sections
MORE

നാവികര്‍ക്കായി ബിസ്‌കറ്റ് നിര്‍മിച്ച ബിസ്‌കറ്റ് ഫാക്ടറിയും ജലമില്ലുകളും

factory-roman
SHARE

ദക്ഷിണ ഫ്രാന്‍സില്‍ നിന്നും ലോകത്തെ ഏറ്റവും പഴക്കമേറിയ ബിസ്‌ക്കറ്റ് ഫാക്ടറിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. റോമന്‍കാലത്തെ ഈ ഫാക്ടറിയില്‍ നാവികര്‍ക്കുവേണ്ടിയാണ് വിപുലമായ തോതില്‍ ഇവിടെ നിന്നും ബിസ്‌കറ്റുകള്‍ നിര്‍മിക്കപ്പെട്ടതെന്ന് കരുതുന്നു. വെള്ളത്തില്‍ കറങ്ങുന്ന 16 കൂറ്റന്‍ മരചക്രങ്ങളാണ് ഈ റോമന്‍ മില്ലിലെ പ്രധാന യന്ത്രങ്ങള്‍. 

ഉയരത്തില്‍ നിന്നും ഒഴുകി വരുന്ന വെള്ളം ഉപയോഗിച്ച് മരചക്രങ്ങള്‍ കറക്കിയാണ് ധാന്യങ്ങള്‍ പൊടിച്ചിരുന്നത്. 1937ലാണ് ഇത്തരം റോമന്‍ മില്ലുകളെ ആദ്യമായി കണ്ടെത്തിയത്. ലോകത്തെ തന്നെ ഏറ്റവും പഴയ വ്യാവസായിക കോംപ്ലക്‌സുകളായാണ് ഇവ അറിയപ്പെടുന്നത്. പ്രതിവര്‍ഷം 12500 പേര്‍ക്ക് ആവശ്യമായ ധാന്യം പൊടിക്കാനുള്ള ശേഷി ഈ ജലമില്ലുകള്‍ക്കണ്ടായിരുന്നു.

അടുത്തുള്ള റോമന്‍ നഗരമായ അരലേറ്റിലേക്ക് കൊണ്ടുപോകുന്നതിനാണ് ഈ ബാര്‍ബെഗല്‍ ഫാക്ടറിയില്‍ ധാന്യങ്ങള്‍ പൊടിച്ചിരുന്നതെന്നാണ് അടുത്തകാലം വരെ കരുതിയിരുന്നത്. എന്നാല്‍ മില്ലിന്റെ അവശിഷ്ടങ്ങളില്‍ നടത്തിയ സൂഷ്മ പരിശോധനകളില്‍ നിന്നും വര്‍ഷത്തില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് തെളിഞ്ഞു. അതുകൊണ്ടുതന്നെ ഇത് നഗരത്തിനാവശ്യമായ ധാന്യങ്ങളല്ല പൊടിച്ചിരുന്നതെന്ന നിഗമനത്തിലെത്തുകയായിരുന്നു. 

ജര്‍മ്മനിയിലെ ജോണസ് ഗുട്ടന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. ബാര്‍ബെഗല്‍ മരമില്ലിലെ പല്‍ചക്രത്തില്‍ ശേഷിച്ചിരുന്ന ചുണ്ണാമ്പുകല്ലിന്റെ അംശങ്ങളാണ് നിര്‍ണ്ണായക സൂചനകള്‍ നല്‍കിയത്. വെള്ളം നിരന്തരം പതിക്കുമ്പോഴാണ് ചുണ്ണാമ്പുകല്ലിന്റെ അംശങ്ങള്‍ പല്‍ചക്രത്തില്‍ ശേഷിച്ചത്. വിശദപരിശോധനയില്‍ വേനല്‍ക്കാലത്തും ശരത്കാലത്തും മില്ലുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് തെളിഞ്ഞു. 

ഇതോടെയാണ് മില്ലുകള്‍ നഗരവാസികള്‍ക്കുവേണ്ടിയല്ല നാവികര്‍ക്കുവേണ്ടി ബിസ്‌കറ്റ് നിര്‍മിക്കാനാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന സൂചന ലഭിക്കുന്നത്. മെഡിറ്ററേനിയന്‍ കടല്‍ പ്രക്ഷുബ്ദമാകുന്ന മാസങ്ങളില്‍ നാവികര്‍ ഈ പ്രദേശങ്ങളില്‍ നിന്നുള്ള സമുദ്രയാത്ര ഒഴിവാക്കിയിരുന്നു. പൊടിച്ച ധാന്യങ്ങള്‍ ഒരുപാടുകാലം സുക്ഷിക്കാനാകാത്തതിനാല്‍ നാവികര്‍ക്ക് ആവശ്യമുള്ള കാലത്ത് മാത്രമാണ് ഈ മില്ലുകളില്‍ ധാന്യങ്ങള്‍ പൊടിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്. 

ധാന്യപ്പൊടികളും വെള്ളവും ഉപ്പും ചേര്‍ത്ത് നിര്‍മിച്ചിരുന്ന ബിസ്‌കറ്റുകള്‍ റോമന്‍ നാവികര്‍ക്കിടയില്‍ വലിയ പ്രചാരത്തിലുണ്ടായിരുന്നു. പൗരാണിക കാലത്ത് ഈജിപ്ത് മുതല്‍ ചൈന വരെയുള്ള പ്രദേശങ്ങളില്‍ ഇത്തരം ജലമില്ലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണഫ്രാന്‍സിലെ ബാര്‍ബെഗല്‍ ജലമില്ലിലൂടെ 45 മില്യണ്‍ ലിറ്റര്‍ ജലമാണ് പ്രതിദിനം പൊയ്‌ക്കൊണ്ടിരുന്നത്. ഇത്തരം മില്ലുകള്‍ പലയിടത്തും ഉണ്ടായിരുന്നെങ്കിലും മരംകൊണ്ട് നിര്‍മിക്കപ്പെട്ടിരുന്നതിനാല്‍ നൂറ്റാണ്ടുകള്‍ക്കൊപ്പം അവയും ഇല്ലാതാവുകയായിരുന്നു. എന്നാല്‍ ഇത്തരം പല്‍ചക്രങ്ങളില്‍ അടിഞ്ഞ ചുണ്ണാമ്പുകല്ലുകള്‍ അതേ രൂപത്തില്‍ തന്നെ പലയിടത്തു നിന്നും ലഭിച്ചു. ഇവയാണ് പിന്നീട് ഗവേഷകര്‍ക്ക് നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA