്റി ധാരാളം കാര്യങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നല്ലോ. എന്നാല്‍ ക്യാമറെയെക്കുറിച്ച് അധികമൊന്നും അറിയാമായിരുന്നില്ല. പിന്നില്‍ ലംബമായി പിടിപ്പിച്ച ഇരട്ട ക്യാമറകളാണ് ഉള്ളതെന്നാണ് കേള്‍വി.

എന്തായാലും വണ്‍പ്ലസ് അവരുടെ ഫോണിന്റെ ക്യാമറയെ പറ്റി അല്‍പ്പം വീരവാദം മുഴക്കിയാണ് നടക്കുന്നത്. അടുത്ത കാലത്തിറങ്ങിയ മികച്ച ക്യാമറകളുള്ള ഫോണുകളായ ഐഫോണ്‍ X, സാംസങ് ഗ്യാലക്‌സി S9, ഗൂഗിള്‍ പിക്‌സല്‍ 2 തുടങ്ങിയവയ്‌ക്കൊപ്പമൊ മെച്ചമോ ആയ ഫോട്ടോകള്‍ അവരുടെ ഫോണ്‍ എടുക്കുമെന്നാണ് പറയുന്നത്. 

കമ്പനി അവരുടെ ട്വിറ്ററിൽ  നാലു ചിത്രങ്ങള്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. 'വണ്‍പ്ലസ് 6ന്റെ ഇരട്ട ക്യാമറ ഐഫോണ്‍ X, സാംസങ് ഗ്യാലക്‌സി S9, ഗൂഗിള്‍ പിക്‌സല്‍ 2 എന്നീ ഫോണുകളുമായി ഏറ്റുമുട്ടുന്നു. നിങ്ങള്‍ക്ക് ഇവ ഏതു ഫോണില്‍ എടുത്തവയാണെന്നു പറയാമോ?' എന്നാണ് അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത്. ഇതോടൊപ്പം മറ്റൊരു പരസ്യവും ഇറക്കിയിട്ടുണ്ട്. ഇതിനെ 'വണ്‍പ്ലസ് ബ്ലൈന്‍ഡ് ടെസ്റ്റ്'  എന്നാണ് കമ്പനി വിളിക്കുന്നത്. സ്വന്തം വെബ്‌സൈറ്റില്‍ തന്നെയാണ് ഇത്. ഇതില്‍ നാലു വിഭാഗങ്ങളിലായി നാലു ചിത്രങ്ങള്‍ വീതം പതിപ്പിച്ചിരിക്കുന്നു- ആര്‍ക്കിടെക്ചര്‍, ലൊ ലൈറ്റ്, രണ്ടു തരം പോര്‍ട്രെയ്റ്റ് (വെളിച്ചക്കുറവിലും, സാധാരണ വെളിച്ചത്തിലും എടുത്തവ) എന്നിങ്ങനെയാണ് അവയെ തരം തിരിച്ചിരിക്കുന്നത്. ആരാധകര്‍ക്ക് ഇവ ഏതു ഫോണില്‍ എടുത്തവയാണെന്നു കണ്ടുപിടിച്ച് കമ്പനിക്കു മറുപടി അയയ്ക്കാനും അവസരമുണ്ടായിരുന്നു. ഏറ്റവും അധികം പോയിന്റു നേടിയവര്‍ക്ക് വണ്‍പ്ലസ് 6 തന്നെ സമ്മാനമായി നല്‍കും. മറ്റു സമ്മാനങ്ങളും ഉണ്ട്.

വണ്‍പ്ലസ് 6ന്റെ ഇരട്ട പിന്‍ക്യാമറകളില്‍ ഒന്നിന് 20-MP റെസലൂഷനും രണ്ടാമത്തെതിന് 16-MP റെസലൂഷനുമാണ് ഉള്ളതെന്നാണ് വിശ്വാസം. സെല്‍ഫിക്കും വിഡിയോ കോളിനുമായി 16-MP മുന്‍ക്യാമറയും പ്രതീക്ഷിക്കുന്നു. രസകരമായ മറ്റൊരു കാര്യം ഐഫോണ്‍ Xനോടും പിക്‌സല്‍ 2നോടുമൊക്കെ മത്സരിക്കാന്‍ സജ്ജമാണ് പുതിയ ഫോണ്‍ എന്നു പറയുന്ന വണ്‍പ്ലസ് വാവെയ് മെയ്റ്റ് 20 പ്രോയെയും മറ്റും കണ്ടില്ലെന്നു നടിക്കുന്നു എന്നതാണ്.

OnePlus-blind-test

ഇതുവരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും മികച്ചത് എന്നു വിശേഷിപ്പിക്കുന്ന വാവെയ്‌യുടെ മികച്ച മോഡലുകളൊട് എതിരിടാനുള്ള ശക്തി വണ്‍പ്ലസ് 6ന് ഇല്ലെന്നു വിശ്വസിക്കാമെന്നു തോന്നുന്നു. ഗ്യാലക്‌സി S6ഉം പിക്‌സല്‍ 2ഉം ഒക്കെ വളരെ വിലകുറച്ച് സെയിലുകളില്‍ ഇപ്പോഴേ ലഭ്യമാണ്. വണ്‍പ്ലസ് 6 ന് അവ നല്ല എതിരാളികള്‍ ആയിരിക്കും. ഏറ്റവും മികച്ച നിര്‍മാണ വസ്തുക്കള്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന ഫോണുകളോടു കിടപിടിക്കുന്ന, എന്നാല്‍ ഏറ്റവും വിലകുറച്ചു വില്‍ക്കുന്ന ഫോണാണ് തങ്ങളുടെതെന്ന രീതിയിലാണ് വണ്‍പ്ലസ് എല്ലാക്കലത്തും തങ്ങളുടെ ഏറ്റവും മികച്ച മോഡല്‍ പുറത്തിറിക്കുക. വണ്‍പ്ലസ് 6 മെയ് 16ന് ലണ്ടനിലും തുടര്‍ന്ന്, 17ന് മുംബൈയിലും ബെയ്ജിങ്ങിലും അവതരിപ്പിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA