sections
MORE

ഓപ്പോ ഫൈന്‍ഡ് X, ലോകത്തിലെ ഏറ്റവും മികച്ച ഫോൺ

oppo-findx
SHARE

ആപ്പിളും സാംസങും ഇറക്കിയാല്‍ മാത്രമെ നല്ല ഫോണ്‍ ഇറങ്ങൂ എന്ന് ചിലരെങ്കിലും ഇപ്പോഴും വിശ്വസിക്കുന്നു. സ്മാര്‍ട് ഫോണ്‍ നിര്‍മാണം എന്നാൽ റോക്കറ്റ് സയന്‍സ് അല്ല. ഇക്കാര്യത്തില്‍ ചൈന കൈവരിച്ച പുരോഗതി നമ്മള്‍ വായിച്ചതാണ്.

എന്തായാലും സ്മാര്‍ട് ഫോണ്‍ നിര്‍മാണരീതികള്‍ അനുദിനമെന്നോണം പുരോഗമിക്കുന്നു. അത് ആരുടെയും കുത്തകയല്ല. ഐഫോണുകളുടെ പുതിയ ഫീച്ചറുകള്‍ ചൈനീസ് കമ്പനികള്‍ എടുക്കുന്നുണ്ടെങ്കില്‍ അതിനപ്പുറത്തേക്ക് തങ്ങളുടെ അടുത്ത മോഡലിനെ കൊണ്ടുപോകാമെന്നു കൂടെ അവര്‍ പഠിക്കുന്നുവെന്നതാണ് ഇപ്പോള്‍ മനസ്സിലാക്കുന്ന കാര്യം. ഇതെല്ലാം പറഞ്ഞു വന്നത്, സാമാന്യം യാഥാര്‍ഥ്യബോധത്തോടെ സ്മാര്‍ട് ഫോണുകളെ സമീപിക്കുന്ന റിവ്യൂവറായ ലൂയിസ് (Lewis Hilsenteger) തന്റെ അണ്‍ബോക്‌സ് തെറാപ്പി ചാനലില്‍ ഓപ്പോ ഫൈന്‍ഡ് X ഫോണിനെ പരിചയപ്പെടുത്തി പറഞ്ഞ വാക്കുകളെ ഓര്‍മിപ്പിക്കാനാണ്. നിര്‍മാണ മികവിന്റെ കാര്യത്തില്‍ ഓപ്പോ ഫൈന്‍ഡ് X ഭാവിയുടെ ഫോണ്‍ ആണെന്നാണ്. കൂടുതല്‍ അനുകരണവും കുറച്ച് നൂതനത്വവുമാണെങ്കിലും ഫൈന്‍ഡ് Xന് അതിന്റെ തനതു വ്യക്തിത്വമുണ്ട്. ഇന്നേവരെ ഇറങ്ങിയിരിക്കുന്നതില്‍ വച്ച് കാഴ്ചയില്‍ ഏറ്റവും മികച്ച ഫോണ്‍ എന്ന പട്ടം നല്‍കി ഒപ്പോ ഫൈന്‍ഡ് Xനെ അദ്ദേഹം ആദരിക്കുന്നതിന്റെ കാരണങ്ങള്‍ ഓരോ സ്മാര്‍ട് ഫോണ്‍ പ്രേമകള്‍ക്കും താത്പര്യജനകമായേക്കാം.

സങ്കല്‍പ ഫോണുകള്‍, ഉദാഹരണത്തിന് സാംസങ്ങിന്റെ മടക്കാവുന്ന ഫോണ്‍ മികച്ച ഫീച്ചറുകള്‍ കൊണ്ടുവന്നേക്കാം. പക്ഷേ, അതു സംഭവിക്കാനിരിക്കുന്നതാണ്. നിങ്ങള്‍ക്ക് സ്‌ക്രീന്‍ ടെക്‌നോളജിയുടെ ഭാവി ഇപ്പോഴെ വാങ്ങി പോക്കറ്റിലിടണമെങ്കില്‍ ഫൈന്‍ഡ് X വാങ്ങണമെന്നാണ് ലൂയിസ് പറയുന്നത്.

oppo-find-x-design-2

അത്യാകര്‍ഷകമാണ് ഇതിന്റെ സ്‌ക്രീന്‍. സ്‌ക്രീന്‍ നിര്‍മിച്ചിരിക്കുന്നത് ഏതെങ്കിലും ചൈനീസ് കമ്പനിയല്ല. മറിച്ച് ലോകത്തെ ഏറ്റവും നല്ല ഓലെഡ് സ്‌ക്രീന്‍ നിര്‍മിക്കുന്ന സാക്ഷാല്‍ സാംസങ് തന്നെയാണ്. ഇതേ സാങ്കേതികവിദ്യ തന്നെയാണ് ഐഫോണ്‍ Xs സീരിസിലും സാംസങിന്റെ ഗ്യാലക്‌സി S സീരിസിലും നോട്ട് സീരിസിലും ഉള്ളത്. എന്നു പറഞ്ഞാല്‍ ഇപ്പോള്‍ ലഭ്യമായതില്‍വച്ച് ഏറ്റവും മികച്ച ഡിസ്‌പ്ലെയാണ് ഫൈന്‍ഡ് Xന്റേത്.

മുന്‍വശത്തു നിന്നു നോക്കിയാല്‍ ഐഫോണ്‍ Xനെ അനുസ്മരിപ്പിക്കുമെങ്കില്‍ പിന്നില്‍ നിന്നു നോക്കിയാല്‍ ഗ്യലക്‌സി S9 അല്ലേ ഇതെന്നു തോന്നിപ്പിക്കും. പലതരത്തിലുള്ള കളര്‍ പ്രോസസിങ്ങിലൂടെ കടത്തിവിട്ടാണ് ഫോണിന്റെ പിന്‍ഭാഗം സൃഷ്ടിച്ചിരിക്കുന്നത്. ഗ്രേഡിയന്റ് എഫെക്ട് ഉണ്ടാക്കാനായത് ഇതിലൂടെയാണ്. പല വീക്ഷണകോണില്‍ നിന്നു നോക്കുമ്പോഴും രത്‌നക്കല്ലുകളെ പോലെ വിവിധ ഭാവങ്ങളാര്‍ജ്ജിക്കുന്നത് അതുകൊണ്ടാണെന്നാണ് ഒപ്പോ പറയുന്നത്. ഐഫോണ്‍ Xനെപ്പോലെ മുകളിലും താഴെയും ഗ്ലാസും നടുവില്‍ മെറ്റലുമായാണ് ഫൈന്‍ഡ് X നിര്‍മിച്ചിരിക്കുന്നത്. 

oppo-find-x-camera-2

ഫൈന്‍ഡ് Xന് ഐഫോണുകളെയും സാംസങ്ങിന്റെ ഫോണുകളെയും അപേക്ഷിച്ച് ഏറ്റവും വലിയ വ്യത്യാസങ്ങളിലൊന്ന് അതിന്റെ മുന്‍-പിന്‍ ക്യാമറകള്‍ ഒളിപ്പിച്ചിരിക്കുന്ന രീതിയാണ്. ഒപ്പോ ഇതിനെ വിളിക്കുന്നത് രഹസ്യ ക്യാമറകളെന്നാണ്. ആവശ്യമുള്ളപ്പോള്‍ മാത്രമാണ് അവ പുറത്തെത്തുക. ഫേഷ്യല്‍ റെക്കഗ്നിഷനിലൂടെ ഫോണ്‍ അണ്‍ലോക് ചെയ്യാനും ഫോട്ടോ എടുക്കാനും. ക്യാമറകളെ സ്‌ളൈഡു ചെയ്ത് പുറത്തെത്തിക്കുകയാണ് ചെയ്യുന്നത്. ആവശ്യം കഴിഞ്ഞാല്‍ അവ തിരിച്ച് പോകുകയും ചെയ്യും.

മുന്‍ക്യാമറ സിസ്റ്റം ഐഫോണ്‍ Xനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ്. ഫ്‌ളഡ് ഇലൂമിനേറ്റര്‍, ഡോട് പ്രൊജക്ടര്‍, 3Dഫേഷ്യല്‍ റെക്കഗ്നിഷനു വേണ്ട വിവരം പിടിച്ചെടുക്കാന്‍ ഇന്‍ഫ്രാറെഡ് ക്യാമറ ഇവയെല്ലാം അടങ്ങിയതാണ്. ക്യാമറകള്‍ വളരെ നല്ല പ്രകടനം നടത്തുന്നു. മുന്‍ ക്യാമറ 25MPയാണെങ്കില്‍ ഇരട്ട പിന്‍ ക്യാമറകള്‍ യഥാക്രമം 20MP, 16MP റെസലൂഷനുള്ളവയാണ്.

oppo-find-x-front-camera-sensor

2018ല്‍ ഒരു മികച്ച ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണില്‍ നിന്ന് പ്രതീക്ഷിക്കുന്ന എല്ലാ നല്ല ഫീച്ചറുകളുമുള്ള ഈ ഫോണിന്റെ പ്രോസസര്‍ സ്‌നാപ്ഡ്രാഗണ്‍ 845 ആണ്. 8GB റാമും നല്ല ബാറ്ററി ബാക്-അപ്പും ഫാസ്റ്റ് ചാര്‍ജിങ്ങും ഇരട്ട സിമ്മുമുണ്ട്.

ആന്‍ഡ്രോയിഡ് 8.1 പൈ ഓപ്പറേറ്റിങ് സിസ്റ്റത്തിനു മേല്‍ പിടിപ്പിച്ച ഒപ്പോയുടെ സ്വന്തം കളര്‍ ഒഎസ് ആണിതിന് നല്‍കിയിരിക്കുന്നത്. കളര്‍ ഒഎസില്‍ പലതും ഐഫോണുകളുടെ പ്രവര്‍ത്തന രീതിയെ അനുസ്മരിപ്പിക്കുന്നതാണ്. ഹോം സ്‌ക്രീനിലെ ജെസ്ചറുകള്‍, മള്‍ട്ടിടാസ്‌കിങ് തുടങ്ങിയവയെല്ലാം മികച്ചതും.

Oppo-Find-X-

ഇതൊക്കെയാണെങ്കിലും കാഴ്ചയില്‍ ഒപ്പോ ഫൈന്‍ഡ് Xനെക്കാള്‍ മികച്ച ഫോണ്‍ ഇന്നു വിപണിയില്‍ ലഭ്യമല്ല എന്നാണ് ലൂയിസ് പറയുന്നത്. ഫോണിന്റെ സ്‌ക്രീന്‍-ബോഡി അനുപാതം 93.5 ആണ്. ഐഫോണുകളുടെ സ്‌ക്രീന്‍ മികച്ച അനുഭവമാക്കുന്നതിനു വിലങ്ങുതടിയായി നില്‍ക്കുന്ന വിലക്ഷണമായ നോച്ചിനോട് വിട പറയാന്‍ ഒപ്പോയ്ക്കു സാധിച്ചിരിക്കുന്നു എന്നതാണ് എൻജിനീയറിങ് മികവായി എടുത്തു പറയുന്ന കാര്യം. ഫോണിന്റെ പിന്നിലെ ഗ്രേഡിയന്റും മികവു വിളിച്ചോതുന്നു. ക്യാമറയുടെ വിന്യാസമാണ് ഇതിന്റെ മറ്റൊരു മികവ്. ഇതെല്ലാമാണ് ഒപ്പോ ഫൈന്‍ഡ് X ഫോണിനെ വേറിട്ടൊരു അനുഭവമാക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA