sections
MORE

ഗ്യാലക്‌സി നോട്ട് 9 ബാറ്ററി സുരക്ഷിതം; 500 രൂപയ്ക്ക് ഡെസ്‌ക്ടോപ്പാക്കാം

Galaxy-Note-9
SHARE

ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവിനെ നാണക്കേടിന്റെ പടുകുഴിയില്‍ തള്ളിയ സംഭവമായിരുന്നു ഗ്യാലക്‌സി നോട്ട് 7ന്റെ ബാറ്ററി പൊട്ടിത്തെറിക്കല്‍. സാംസങ്ങിന്റെ ബ്രാന്‍ഡ് നെയ്മിനേറ്റ ഒരു ക്ഷതമായിരുന്നു അത്. ബാറ്ററി പ്രശ്‌നങ്ങളെ തുടര്‍ന്ന് ഗ്യാലക്‌സി നോട്ട് 7 കമ്പനിക്കു തിരിച്ചു വിളിക്കേണ്ടതായി വന്നു. കഴഞ്ഞ വര്‍ഷമിറക്കിയ നോട്ട് 8ഉം ബാറ്ററി പ്രശ്‌നം കാണിച്ചില്ല. എന്നാല്‍, ഏറ്റവും പുതിയ ഫോണായ ഗ്യാലക്‌സി നോട്ട് 9നെക്കുറിച്ചു സംസാരിച്ചപ്പോള്‍ സാംസങ് മൊബൈലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ (DJ Koh ) വാചാലനായി. പുതിയ ഫോണിന്റെ ബാറ്ററി വളരെ സുരക്ഷിതമാണെന്നാണ് അദ്ദേഹം പറഞ്ഞത്. 

ഫോണിന് 4,000 mAh ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. ഇത് എക്കാലത്തെയും ഏറ്റവും സുരക്ഷിതമായ ബാറ്ററികളില്‍ ഒന്നാണെന്നാണ് കമ്പനി പറയുന്നത്. ബാറ്ററി പ്രശ്‌നത്തെക്കുറിച്ചോര്‍ത്ത് ഉപയോക്താക്കൾ വിഷമിക്കേണ്ടെന്നും അദ്ദേഹം പറയുന്നു. പുതിയ മോഡല്‍ കഴിഞ്ഞ വര്‍ഷത്തെ മോഡലിനെക്കാള്‍ എല്ലാ രീതിയിലും മെച്ചപ്പെട്ട പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് 9 ഡെസ്‌കടോപ്പാക്കാന്‍ ചിലവ് വെറും 500 രൂപ!

ലോകത്തെ ഇന്നത്തെ ഏറ്റവും കരുത്തന്‍ ഫോണുകളിലൊന്നായ ഗ്യാലക്‌സി നോട്ട് 9ന്റെ സുപ്രധാന ഫീച്ചറുകളിലൊന്നാണ് ഡെക്‌സ് (DeX) എന്ന് ഇവിടെ കണ്ടല്ലോ

ഡെക്‌സ് സോഫ്റ്റ്‌വെയര്‍ നോട്ട് 8നൊപ്പമാണ് കമ്പനി ആദ്യം അവതരിപ്പിച്ചത്. എന്നാല്‍ ഇതിന് ഡെക്‌സ് ഡോക് ആവശ്യമായിരുന്നു. ഡോക്കിനാകട്ടെ, 10,000 രൂപയായിരുന്നു വില. 10,000 രൂപയ്ക്കും അതില്‍ താഴെയും ശക്തി കുറഞ്ഞ വിന്‍ഡോസ് ലാട്പടോപ്പുകള്‍, ഒറിജിനല്‍ ഓപ്പറേറ്റിങ് സിസ്റ്റവുമായി വില്‍പനയ്ക്കുള്ളപ്പോള്‍ ആരാണ് ഡോക് വാങ്ങി ഫോണ്‍ ഡെസ്‌ടോപ്പാക്കാന്‍ ഇറങ്ങുക?

സാംസങ് കഴിഞ്ഞ വര്‍ഷം പഠിച്ച പാഠം ഈ വര്‍ഷം ഉപയോക്താക്കള്‍ക്ക് ഉപകാരമാകുകയാണ്. ലോകത്ത് മറ്റൊരു ഫോണിനുമില്ലാത്ത ഒരു ഫീച്ചറാണ് ഡെക്‌സ്. ഇതാകട്ടെ സമീപ ഭാവിയില്‍ തന്നെ വളരെ പ്രചാരം നേടാനും സാധ്യതയുള്ള ഒന്നാണ്. സ്മാര്‍ട് ഫോണിനെ കംപ്യൂട്ടര്‍ മോണിട്ടറുമായി ഘടിപ്പിച്ച് ഒരു ചെറിയ പിസിയുടെ ശക്തി നല്‍കാനാണ് ശ്രമം. കഴിഞ്ഞ വര്‍ഷത്തെതു പോലെ ഡെക്‌സ് ഡോക് വാങ്ങേണ്ട കാര്യമില്ല ഈ വര്‍ഷം പകരം ഗ്യലക്‌സി നോട്ട് 9 ഉടമകള്‍ ഒരു യുഎസ്ബി ടൈപ്-സി റ്റു എച്ഡിഎംഐ (USB Type-C to HDM) അഡാപ്റ്റര്‍ മാത്രം വാങ്ങിയാല്‍ മതിയാകും. ഇതാകട്ടെ 500 രൂപ മുതല്‍ ലഭ്യമാണു താനും. എന്നാല്‍, 2,000 രൂപ വിലയുള്ള വമ്പന്‍ ബ്രാന്‍ഡുകളുടെ അഡാപ്റ്ററുമുണ്ട്. എന്തായാലും ഇതൊരെണ്ണം വാങ്ങിച്ചാല്‍ പുതിയ ഫോണിനെ നിങ്ങളുടെ എച്ടിഎംഐ പോര്‍ട്ടുള്ള മോണിട്ടറുമായോ, ടിവിയുമായോ കണക്ടു ചെയ്യാം. (ഇത് ഇപ്പോള്‍ സ്റ്റാന്‍ഡാര്‍ഡ് ഫീച്ചറാണല്ലോ.) അങ്ങനെ കണക്ടു ചെയ്ത ശേഷം ഫോണിനെ ട്രാക് പാഡ് ആയോ വെര്‍ച്വല്‍ കീബോര്‍ഡ് ആയോ ഉപയോഗിക്കാം. ഓഫിസുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്കും ഇത് പേഴ്‌സണല്‍ ഇമെയ്ല്‍ അയക്കാനും മറ്റും ഉപയോഗിക്കാം.

എന്നാല്‍, നിങ്ങള്‍ ഒരു പൂര്‍ണ്ണ പിസി അനുഭവം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഡെക്‌സ് പാഡ് അക്‌സസറി ആയിരിക്കും ഉചിതം. ഇതിന്റെ വില 8,000 രൂപയാണ്. രണ്ടു യുഎസ്ബി പോര്‍ട്ടുകളും ഒരു എച്ഡിഎംഐ പോര്‍ട്ടും ഇതിനുണ്ട്. കീബോര്‍ഡും മൗസുമെല്ലാം കണക്ടു ചെയ്ത് നോട്ട് 8/9 ഫോണുകളെ ആഘോഷമായി ഡെസ്‌ക്ടോപ്പ് രീതിയില്‍ ഉപയോഗിക്കാം! ഡെസ്‌ക് പാഡ് വാങ്ങുന്നവര്‍ യുഎസ്ബി ടൈപ്-സി റ്റു എച്ഡിഎംഐ അഡാപ്റ്റര്‍ വാങ്ങേണ്ട കാര്യമില്ല. ബിസിനസ് ഉപയോക്താക്കള്‍ക്ക് ഇത് വളരെയധികം ഗുണം ചെയ്യും. ഡേറ്റയെല്ലാം സ്വന്തം ഫോണില്‍ സൂക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA