sections
MORE

സിംഹത്തിന്റെ ഉടൽ മനുഷ്യന്റെ തല; മുഖം ഫറവോ കാഫ്രേയുടെത്

newsphinx
SHARE

ഏറെക്കാലമായി പറഞ്ഞുകേട്ടിരുന്ന ഈജിപ്തിലെ രണ്ടാമത്തെ സ്ഫിങ്‌സിനെ റോഡ് നിര്‍മാണത്തിനിടെ കണ്ടെത്തി. ഈജിപ്തിലെ ലക്‌സോര്‍, കര്‍നാക് ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്ന അല്‍ കബാഷ് റോഡ് നിര്‍മാണത്തിനിടെയാണ് സിംഹത്തിന്റെ ഉടലും മനുഷ്യന്റെ തലയുമുള്ള സ്ഫിങ്‌സിനെ കണ്ടെത്തിയത്.

അതേസമയം, ഈ സ്ഫിങ്‌സിനെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ സാധിച്ചിട്ടില്ല. ഇവ കണ്ടെത്തിയ പ്രദേശത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മൂലമാണ് അതെന്ന് മേഖലയിലെ പുരാവസ്തുവകുപ്പിലെ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അബ്ദേല്‍ അസീസ് അറിയിച്ചു. എന്നാൽ സന്ദര്‍ശകര്‍ക്ക് സ്ഫിങ്‌സിനെ കാണാന്‍ വിലക്കുകളുമില്ല.

2005 ലാണ് 12.7 ദശലക്ഷം ഡോളര്‍ ചിലവില്‍ അല്‍ കബാഷ് റോഡ് നിര്‍മിക്കാന്‍ ഈജിപ്ത് തീരുമാനിച്ചത്. 1400 ബിസിയില്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന കര്‍നാക്, ലക്‌സോര്‍ ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. ഈ വര്‍ഷം അവസാനത്തോടെ ഈ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സ്ഫിങ്‌സിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് റോഡ് നിര്‍മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈജിപ്തിലെ പൗരാണിക നഗരമായ തീബ്‌സിലാണ് കര്‍നാക്, ലക്‌സോര്‍ ആരാധനാലയങ്ങളുള്ളത്. ഇവയെക്കുറിച്ചുള്ള പര്യവേഷണങ്ങള്‍ 1884 മുതല്‍ തന്നെ ആരംഭിച്ചിട്ടുണ്ട്.

ഗിസയിലെ മഹത്തായ പിരമിഡിനോട് ചേര്‍ന്നാണ് ആദ്യമായി സ്ഫിങ്‌സ് രൂപം കണ്ടെത്തിയത്. 73 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയുമുള്ള ഭീമന്‍ പ്രതിമയാണിത്. കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പൗരാണികമായ ശില്‍പ്പമായാണ് സ്ഫിങ്‌സിനെ കരുതുന്നത്. അതുകൊണ്ടുതന്നെ പുരാവസ്തു ഗവേഷകര്‍ക്കിടയില്‍ ഇവയുടെ മൂല്യം വലുതാണ്.

ഭീതിയുടെ പിതാവ് എന്നാണ് ഈ പൗരാണിക കഥയിലെ സ്വത്വത്തിന്റെ പേരിന്റെ അര്‍ഥം. സ്ഫിങ്‌സുകള്‍ നിര്‍മിക്കപ്പെട്ട കാലത്ത് ജീവിച്ചിരുന്ന ഫറവോ കാഫ്രേയുടെ മുഖമാണ് ഇവക്കെന്നാണ് കരുതപ്പെടുന്നത്. കാഫ്രേയുടെ മുതിര്‍ന്ന സഹോദരനായ ജാഡെഫ്രേ പിതാവായ കുഫുവിന്റെ ബഹുമാനാര്‍ഥമാണ് ഈ കൂറ്റന്‍ പ്രതിമകള്‍ നിര്‍മിച്ചതെന്നാണ് ചരിത്രം.

2550 ബിസിക്കും 2450 ബിസിക്കും ഇടയിലാണ് സ്ഫിങ്‌സുകള്‍ നിര്‍മിക്കപ്പെട്ടതെന്നാണ് കണക്കാക്കുന്നത്. കാലാന്തരത്തില്‍ ഇവ കഴുത്തുവരെ മണല്‍ മൂടിയ നിലയിലായെങ്കിലും പിന്നീട് പുരാവസ്തുഗവേഷകര്‍ വീണ്ടെടുക്കുകയായിരുന്നു. ഗിസയിലെ മഹത്തായ പിരമിഡിന് എതിര്‍വശത്തായാണ് ആദ്യത്തെ സ്ഫിങ്‌സിനെ കണ്ടെത്തിയത്.

139 മീറ്ററാണ് ഈ ഗിസയിലെ കൂറ്റന്‍ പിരമിഡിന്റെ ഉയരം. ഏകദേശം 3800 വര്‍ഷത്തോളം ഗിസയിലെ പിരമിഡിനെ ഉയരം കൊണ്ട് വെല്ലാന്‍ ലോകത്ത് ഒരു മനുഷ്യനിര്‍മിതികളും ഉണ്ടായിരുന്നില്ല. ഫറവോ കുഫുവിനെ അനശ്വരനാക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ശവകുടീരമായി ഗസയിലെ പിരമിഡ് നിര്‍മിക്കപ്പെട്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA