sections
MORE

ഇതൊരു ഭ്രാന്തന്‍ ആശയം, ലോകാദ്ഭുതം കാണിക്കാൻ ഇലോൺ മസ്കിന് കഴിയുമോ?

elon-musk-rocket
SHARE

ഇലോണ്‍ മസ്‌കും സ്‌പെയ്സ് എക്‌സും മറ്റൊരു ചരിത്രനേട്ടത്തിന്റെ പടിവാതില്‍ക്കലാണ്. ഇത്തവണ ലോകത്തെ മുക്കിലും മൂലയിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുകയെന്ന ബൃഹത്ത് പദ്ധതിയാണ് സ്‌പെയ്സ് എക്‌സ് ഏറ്റെടുത്തിരിക്കുന്നത്. ആയിരക്കണക്കിന് ചെറു ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഭൂമിക്ക് ചുറ്റും സാങ്കല്‍പിക വല തീര്‍ത്തായിരിക്കും ഇത് സാധ്യമാക്കുക. 

സ്വപ്‌ന പദ്ധതിയുടെ ഭാഗമായി രണ്ട് പരീക്ഷണോപഗ്രഹങ്ങള്‍ സ്‌പെയ്സ് എക്‌സ് ബുധാനാഴ്ച വിക്ഷേപിക്കും. മൈക്രോസാറ്റ് 2എ, മൈക്രോസാറ്റ് 2 ബി എന്നീ ഉപഗ്രഹങ്ങളാണ് വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍ക്കൊടുവില്‍ വിക്ഷേപിക്കുന്നത്. ഇതുപോലുള്ള 12,000 ഉപഗ്രഹങ്ങള്‍ ഭൂമിയുടെ സമീപ ഗ്രഹണപഥത്തിലേക്ക് എത്തിക്കുകയാണ് സ്‌പെയ്സ് എക്‌സ് ലക്ഷ്യം. 

മറ്റൊരു പ്രത്യേകത കൂടി ഈ വിക്ഷേപണത്തിനുണ്ട് നേരത്തെ ഉപയോഗിച്ച ബൂസ്റ്റര്‍ റോക്കറ്റുപയോഗിച്ചാണ് ഈ കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 24ന് വിക്ഷേപിച്ച ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ ആദ്യ ഘട്ട ബൂസ്റ്റര്‍ വിജയകരമായി ഭൂമിയിലേക്ക് തിരിച്ചിറക്കിയിരുന്നു. ഈ ബൂസ്റ്റര്‍ റോക്കറ്റാണ് മൈക്രോസാറ്റ് ഉപഗ്രഹം വിക്ഷേപിക്കാനും ഉപയോഗിക്കുന്നത്.

സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ഇപ്പോള്‍ തന്നെ നിലവിലുണ്ടെങ്കിലും വേഗത കുറവും വലിയ ചിലവും സാധാരണക്കാരെ ഇതില്‍ നിന്നും അകറ്റിനിര്‍ത്തുന്നു. സാമ്പ്രദായിക ഇന്റര്‍നെറ്റ് ടെലി കമ്മ്യൂണിക്കേഷന്‍ ബന്ധങ്ങളില്ലാത്ത അല്ലെങ്കില്‍ യുദ്ധമോ പ്രകൃതി കെടുതികളോ മൂലം തകര്‍ന്ന പ്രദേശങ്ങളിലേക്കാണ് ഇപ്പോള്‍ സാറ്റലൈറ്റ് ഇന്‍ര്‍നെറ്റ് ഉപയോഗിക്കുന്നത്. കപ്പലുകളും ചിലപ്പോഴെല്ലാം ഈ സേവനം ഉപയോഗിക്കാറുണ്ട്. 

സാറ്റലൈറ്റ് ഇന്റര്‍നെറ്റ് എല്ലാവരിലേക്കും എത്തിക്കാനായി ആശയത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. നിലവിലുള്ള സാറ്റലൈറ്റുകള്‍ ഭൂമിയില്‍ നിന്നും വളരെ അകലെയാണെങ്കില്‍ ഭൂമിയോട് ചേര്‍ന്നുള്ള ഭ്രമണപഥത്തില്‍ സാറ്റലൈറ്റുകള്‍ ക്രമീകരിക്കുകയാണ് സ്‌പെയ്സ് എക്‌സ് പദ്ധതിയുടെ ആശയം. അങ്ങനെ വരുമ്പോള്‍ ഭൂമിയില്‍ നിന്നും സിഗ്നലുകള്‍ എത്താനുള്ള സമയം കുറയുകയും ഇത് ഇന്റര്‍നെറ്റ് വേഗത വര്‍ധിപ്പിക്കുകയും ചെയ്യും. 

എന്നാല്‍ ഈ പദ്ധതിക്കെതിരെ കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്. ബഹിരാകാശത്ത് അനിയന്ത്രിതമായ തോതില്‍ മാലിന്യം അടിയാന്‍ ഇത്തരം പദ്ധതി കാരണമാകുമെന്നതാണ് വിമര്‍ശനങ്ങളില്‍ പ്രധാനം. പത്ത് സെന്റിമീറ്റര്‍ വരെ മാത്രം വലിപ്പമുള്ള ബഹിരാകാശ വസ്തുക്കള്‍ക്ക് സാറ്റലൈറ്റുകളെ നശിപ്പിക്കാനാകും. ശൂന്യാകാശ പേടകങ്ങള്‍ക്ക് ഒരു സെന്റിമീറ്റര്‍ മാത്രം വലിപ്പമുള്ള വസ്തുക്കള്‍പോലും ഭീഷണിയാണ്. ഇത്തരം സാഹചര്യത്തില്‍ ആയിരക്കണക്കിന് ചെറു സാറ്റലൈറ്റുകള്‍ ഭൂമിയുടെ അന്തരീക്ഷത്തിലെത്തുന്നത് നിലവിലെ സാറ്റലൈറ്റുകള്‍ക്ക് ഭീഷണിയാണെന്നതാണ് വാദം. ഓരോ കൂട്ടിയിടിയും പിന്നീടുള്ള കൂട്ടിയിടിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനാല്‍ ഭൂമിയുടെ അന്തരീക്ഷം തന്നെ ബഹിരാകാശ മാലിന്യം നിറയുമെന്നും വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

spacex-satellites

ഇത്തരം വിമര്‍ശനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമിടയിലാണ് സ്‌പെയ്സ് എക്‌സ് തങ്ങളുടെ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. മുന്‍ ഗൂഗിള്‍ എൻജിനീയറുടെ നേതൃത്വത്തിലാണ് സ്‌പെയ്സ് എക്‌സിന്റെ സ്വപ്‌ന പദ്ധതി പുരോഗമിക്കുന്നത്. വര്‍ധിച്ചുവരുന്ന ഇന്റര്‍നെറ്റ് സേവനങ്ങളുടെ ആവശ്യം തന്നെയാണ് അമേരിക്കയെ ഇത്തരം പദ്ധതിക്ക് പച്ചക്കൊടി കാണിക്കാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം. കഴിഞ്ഞ വര്‍ഷത്തെ യുഎന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്തെ പകുതിയോളം മനുഷ്യര്‍ക്ക് ഇപ്പോഴും ഇന്റര്‍നെറ്റ് ലഭ്യമല്ല. ഇതില്‍ പത്തില്‍ ആറ് പേരും ഏഷ്യ പസഫിക് മേഖലയലുള്ളവരും പത്തില്‍ രണ്ടുപേരും ആഫ്രിക്കക്കാരുമാണ്. ആറ് കോടി നഗരവാസികളായ അമേരിക്കക്കാര്‍ക്കും 1.6കോടി ഗ്രാമങ്ങളിലെ അമേരിക്കക്കാര്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമല്ലെന്നും ഈ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA