sections
MORE

ഹീലിയം ഐഫോണിനെ 'കൊല്ലുന്നു'; പരിഹാര മാർഗമെന്ത്?

iphone-8-in-helium
SHARE

ഷിക്കാഗോയ്ക്ക് അടുത്തുളള മോറിസ് ആശുപത്രിയിലെ ഐടി ജോലിക്കാരൻ എറിക് വൂള്‍റിജ് ആണ് ഈ വിചിത്ര പ്രതിഭാസം ആദ്യം കണ്ടുപിടിച്ചത്. ആശുപത്രിക്കുള്ളില്‍ ഉപയോഗിച്ചിരുന്ന നാല്‍പ്പതോളം ആപ്പിള്‍ ഉപകരണങ്ങള്‍ പെട്ടെന്ന് പ്രവര്‍ത്തനരഹിതമായിരിക്കുന്നു. ‌ആദ്യം കരുതിയത് ഈ പ്രശ്‌നം ഇലക്ട്രോമാഗ്നറ്റിക് പള്‍സിലൂടെ ഉടലെടുത്തകാമെന്നാണ്. പക്ഷേ, അദ്ദേഹം പിന്നീടാണ് ശരിയായ പ്രശ്‌ന നിര്‍ണ്ണയം നടത്തിയത്, ഹീലിയം ചോര്‍ച്ചയാണ് ഐഫോമുകള്‍ക്ക് പ്രശ്നമായതെന്ന്.

ഒക്ടോബര്‍ എട്ടാം തീയതിയാണ് ആശുപത്രിക്കുള്ളിലെ നിരവധി ജീവനക്കാരുടെ ഐഫോണുകൾ പ്രവര്‍ത്തനരഹിതമായിരിക്കുന്നു എന്നറിയിച്ച് വൂള്‍റിജിന് സഹപ്രവര്‍ത്തകരുടെ ഫോണ്‍ കോളുകൾ വന്നത്. ആ സമയത്ത് ആശുപത്രിയില്‍ നടന്നിരുന്ന ജോലി പുതിയൊരു ജിഇ എംആര്‍ഐ (GE MRI) മെഷീന്‍ പിടിപ്പിക്കലായിരുന്നു. ഇതു പുറത്തുവിട്ട ഇലക്ട്രോമാഗ്നറ്റിക് പള്‍സുകളായിരിക്കാം പ്രശ്‌നമുണ്ടാക്കിയതെന്ന അനുമാനത്തിലായിരുന്നു ആദ്യം. പക്ഷേ, ആന്‍ഡ്രോയിഡ് ഫോണുകള്‍ ഒരു പ്രശ്‌നവുമില്ലാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടപ്പോഴാണ് മറ്റെന്തെങ്കിലുമായിരിക്കാം ഇതിനു പിന്നിലെന്ന് അദ്ദേഹത്തിനു തോന്നിയത്. 

അങ്ങനെ കണക്കെടുത്തപ്പോഴാണ് ഐഫോണുകളും ആപ്പിള്‍ വാച്ചുകളുമടക്കം നാല്‍പ്പതോളം ആപ്പിള്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തനം നിലച്ചിരിക്കുന്നതായി കണ്ടെത്തിയത്. പലതിന്റെയും പ്രവര്‍ത്തനം പരിപൂര്‍ണ്ണമായും നിലച്ചിരിക്കുന്നുവെന്നത് വളരെ വിചിത്രമായ ഒരു കാര്യമായി അദ്ദേഹത്തിനു തോന്നി. ചാര്‍ജറുമായി ബന്ധിപ്പിക്കുമ്പോള്‍ പോലും അവ ഒരു അനക്കവും കാണിക്കുന്നില്ല എന്നാണ് താന്‍ കണ്ടതെന്ന് അദ്ദേഹം ഐഫിക്‌സിറ്റ് എന്ന റിപ്പെയര്‍ വെബ്‌സൈറ്റിനോടു പറഞ്ഞു. ചിലത് ഉണര്‍ന്നെങ്കിലും അവയ്ക്ക് മൊബൈല്‍ ടവറുകളുമായി ബന്ധപ്പെടാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. വൈ-ഫൈ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സെല്ലുലാര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ഈ പ്രശ്‌നം അദ്ദേഹം റെഡിറ്റില്‍ (Reddit) പോസ്റ്റു ചെയ്തു കഴിഞ്ഞപ്പോള്‍ പലരും നല്‍കിയ മറുപടി- പുതിയതായി ഇന്‍സ്റ്റോള്‍ ചെയ്ത എംആര്‍ഐ മെഷീന്‍ തണുപ്പിക്കാന്‍ ഉപയോഗിച്ച ഹീലിയം വാതകമായിരിക്കാം വില്ലനെന്നാണ് പറഞ്ഞത്.

പിന്നീട്, വൂള്‍റിജ് അതേപ്പറ്റി പഠിക്കുകയായിരുന്നു. മെഷീന്‍ തണുപ്പിക്കാന്‍ ഉപയോഗിച്ച ഏകദേശം 120 ലീറ്റര്‍ ലിക്വിഡ് ഹീലിയം ആശുപത്രിക്കുള്ളിലേക്കും ചോര്‍ന്നിറങ്ങിയിരിക്കാമെന്ന് അദ്ദേഹം അനുമാനിച്ചു. മുറിയില്‍ നിന്നു തന്നെ ഹീലിയത്തിനെ പുറത്തു വിടാനുള്ള സജ്ജീകരണമുണ്ടായിരുന്നെങ്കിലും അത് അശുപത്രിക്കുള്ളിലേക്ക് ലീക്കു ചെയ്തിരിക്കാമെന്നാണ് മനസിലാക്കിയത്. അദ്ദേഹത്തിനു കിട്ടിയ 40 റിപ്പോര്‍ട്ടുകളില്‍ എല്ലാ മോഡലുകളും, ഐഫോണ്‍ 6 മുതല്‍ മുന്നോട്ടുള്ള മോഡലുകളാണെന്നു മനസിലായി. ആദ്യ സീരിസിലെ ആപ്പിള്‍ വാച് മുതലുള്ളവയും പ്രശ്ത്തിലായി. എന്താണ് ഹീലിയവും ഈ ആപ്പിള്‍ ഉപകരണങ്ങളും തമ്മിലുള്ള പൊരുത്തക്കേട് എന്നായി അദ്ദേഹത്തിന്റെ പിന്നീടുള്ള അന്വേഷണം. ഒരു കൂട്ടം ഫോണുകളെയും മറ്റും പരിപൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാക്കണമെങ്കില്‍ എന്തെങ്കിലും കാര്യമായ പ്രശ്‌നമുണ്ടാകുമെന്നു തന്നെ അദ്ദേഹം കരുതി.

അദ്ദേഹത്തിന്റെ ആദ്യ അനുമാനം ഹീലിയം മോളിക്യൂളുകള്‍ ഐഫോണുകളുടെയും മറ്റും മൈക്രോ ഇലക്ട്രോമെക്കാനിക്കല്‍ സിലിക്കണിന്റെ (MEMS പ്രവര്‍ത്തനത്തെ താറുമാറാക്കുന്നതും അതിലൂടെ അവയുടെ ജൈറോസ്‌കോപ്പും ആക്‌സിലെറോമീറ്ററും പ്രവര്‍ത്തനരഹിതമാകുന്നതായിരിക്കാം പ്രശ്‌നമെന്നായിരുന്നു. പക്ഷേ, ഇതെല്ലാം ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുമുണ്ട് എന്നതിനാല്‍ അതായിരിക്കില്ലെന്നു തോന്നിയെന്ന് അദ്ദേഹം പറയുന്നു.

ശരിക്കും സംഭവിച്ചത് എന്താണെന്നുവച്ചാല്‍ ആപ്പിള്‍ അടുത്തകാലത്തായി അവരുടെ ഉപകരണങ്ങളില്‍ ക്വാര്‍ട്‌സ് ഓസിലേറ്റര്‍ (quartz oscillator) ക്ലോക്കുകളില്‍ നിന്ന് MEMS-ആസ്പദമാക്കിയുളള ക്ലോക്കുകളിലേക്ക് മാറിയിരുന്നു. പല ഉപകരണങ്ങളുടെയും നിര്‍ണ്ണായക ഭാഗങ്ങളിലൊന്നാണ് ക്ലോക്കുകള്‍. സിപിയു അടക്കമുള്ളവയുടെ പ്രവര്‍ത്തനത്തെ ഇതു ബാധിക്കും. അക്ഷരാര്‍ഥത്തില്‍ ക്ലോക്കുകളാണ് ആധുനിക ഉപകരണങ്ങളുടെ 'ഹൃദയമിടിപ്പ്' എന്നാണ് ഐഫിക്‌സിറ്റും പറയുന്നത്. ഐഫോണുകള്‍ക്കും മറ്റ് ആപ്പിള്‍ ഉപകരണങ്ങള്‍ക്കും അകത്തേക്ക് നൂണ്ടുകയറിയ ഹീലിയം അവയുടെ ഉള്ളിലെ ക്ലോക്കുകളുടെ പ്രവര്‍ത്തനം താറുമാറാക്കി. തന്റെ സിദ്ധാന്തം ശരിയാണോ എന്നറിയാന്‍ അദ്ദേഹം ഐഫോണ്‍ 8 മോഡല്‍, സീലു ചെയ്ത ഒരു ബാഗില്‍ വച്ച് പരീക്ഷിച്ച് അതിന്റെ വിഡിയോയും പുറത്തിറക്കി. ഒൻപത് മിനിറ്റു പോലും എടുത്തില്ല ഐഫോണ്‍ 8 പണിമുടക്കാന്‍. ഐഫിക്‌സിറ്റ് ഇതേ പരീക്ഷണം ഇതേ മോഡല്‍ തന്നെ ഉപയോഗിച്ചു നടത്തിയപ്പോള്‍ അത് നാലു മിനിറ്റില്‍ തന്നെ പ്രവര്‍ത്തനരഹിതമായതായി കണ്ടു.

എന്നാല്‍, മറ്റൊരു രസകരമായ കാര്യമെന്താണെന്നുവച്ചാല്‍ ആപ്പിള്‍ ഇക്കാര്യത്തെക്കുറിച്ച് പുതിയ ഐഫോണുകളുടെയും മറ്റും യൂസര്‍ ഗൈഡില്‍ വ്യക്തമായി പ്രതിപാദിക്കുന്നുമുണ്ട്. ഹീലിയം തുടങ്ങിയ ഗ്യാസുകളുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ഐഫോണിന്റെ പ്രവര്‍ത്തനത്തെ അതു ബാധിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍, അവയെ രക്ഷപെടുത്താന്‍ എന്തു ചെയ്യണമെന്നും പറയുന്നുണ്ട്! ഫോണിന് ഒരനക്കവുമില്ലെങ്കില്‍ ചാര്‍ജിങ് കേബിളില്‍ നിന്നു വേര്‍പെടുത്തി അതിലെ വാതകം പുറത്തു പോകാനായി ഒരാഴ്ചയോളം വായു സഞ്ചാരമുള്ള സ്ഥലത്തു വയ്ക്കുക. ഹീലിയം പൂര്‍ണ്ണമായും പുറത്തു പോകുന്നതുവരെ കാത്തിരിക്കണം. ഫോണിന്റെ ബാറ്ററിയുടെ ചാര്‍ജും പൂര്‍ണ്ണമായി ഇല്ലാതാകണം. അതിനു ശേഷം ഒരു മണിക്കൂറെങ്കിലും ചാര്‍ജറുമായി ബന്ധിപ്പിച്ച് ചാര്‍ജു ചെയ്യുക. പിന്നീടു മാത്രം ഓണ്‍ ചെയ്യുക.

ഇതിന്റെ ഗുണപാഠമെന്താണെന്നു ചോദിച്ചാല്‍, പ്രശ്‌നമുണ്ടായാല്‍ പെട്ടെന്ന് ഹാര്‍ഡ്‌വെയറിന്റെ വിലയ്ക്ക് ഫോണ്‍ വിറ്റൊഴിവാക്കാന്‍ ശ്രമിക്കുന്നതിനു പകരം ഇങ്ങനെയുള്ള പരിഹാരങ്ങളുണ്ടോ എന്ന് അന്വേഷിക്കണമെന്നതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA