sections
MORE

ഫോൺ ക്യാമറയിലെ കളികൾ: ഗൂഗിൾ ‌കാണിച്ചത് അദ്ഭുത ടെക്നോളജി

google-pixel-3-xl-camera
SHARE

ഗൂഗിൾ പിക്സൽ സ്മാർട്ഫോണുകളുടെ പുതിയ പതിപ്പും മറ്റുപകരണങ്ങളും ഗൂഗിൾ ന്യൂയോർക്കിൽ അവതരിപ്പിച്ചു. രണ്ടു വർഷം മുൻപ് എച്ച്ടിസിയുമായി സഹകരിച്ച് പുറത്തിറക്കിയ പിക്സൽ സ്മാർട്ഫോണിന്റെ മൂന്നാം പതിപ്പാണ് ഏറെ മികവുകളോടെ പിക്സൽ 3 എന്ന പേരിൽ എത്തിയത്. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം പിക്സൽ ബ്രാൻഡിനു കീഴിൽ ഒരു ടാബ്‍ലെറ്റ് കംപ്യൂട്ടർ അവതരിപ്പിക്കാനും ഗൂഗിളിനു കഴിഞ്ഞു. ഹാർഡ്‍വെയറിനെക്കാൾ സോഫ്റ്റ്‍വെയറിന്റെയും നിർമിതബുദ്ധിയുടെയും മികവോടെ ഗൂഗിൾ എന്ന ബ്രാൻഡിനെ ഉപയോക്താവിന് ഏറ്റവും പ്രിയപ്പെട്ട ഉൽപന്നമാക്കി മാറ്റുന്നതിനുള്ള ശ്രമം ഗൂഗിൾ അവതരിപ്പിച്ച ഓരോ ഉൽപന്നത്തിലും കാണാം. പിക്സൽ 3 ഫോണുകളുടെ രണ്ടു പതിപ്പ്, പുതിയ ക്രോംബുക്ക്, ഗൂഗിൾ ഹോം ഹബ്, ക്രോംകാസ്റ്റിന്റെ പുതിയ പതിപ്പ് തുടങ്ങിയവയാണ് ഗൂഗിൾ അവതരിപ്പിച്ചത്.

പിക്സൽ 3

പിക്സൽ 3, പിക്സൽ 3 എക്സ്എൽ എന്നീ രണ്ടു മോഡലുകളാണ് ഗൂഗിൾ അവതരിപ്പിച്ചത്. ഗ്ലാസ് ബോഡി, എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേ എന്നിവയാണ് എടുത്തു പറയാവുന്ന ഡിസൈൻ മികവുകൾ. രണ്ടു മോഡലുകളിലും കഴിഞ്ഞ വർഷത്തേതിനെക്കാൾ വലിയ മികച്ച ഡിസ്പ്ലേയാണുള്ളത്. പിക്സൽ 3യിൽ 5.5 ഇഞ്ച് ഡിസ്പ്ലേയും പിക്സൽ 3 എക്സ്എലിൽ 6.3 ഇഞ്ച് ഡിസ്പ്ലേയുമാണുള്ളത്. 4 ജിബി റാം ശേഷിയുള്ള ക്വാൽകോം സ്നാപ്ഡ്രാഗൻ 845 പ്രൊസെസ്സറാണ് രണ്ടു ഫോണിലുമുള്ളത്. വയർലെസ് ചാർജിങ്ങും മികച്ച വാട്ടർ റെസിസ്റ്റൻസ് സംവിധാനവുമുണ്ട്. പിക്സൽ 3യിൽ 2915 മില്ലി ആംപിയർ ബാറ്ററിയും പിക്സൽ 3 എക്സ്എലിൽ 3430 മില്ലി ആംപിയർ ബാറ്ററിയുമാണുള്ളത്.

കഴിഞ്ഞ മോഡലുകളിലേതുപോലെ തന്നെ ഗൂഗിൾ ഏറ്റവും മികച്ച പരീക്ഷണങ്ങൾ നടത്തിയിരിക്കുന്നത് ഫോണിലെ ക്യാമറയിലാണ്. രണ്ടിലും 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും 12.2 മെഗാപിക്സൽ റിയർ ക്യാമറയുമുണ്ട്. എന്നാൽ, ലെൻസിന്റെ മികവുകളെ അതിശയിക്കുന്ന തരത്തിലാണ് എഐ സംവിധാനം ഓരോ ചിത്രത്തെയും സമീപിക്കുന്നത്. ചിത്രത്തെ മിഴിവുറ്റതാക്കാൻ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സഹായിക്കുമ്പോൾ ബാക്കിയുള്ള എല്ലാ ജോലികളും നിർമിതബുദ്ധിയാണ് ചെയ്യുന്നത്.

രണ്ടു മോഡലുകളും ഇന്ത്യയിൽ നവംബർ 1 മുതൽ ലഭിക്കും. 64 ജിബി മെമ്മറിയുള്ള പിക്സൽ 3 മോഡലിന് 71,000 രൂപയും 128 ജിബി മെമ്മറിയുള്ള മോഡലിന് 80,000 രൂപയുമായിരിക്കും ഇന്ത്യയിലെ വില. പിക്സൽ 3 എക്സ്എൽ 64 ജിബി മോഡലിന് 83,000 രൂപയും 128 ജിബി മോഡലിന് 92,000 രൂപയും ഇന്ത്യയിൽ വിലയാകും.

ക്യാമറയിലെ കളികൾ

ഗൂഗിൾ നിർമിതബുദ്ധിയുടെ മികവുകൾ ഏറെയും ഗൂഗിൾ പ്രദർശിപ്പിച്ചിരിക്കുന്നത് പിക്സൽ ഫോണുകളിലെ ക്യാമറയിലാണ്. മെഗാപിക്സൽ ശേഷിയെക്കാൾ ലെൻസ് ചിത്രീകരിക്കുന്ന ചിത്രങ്ങൾ കൈകാര്യം ചെയ്യുന്ന ശൈലിയിൽ ഇടപെട്ടുകൊണ്ടാണ് ലോകത്തെ ഏറ്റവും മികച്ച ക്യാമറ ഫോൺ നിർമിക്കാൻ ഗൂഗിൾ ശ്രമിച്ചിരിക്കുന്നത്. ടോപ് ഷോട്ട് എന്ന ഫീച്ചർ ഒരു പറ്റം ചിത്രങ്ങൾ എടുത്ത ശേഷം അതിലെ ഏറ്റവും മികച്ച ചിത്രം മാത്രമാണ് നമുക്കു മുന്നിൽ അവതരിപ്പിക്കുന്നത്. നിലവിൽ ഇതേ സംവിധാനം പല ക്യാമറ ഫോണിലുമുണ്ടെങ്കിലും പിക്സലിൽ മികച്ച ചിത്രം ഏതാണെന്നു കണ്ടെത്തുന്നത് നിർമിതബുദ്ധിയാണെന്നതാണ് സവിശേഷത. സൂപ്പർ സൂം സംവിധാനവും ഇങ്ങനെ തന്നെ. ഒറ്റ ക്ലിക്കിൽ ഒട്ടേറെ ചിത്രങ്ങൾ പകർത്തിയതിനു ശേഷം സൂം ചെയ്യുമ്പോൾ ഏറ്റവും മികച്ച ചിത്രം തന്നെ നമുക്കു മുന്നിൽ അവതരിപ്പിക്കും. ഒപ്റ്റിക്കൽ സൂമിന്റെ പരിമിതികൾ മറികടക്കുന്ന ഗൂഗിൾ സംവിധാനം ക്യാമറകളുടെ മെഗാപിക്സൽ അഹങ്കാരത്തെയാകെ വെല്ലുവിളിക്കുകയാണ്.

പിക്സൽ സ്ലേറ്റ്

ലാപ്ടോപിനും ടാബ്‍ലെറ്റിനും ഇടയിൽ ഒരു ഗൂഗിൾ വിസ്മയം - പിക്സൽ സ്ലേറ്റിനെ അങ്ങനെ വേണം വിശേഷിപ്പിക്കാൻ. ക്രോം ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ടാബ്‌ലെറ്റിനോടൊപ്പം പിക്സൽ സ്ലേറ്റ് കീബോർഡ് വാങ്ങി ഘടിപ്പിച്ചാൽ ലാപ്ടോപ് പോലെ ഉപയോഗിക്കാം. മോളിക്യുലാർ ഡിസ്പ്ലേ സ്ക്രീൻ, ട്രാക്ക് പാ‍ഡ്, പിക്സൽ പെൻ എന്നിവ കൂടിയാകുമ്പോൾ ആപ്പിൾ‌ ഐപാഡിനെയും മൈക്രോസോഫ്റ്റ് സർഫസിനെയും വെല്ലുവിളിക്കുന്ന തരത്തിലുള്ള മികവുകൾ. ഡ്യുവൽ ഫ്രണ്ട് സ്പീക്കർ, ഫിംഗർപ്രിന്റ് സെൻസർ എന്നിവയുള്ള സ്ലേറ്റ് 4ജിബി, 8ജിബി, 16 ജിബി റാം ശേഷിയിൽ ലഭിക്കും. 256 ജിബി ഇന്റേണൽ മെമ്മറി.

ഹോം ഹബ്

നിർമിത ബുദ്ധിയും വോയ്സ് അസിസ്റ്റന്റിന്റെ മികവുമായി ഗൂഗിൾ വിപണിയിലെത്തിച്ചിട്ടുള്ള ഗൂഗിൾ ഹോം സ്പീക്കറുകളുടെ അടുത്ത പതിപ്പാണ് ഹോം ഹബ്. 7 ഇഞ്ച് ഡിസ്പ്ലേ സ്ക്രീൻ ഫൊട്ടോ ഫ്രെയിമായി ഉപയോഗിക്കാം.

 ഓരോ ദിവസത്തിനും അനുസരിച്ചുള്ള സ്ക്രീൻസേവറുകൾ പ്രദർശിപ്പിക്കാനും ഹോം ഹബിനു സാധിക്കും. എന്നാൽ, സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഗൂഗിൾ ബോധപൂർവം ഇതിൽ നിന്ന് ക്യാമറ ഒഴിവാക്കി. ക്യാമറ ഉണ്ടായിരുന്നെങ്കിൽ വിഡിയോ കോളുകൾ ചെയ്യുന്നതിനും മറ്റും സാധ്യമായേനെ എങ്കിലും ആ സൗകര്യങ്ങൾ വേണ്ടെന്നു വച്ചുകൊണ്ട് സുരക്ഷ ഉറപ്പാക്കുകയാണ് ഗൂഗിൾ.

പിക്സൽ ഇവന്റിൽ ഗൂഗിൾ അവതരിപ്പിച്ച മറ്റുള്ളവ.

∙ പ്രോജക്ട് സ്ട്രീം - ഗെയിമുകൾ നേരിട്ട് ക്രോം വെബ് ബ്രൗസറിലേക്ക് സ്ട്രീം ചെയ്യാനുള്ള സംവിധാനം. ഭാവിയിൽ സ്ട്രീമിങ് ഉപകരണങ്ങളെ തന്നെ ഇല്ലാതാക്കാം.

∙ കോൾ സ്ക്രീനിങ് - യുഎസിൽ ഉപയോഗിക്കുന്ന പിക്സൽ ഫോണുകളിൽ ഗൂഗിൾ അവതരിപ്പിച്ച സംവിധാനം. 

∙ അറിയില്ലാത്ത നമ്പരുകളിൽ നിന്നുള്ള കോളുകൾ ഗൂഗിളിന്റെ നിർമിത ബുദ്ധിയായ ഡ്യൂപ്ലെക്സ് എടുക്കും. 

∙ ടെലിമാർക്കറ്റിങ് കോളുകൾ തിരിച്ചറിയാനും കോളുകൾ വേഗം അവസാനിപ്പിക്കാനും ഡ്യൂപ്ലെക്സിനു കഴിയും. ഇനി ടെലിമാർക്കറ്റർ അല്ലെങ്കിൽ സംസാരിച്ച് ആവശ്യമായ വിവരങ്ങൾ ശേഖരിക്കും. കോൾ ഉപയോക്താവിനു വേണ്ടി റെക്കോർഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA