sections
MORE

മെയ്ക്ക് ഇൻ ഇന്ത്യയെ തകർത്തത് സർക്കാര്‍ നയങ്ങൾ, നേട്ടം ചൈനയ്ക്ക്

make-in-india-
SHARE

ഇന്ത്യൻ സാമ്പത്തിക രംഗത്തും സാങ്കേതികവിദ്യാ മേഖലയിലും വൻ കുതിപ്പ് നടത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് മെയ്ക്ക് ഇൻ ഇന്ത്യ. സ്മാർട്ഫോണും മറ്റ് ഇലക്ട്രിക്കൽ സാധനങ്ങളും മാത്രമല്ല, വ്യാവസായികാടിസ്ഥാനത്തിലുള്ള എന്തും മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്ക് കീഴിൽ വരുന്നതാണ്. ഇന്ത്യയിൽ തന്നെ നിർമിച്ച് ഇന്ത്യയിൽ വിൽക്കുക എന്ന നയത്തോടെ മൊബൈൽ ലോകം വളരെ പോസിറ്റീവായാണ് പ്രതികരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ദാതാക്കളെല്ലാം ഇന്ത്യയിൽ തന്നെ മൊബൈൽ ഉൽപാദിപ്പിക്കാൻ പ്രഖ്യാപനം നടത്തി രംഗത്തെത്തുകയും ചെയ്തു. നികുതിയിൽ കൊണ്ടുവന്ന പുതിയ മാനദണ്ഡങ്ങൾ ഒരു പരിധിവരെ കമ്പനികളെ മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി നിലനിൽക്കാൻ നിർബന്ധിതരാക്കി. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്.

അതെ, പലരും ചോദിക്കുന്ന ചോദ്യമാണിത്- ചൈനയ്ക്കാകാമെങ്കില്‍ ഇന്ത്യയ്ക്ക് എന്തുകൊണ്ട് സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തില്‍ മികവു കാട്ടിക്കൂടാ? ഇതിനുള്ള ചില ഉത്തരങ്ങളാണ് ഇപ്പോൾ ഇന്ത്യന്‍ സെല്ല്യൂലര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷനും (Indian Cellular and Electronics Association) മക്കിന്‍സിയും (McKinsey) ചേര്‍ന്നു നടത്തിയ പഠനം കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ നിര്‍മാണ മേഖലയ്ക്ക് അതിന്റെതായ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് അവരുടെ കണ്ടെത്തല്‍. കയറ്റുമതിക്കു കേന്ദ്ര സര്‍ക്കാർ വേണ്ടത്ര പ്രോത്സാഹനം നല്‍കാത്തതും തൊഴില്‍ നിയമങ്ങളുമടക്കമുളള പ്രശ്‌നങ്ങാളുമാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ വിപണിക്കു മാത്രമായി സ്മാര്‍ട് ഫോണ്‍ നിര്‍മിക്കുക എന്നു പറയുന്നത് എളുപ്പമുള്ള കാര്യമല്ല. മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനായെങ്കിലെ അത് ലാഭകരമാകൂ. ഇതിനു ലഭിക്കുന്ന ഇന്‍സെന്റീവ് എംഇഐഎസില്‍ (Merchandise Exports from India Scheme) ലഭിക്കുന്ന നാലു ശതമാനമാണ്. ഇത് അപര്യാപ്തമാണെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.

china-phone

ചൈനയിലും വിയറ്റ്‌നാമിലും ഉള്ളതു പോലെ ഇന്ത്യയില്‍ മെഗാ നിര്‍മാണ മേഖലകള്‍ ഇല്ല. ഇത്തരം മേഖലകളില്‍ വൈദ്യുതി തടസ്സം, വീടുകള്‍, റോഡുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. കൂടിയ മൂലധനം ഇറക്കണമെന്നതാണ് മറ്റൊരു പ്രശ്‌നമായി കണ്ടെത്തിയിരിക്കുന്നത്. ലോക വിപണിയിലേക്കു സാധനങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു പ്രഹരമാണെന്നു പറയുന്നു. കൂടാതെ ടാക്‌സ് ഇളവുകള്‍ ഒരു പോരായ്മയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ചൈനയും വിയറ്റ്‌നാമും കയറ്റി അയയ്ക്കാനുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്നവര്‍ക്ക് അധിക ടാക്‌സ് ഇളവു നല്‍കുന്നുണ്ട്.

ഇന്ത്യയിലെ തൊഴില്‍ നിയമങ്ങളാണ് മറ്റൊരു പ്രശ്‌നമായി പറയുന്നത്. ഇത്തരമൊരു മേഖല മികച്ചതാകണമെങ്കില്‍ തൊഴില്‍ നിയമങ്ങളില്‍ ഒരു പൊളിച്ചെഴുത്തു വേണമെന്നും പറയുന്നു. എയര്‍പോര്‍ട്ടുകളിലെയും തുറമുഖങ്ങളിലെയും ടേണ്‍എറൗണ്ട് സമയം തുടങ്ങിയവയാണ് ഈ മേഖലകളിലെ പ്രധാന വിഷമതകള്‍.

മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി മുതല്‍മുടക്ക് പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിലും പരാജയമാണ്. ഡിസൈന്‍, റിസര്‍ച് ആന്‍ഡ് ഡിവലപ്‌മെന്റ് എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കണം. ശ്രദ്ധ പിടിച്ചുപറ്റണമെങ്കില്‍ തനതു ഡിസൈനും മറ്റും വേണ്ടിവരും തുടങ്ങിയവയൊക്കെയാണ് പ്രധാന കണ്ടെത്തലുകള്‍.

സ്മാർട് ഫോൺ നിർമാണത്തിൽ എന്തു കൊണ്ട് ഇന്ത്യ പരാജയപ്പെട്ടു? മറ്റു ചില വസ്തുതകൾ

ജോലിക്കാരും പാർട്സും ഇല്ല

മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമാകാൻ എത്തിയ കമ്പനികൾക്ക് അത്ര സുഖകരമായ വ്യാവസായിക സാഹചര്യമായിരുന്നില്ല ഇന്ത്യയിൽ ഉണ്ടായിരുന്നത്. മൊബൈൽ ടെക്നോളജിയിൽ വിദഗ്ധരായ ജീവനക്കാരെ കണ്ടെത്താൻ കമ്പനികൾ നന്നേ പ്രയാസപ്പെട്ടു. എന്നുമാത്രമല്ല, മൊബൈൽ ഉല്പാദനത്തിനുള്ള പാർട്സുകൾ ഇറക്കുമതി ചെയ്യേണ്ടി തന്നെ വന്നു. നൂതന സാങ്കേതികവിദ്യയിൽ ഉണ്ടാക്കുന്ന ഗുണമേന്മ കൂടിയ പാർട്സുകൾ വിദേശത്തു നിന്നും പ്രത്യേകിച്ച് ചൈനയിൽ നിന്നും തന്നെ ഇറക്കുമതി ചെയ്യേണ്ടി വന്നു.

Smartphone

ആപ്പിൾ മൊബൈൽ നിർമാണ യൂണിറ്റ് ഇന്ത്യയിൽ ആരംഭിക്കുന്നുവെന്നത് വൻ വാർത്തയായിരുന്നു. എന്നാൽ ആപ്പിൾ ഐഫോൺ എസ്ഇ ഇവിടെ അസംബിൾ ചെയ്തു വിൽക്കുന്നുവെന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. തായ്‌വാൻ കമ്പനിയായ ഫോക്സ്കോൺ മഹാരാഷ്‌ട്രയിൽ പ്ലാന്റ് ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നു. ഈ പ്ലാന്റ് വന്നാൽ അരലക്ഷം പേർക്ക് പ്രത്യക്ഷത്തിൽ തൊഴിൽ ലഭിക്കുമെന്ന് പ്രാദേശിക നേതാക്കൾ ഘോരം ഘോരം പ്രസംഗിക്കുകയും ഉണ്ടായി. 2015ലെ ഈ പ്രഖ്യാപനം ഇപ്പോൾ ജലരേഖയായ മട്ടാണ്. ഇറക്കുമതി ചെയ്യുന്ന ഫോണുകൾക്ക് നികുതി കൂടുതലായതിനാലാണ് പാർട്സുകൾ എത്തിച്ച് ഇവിടെ അസംബിൾ ചെയ്യുന്നത് മൊബൈൽ കമ്പനി തലവന്മാർ തന്നെ സമ്മതിക്കുന്നു. മൊബൈൽ ചാർജറും ഹെഡ്ഫോണും മാത്രമാണ് പ്രാദേശികമായി ഉൽപാദിപ്പിക്കുന്നത്. ഇത് ഫോൺ ചിലവിന്റെ അഞ്ചുശതമാനം മാത്രം വിലയുള്ളതാണ്.

പുതിയ നികുതിയാണ് വില്ലൻ

മൊബൈൽ പാർട്സുകൾ നിർമിക്കുന്ന വിദഗ്ധരുടെയും പ്രോഡക്ഷൻ യൂണിറ്റുകളുടെയും അഭാവം മാത്രമല്ല മൊബൈൽ വിപണിയ്ക്ക് ഭീഷണിയാകുന്നതെന്ന് ഇന്ത്യയിൽ നടന്ന മൊബൈൽ കോൺഗ്രസിൽ വാദമുയർന്നിരുന്നു. ഇന്ത്യയും മറ്റ് വിദേശ രാജ്യങ്ങളും തമ്മിലുള്ള നികുതിഭേദങ്ങൾ ഒരു പരിധിവരെ വൻകിട വിദേശ കമ്പനികളെ പിന്തിരിപ്പിക്കാൻ കാരണമായിട്ടുണ്ട്. അതിനു ഉദാഹരണമായി ഇവർ ചൂണ്ടി കാണിക്കുന്നത് നോക്കിയ കമ്പനിയെയാണ്. ഇന്ത്യയിൽ സ്വന്തമായി മൊബൈൽ നിർമാണ പ്ലാന്റ് ഉണ്ടായിരുന്ന നോക്കിയ പ്ലാന്റ് പൂട്ടുന്നതിന് മുഖ്യകാരണമായത് നികുതി ഭാരമാണ്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ജിഎസ്ടിയും മൊബൈൽ കമ്പനികൾക്ക് തലവേദനയുണ്ടാക്കുന്നുവെന്നാണ് കമ്പനികളുടെ വാദം. നികുതി റീഫണ്ട് പ്രോസസിൽ ഉണ്ടാകുന്ന കാലതാമസം സപ്ലൈയർമാർക്ക് പേയ്മെന്റുകൾ നൽകുന്നതിനെ ബാധിക്കുന്നു. 

സർക്കാർ സഹായിക്കണം

സർക്കാർ സഹായിച്ചാൽ മാത്രമേ ഇന്ത്യയിൽ മികച്ച നിർമാണ യൂണിറ്റുകൾ സാധ്യമാകൂവെന്ന് മിക്ക മൊബൈൽ പാട്സ് നിർമാണ കമ്പനികളും വ്യക്തമാക്കുന്നുണ്ട്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായിട്ടും പാർട്സ് നിർമാണ രംഗത്ത് ഒന്നും സംഭവിക്കുന്നില്ലെന്ന യാഥാർഥ്യം സർക്കാർ മനസിലാക്കണമെന്നും ഈ കമ്പനികൾ ആവശ്യപ്പെടുന്നു. ശക്തമായ പ്രാദേശിക ഉല്പാദകരുണ്ടെങ്കിൽ മാത്രമേ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി ഫലത്തിൽ എത്തിക്കാൻ തങ്ങൾക്ക് കഴിയുള്ളൂവെന്നും അവർ വ്യക്തമാക്കുന്നു. ചൈനീസ് കമ്പനികൾക്കെതിരെയുണ്ടാകുന്ന പ്രക്ഷോഭങ്ങളും പ്രചാരങ്ങളും മൊബൈൽ വിപണിയിലെ മുഖ്യ ദാതാക്കളെ പിന്നോട്ടടിക്കുന്നുവെന്ന പരാതി തങ്ങൾക്കുണ്ടെന്ന് ചൈനീസ് മൊബൈൽ നിർമാതാക്കൾ പറയുന്നു.

smartphone

പ്രവർത്തനം കാര്യക്ഷമമാക്കുമെന്ന് സർക്കാർ

ഫോൺ നിർമാണത്തിന് ആർജ്ജവം കൂട്ടാനായുള്ള പദ്ധതികൾ ഘട്ടംഘട്ടമായി ആരംഭിച്ചു കഴിഞ്ഞുവെന്നാണ് സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള മറുപടി. മേഖലയിലേക്ക് നിരവധി നിക്ഷേപകരാണെത്തുന്നതെന്നും 2016ൽ തന്നെ ഇതിനായുള്ള പ്രവർത്തനങ്ങൾ സർക്കാറിന്റെ ഭാഗത്ത് നിന്നും തുടങ്ങിയെന്നുമാണ് പറയുന്നത്. അതിന്റെ ആദ്യ ഭാഗമായാണ് മൊബൈൽ ചാർജ്ജറും ഹെഡ്ഫോണുമെല്ലാം ഇവിടെ നിർമാണമാരംഭിച്ചതെന്നായിരുന്നു സർക്കാർ വാദം. 2020ഓടു കൂടി മൊബൈലിന് ആവശ്യമായ മുഖ്യ ഘടകങ്ങളെല്ലാം ഇവിടെ തന്നെ ഉല്പാദിപ്പിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ ചെയ്യുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA