sections
MORE

നവകേരളത്തിനായി ഫ്ലഡ് മാപ്പിങ് പ്രളയം; മാപ്പിങ് ചെയ്യുന്നവർ അറിഞ്ഞിരിക്കാൻ...

kerala-flood-sky-view
SHARE

കേരളം നേരിട്ട കടുത്ത പ്രളയത്തെ തുടര്‍ന്ന് പ്രളയഭൂപടം തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. ഫ്ലഡ് മാപ്പിങ് ചെയ്യുന്നവർക്ക് ഏറെ സഹായകരമാകുന്ന മുരളി തുമ്മാരക്കുടിയുടെ ഫെയ്സ്ബുക് കുറിപ്പ്.

കേരളത്തിൽ എമ്പാടും ഇപ്പോൾ ഫ്ളഡ് മാപ്പിങ്ങിന്റെ പ്രളയമാണ്. എനിക്കറിയാവുന്ന ഒരു പതിനഞ്ചോളം സംഘങ്ങൾ ഇപ്പോൾ ഈ കാര്യം ചെയ്യാൻ പ്ലാൻ ചെയ്യുന്നുണ്ട്. ചിലർ ചെയ്തു തുടങ്ങി. ചിലർ ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് കേരളം ഒട്ടാകെ, ചിലർ മൊബൈൽ ഫോൺ ഉപയോഗിച്ച് സ്വന്തം വാർഡിൽ എന്നിങ്ങനെ. ഇതിന് പുറമേ സർക്കാരിന്റെ തന്നെ മാപ്പിങ് പദ്ധതികളുണ്ട്. ഇതൊക്കെ നല്ലതാണ്. കുറച്ചു നിർദേശങ്ങൾ കൂടി തരാം.

1. സർക്കാർ പഠനങ്ങൾ മുറക്ക് നടക്കട്ടെ. സർക്കാർ പഠിക്കുന്നുണ്ട് എന്നത് കൊണ്ട് മാത്രം മറ്റുള്ളവർ പഠനം നടത്താതിരിക്കേണ്ട കാര്യമില്ല. പലപ്പോഴും സർക്കാർ പഠനങ്ങളുടെ ഫലമായി ഉണ്ടാകുന്ന മാപ്പുകളും റിപ്പോർട്ടുകളും മറ്റുള്ളവർക്ക് കിട്ടാറില്ല. പൊതുജനങ്ങൾക്കോ അക്കാദമിക്ക് രംഗത്തുള്ളവർക്കോ പോയിട്ട്, ഒരു വകുപ്പിന്റെ പഠന ഫലങ്ങൾ മറ്റു വകുപ്പുകൾക്ക് പോലും കിട്ടാറില്ല. തിരുവനന്തപുരത്ത് നടത്തുന്ന പഠനങ്ങൾ വെങ്ങോല പഞ്ചായത്തിൽ ലഭിക്കാറില്ല. നവകേരളത്തിൽ ഇതൊക്കെ മാറുമെന്ന് തന്നെയാണ് പ്രതീക്ഷ. എങ്കിലും സർക്കാരിതര പഠനങ്ങളും മാപ്പുകളും ഉണ്ടാകുന്നത് നല്ലതാണ്.

2. ഉപഗ്രഹ ചിത്രങ്ങളും, Terrain Elevation Data യും ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് കേരളത്തിലെ ഫ്ലഡ് മാപ്പിങ് നമുക്ക് നടത്താം. കുറച്ചു ഗ്രൗണ്ട് ട്രൂത്തിങ് കൂടി നടത്തിയാൽ ആളുകൾക്ക് പ്രയോഗമുള്ള മാപ്പ് ഒരു മാസത്തിനകം പബ്ലിക്ക് ഡൊമൈനിൽ ഇടാം.

3. ഏറെ ആളുകൾ നടത്തുന്ന ഈ പഠനങ്ങളും ശ്രമങ്ങളും ആരെങ്കിലുമൊക്കെ ഒന്ന് ഏകോപിപ്പിക്കാൻ ശ്രമിക്കേണ്ടതാണ്. ഏതെങ്കിലും ഒരു എൻജിനീയറിങ്ങ് കോളേജ് ഈ വിഷയത്തിൽ മുൻകൈ എടുക്കുക. ഇപ്പോൾ തന്നെ ഒരു ദിവസത്തെ മീറ്റിങ് വിളിച്ച് ശാസ്ത്രീയമായി എങ്ങനെ മാപ്പിങ് നടത്താം, ഡ്രോണുകളെ എങ്ങനെ ഉപയോഗിക്കാം, ക്രൗഡ് ബേസ്‌ഡ് ആയി മാപ്പിങ്ങും ഗ്രൗണ്ട് ട്രൂത്തിങ്ങും എങ്ങനെ നടത്താം, എന്നിങ്ങനെ അനവധി കാര്യങ്ങളിൽ ചർച്ചക്ക് സ്കോപ്പുണ്ട്. പക്ഷേ സെമിനാർ നടത്താൻ പണത്തിന് വേണ്ടി പ്രപ്പോസൽ എഴുതാൻ പോയാൽ ഈ വർഷം കാര്യം നടക്കില്ല.

4. ലോകത്ത് നടക്കുന്ന വലിയ ദുരന്തങ്ങളുടെ എല്ലാം ഉപഗ്രഹം ഉപയോഗിച്ചുള്ള അപഗ്രഥനം നടത്തുന്ന ഒരു സംഘം ഞങ്ങൾക്കുണ്ട്. ലോകത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ പെടുന്ന ഒന്നല്ല കേരളത്തിലെ ദുരന്തം. എന്നാലും അതേ സംവിധാനങ്ങൾ ഉപയോഗിച്ച് കേരളത്തിലെ വെള്ളപ്പൊക്കത്തെ മാപ്പ് ചെയ്യാൻ ഞാൻ അതിലെ പ്രധാന വിദഗ്ധനോട് വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ഏതെങ്കിലും എൻജിനീയറിങ്ങ് കോളേജ് ഈ വിഷയത്തിൽ മുൻകൈ എടുത്ത് അടുത്ത പതിനഞ്ചു ദിവസത്തിനകം വിഷയത്തിൽ ഒരു ഏകോപന സെമിനാർ നടത്തിയാൽ ഈ വിഷയത്തിലെ ഏറ്റവും നല്ല രാജ്യാന്തര പ്രാക്ടീസുകളെപ്പറ്റിയുള്ള ഒരു സെഷൻ, സ്കൈപ്പ് വഴി നൽകാൻ ഞാൻ സംവിധാനം ഉണ്ടാക്കാം.

ഇനിയുള്ള സമയത്ത് സ്ഥലം വാങ്ങുന്നവർക്കും, വീട് വെക്കുന്നവർക്കും, വീടിന് വായ്‌പ കൊടുക്കുന്ന ബാങ്കുകൾക്കും, ഇൻഷുറൻസ് ഏജന്റുമാർക്കും, ബ്ലേഡ് കമ്പനിക്കാർക്കും, റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്കും, എന്തിന് കല്യാണാലോചനക്ക് വരെ ഈ ഡേറ്റയുടെ ആവശ്യം വരും. അപ്പോൾ ഇൻഫോർമേഷൻ ഈസ് പവർ എന്നത് സത്യമായി വരും. പണമായും വരാം.

അതുകൊണ്ട്, ‘എന്തിന്നധീരത ഇപ്പോൾ തുടങ്ങുക, എല്ലാം നമ്മൾ മാപ്പേണം !!’

മുരളി തുമ്മാരുകുടി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA