sections
MORE

റോക്കറ്റ് ചതിച്ചു, തിരിച്ചുകിട്ടിയത് 2 ജീവനുകൾ; ‘തീക്കളി’ ഉപേക്ഷിക്കുമെന്ന് നാസ

soyus
SHARE

രാജ്യാന്തര ബഹിരാകാശ നിലയത്തിലെ മനുഷ്യ സാന്നിധ്യം അവസാനിപ്പിക്കുന്നത് അടക്കമുള്ള നടപടികള്‍ പരിഗണനയിലെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. രണ്ട് ബഹിരാകാശ യാത്രികരുമായി പുറപ്പെട്ട സോയുസ് റോക്കറ്റ് യന്ത്രതകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കേണ്ടി വന്നിരുന്നു. ഇതാണ് നാസയുടെ തീരുമാനത്തില്‍ നിര്‍ണ്ണായകമായത്. നിലവില്‍ ബഹിരാകാശ നിലയത്തിലെ യാത്രികരെ ജനുവരിയോടെ ഭൂമിയിലേക്ക് തിരിച്ചെത്തിക്കാമെന്നാണ് കരുതുന്നത്. നേരത്തെ ഡിസംബറില്‍ ഇവരെ തിരിച്ചെത്തിക്കാമെന്നാണ് കരുതിയിരുന്നത്. 

രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരെ തിരികെയെത്തിക്കാനുള്ള പേടകം കഴിഞ്ഞ ജൂണിലാണ് ബഹിരാകാശത്തെത്തിയത്. 200 ദിവസം പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം ഈ പേടകത്തിലെ ബാറ്ററിയിലുണ്ട്. സാങ്കേതികമായി അടുത്ത വര്‍ഷം ജനുവരിയില്‍ ഈ ഊര്‍ജ്ജം തീരും. അതിന് മുൻപ് ഐഎസ്എസിലുള്ളവരെ തിരിച്ചെത്തിക്കേണ്ടി വരും. അതേസമയം, ഭക്ഷണത്തിന്റെയും മറ്റു സൗകര്യങ്ങളുടേയും കാര്യത്തില്‍ നിലവില്‍ ഐഎസ്എസിലെ സഞ്ചാരികള്‍ക്ക് യാതൊരു ഭീഷണിയുമില്ല. ജപ്പാന്റെയും അമേരിക്കയുടേയും ആളില്ലാ റോക്കറ്റുകള്‍ സാധനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ഐഎസ്എസിലെത്തിക്കുന്നുണ്ട്. 

സോയുസ് റോക്കറ്റിന്റെ സാങ്കേതിക തകരാറ് കണ്ടുപിടിച്ച് പരിഹരിക്കാതെ യാത്രികരെ ബഹിരാകാശത്തേക്ക് അയക്കേണ്ടതില്ലെന്നാണ് അമേരിക്കയുടേയും റഷ്യയുടേയും നിലപാട്. 2011 മുതല്‍ ഭൂമിയില്‍ നിന്നും യാത്രികരെ ബഹിരാകാശ നിലയത്തിലെത്തിച്ചത് സോയുസ് റോക്കറ്റ് വഴിയാണ്. വ്യാഴാഴ്ചത്തെ വിക്ഷേപണം പരാജയപ്പെടാനുണ്ടായ കാരണം അറിയാന്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

യാത്ര തുടങ്ങി 119 സെക്കന്റ് പൂര്‍ത്തിയായപ്പോഴാണ് സോയുസില്‍ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍ പെട്ടത്. മണിക്കൂറില്‍ 7563 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുകയായിരുന്നു റോക്കറ്റ് അപ്പോള്‍. അമേരിക്കയുടേയും റഷ്യയുടേയും ഓരോ സഞ്ചാരികളാണ് സോയുസിലുണ്ടായിരുന്നത്. തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കേണ്ടി വന്നു. എമര്‍ജന്‍സി റെസ്‌ക്യൂ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ചാണ് യാത്രികരുടെ ജീവന്‍ രക്ഷിച്ചത്. 

2000 നവംബര്‍ മുതല്‍ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ സ്ഥിരമായി മനുഷ്യ സാന്നിധ്യമുണ്ട്. ഓരോ ആറ് മാസം കൂടുമ്പോഴും യാത്രികര്‍ മാറുകയാണ് പതിവ്. അഞ്ചോ ആറോ യാത്രികരാണ് ഓരോ കാലയളവിലും രാജ്യാന്തര ബഹിരാകാശ നിലയത്തിലുണ്ടാവുക. സോയുസ് വിക്ഷേപണം പരാജയപ്പെട്ടതോടെ ബഹിരാകാശത്ത് സ്ഥിരം അമേരിക്കക്കാരുടെ സാന്നിധ്യമുണ്ടാകുമെന്ന നയം അവസാനിക്കാനും സാധ്യതയുണ്ട്. ഭൂമിയിലിരുന്നു കൊണ്ട് രാജ്യാന്തര ബഹിരാകാശ നിലയത്തെ നിയന്ത്രിക്കാന്‍ നിലവിലെ സാങ്കേതിക വിദ്യകൊണ്ട് കഴിയും. 

ബഹിരാകാശ നിലയത്തിലേക്ക് മനുഷ്യരെ എത്തിക്കുന്നതിന് റഷ്യയുമായുള്ള നാസയുടെ കരാര്‍ 2019ല്‍ അവസാനിക്കും. സ്വകാര്യ കമ്പനികളായ ബോയിങും സ്‌പേസ് എക്‌സുമാണ് നാസയുമായി പുതിയ കരാറിലെത്തിയിരിക്കുന്നത്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇവരുടെ പദ്ധതികള്‍ സമയബന്ധിതമായി ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ഈ സാഹചര്യത്തില്‍ പുതിയ സംഘത്തെ ബഹിരാകാശത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നീളാനുള്ള സാധ്യതയുമുണ്ട്. ഇതാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലെ മനുഷ്യ സാന്നിധ്യം അവസാനിച്ചേക്കുമെന്ന നാസയുടെ പ്രഖ്യാപനത്തിന് പിന്നില്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA