തൊട്ടാൽ പൊടിയുന്ന ചുരുളുകളിലെ രഹസ്യങ്ങൾ പോലും ഇനി എളുപ്പം വായിച്ചെടുക്കാം!

വൈദ്യശാസ്ത്ര രംഗത്ത്  ഉപയോഗിക്കുന്ന സിടി സ്കാൻ (കംപ്യൂട്ടറൈസ്ഡ് ടോമോഗ്രഫി) ഏവർക്കും പരിചിതമാണ്. ആന്തരികാവയവങ്ങളുടെയും എല്ലുകളുടെയും ട്യൂമറുകളുടെയുമെല്ലാം വലുപ്പവും സ്ഥാനവും ആകൃതിയും ഉൾപ്പെടെയുള്ള വിവരങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നതാണിത്. എന്നാൽ ഇതോടൊപ്പം കംപ്യൂട്ടർ അൽഗോരിതം കൂടി ചേർത്ത് അദ്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് കാർഡിഫ് സർവകലാശാലയിലെ സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമാറ്റിക്സ് വിഭാഗം. ഇതിന്റെ തലവൻ പോൾ റോസിന്റെ നേതൃത്വത്തിൽ അഞ്ഞൂറു വർഷത്തോളം പഴക്കമുള്ള ഒരു ചുരുളിലെ രഹസ്യം വായിച്ചെടുത്തിരിക്കുകയാണു ഗവേഷകർ. 

ഏകദേശം 27 സെന്റി മീറ്റർ വീതിയുള്ള ഈ ചുരുൾ കാലങ്ങളായി ഗവേഷകരുടെ മുന്നിലുണ്ട്. അതിൽ എന്തൊക്കെയോ എഴുതിയിരിക്കുന്നതും കാണാം. പക്ഷേ ആ എഴുത്തുകൾ വായിച്ചെടുക്കാൻ മാത്രം സാധിച്ചിരുന്നില്ല. ചുരുണ്ടുകൂടി, കറുത്ത് ആകെ വികൃതമായ അവസ്ഥയിലായിരുന്നു ചുരുൾ ഗവേഷകർക്കു ലഭിച്ചത്. അതായത്, എഴുതിവച്ചിരുന്നതൊന്നും വായിച്ചെടുക്കാൻ പറ്റാത്ത അവസ്ഥയിൽ. എന്നാൽ പതിനാറാം നൂറ്റാണ്ടിലെ ഈ ചുരുളും ഗവേഷകർ വായിച്ചെടുത്തു. ഒരു ‘ട്യൂഡർ’ പ്രഭുവിന്റെ കൊട്ടാരത്തിൽ നിന്നാണു ചുരുൾ ലഭിച്ചത്. അതിനകത്തുണ്ടായിരുന്നതാകട്ടെ ഒരു കോടതി വിധിയും. (1485 മുതൽ 1603 വരെ ഇംഗ്ലണ്ടും വെയിൽസും ഭരിച്ചിരുന്ന കുടുംബമാണ് ട്യൂഡർമാർ) 

ചുരുണ്ടുകൂടിയിരിക്കുന്ന ചുരുൾ തുറക്കാൻ ശ്രമിച്ചാൽ പൊടിഞ്ഞു നശിച്ചു പോകുമെന്നത് ഉറപ്പായിരുന്നു. അതിനാൽത്തന്നെ ഒരിഞ്ചു പോലും തുറക്കാതെയാണ് ഗവേഷകർ ചുരുളിലെ വിവരങ്ങൾ വേർതിരിച്ചെടുത്തത്. എക്സ്–റേ ടോമോഗ്രഫി എന്ന സാങ്കേതികതയാണ് ആദ്യഘട്ടത്തിൽ ഗവേഷകർ ഉപയോഗപ്പെടുത്തിയത്. ചുരുളിലെ ഓരോ പടലവും (cross-section) അതിസൂക്ഷ്മമായി സ്കാൻ ചെയ്തെടുത്തു. ഇത്തരത്തിൽ ആയിരക്കണക്കിനു ക്രോസ് സെക്‌ഷനുകളുണ്ടായിരുന്നു. ഇവയിൽ ഓരോന്നിലും മഷിയുടെ സാന്നിധ്യവുമുണ്ടായിരുന്നു. ഒരു കൊഴുത്ത ദ്രാവകം ഒലിച്ചിറങ്ങിയ പോലെയായിരുന്നു അക്ഷരങ്ങൾ. ഇതെല്ലാം ഗവേഷകർ ‘മാർക്ക്’ ചെയ്തു. 

ഈ ക്രോസ് സെക്‌ഷനുകളിലെ അടയാളപ്പെടുത്തലുകളെല്ലാം  അതീവ സങ്കീർണമായ കംപ്യൂട്ടർ അൽഗോരിതങ്ങൾ വഴി കൂട്ടിച്ചേർത്തു. അങ്ങനെ ചുരുളിന്റെ 2 ഡി രൂപവും തയാറാക്കി. ഭൂമി ഇടപാടുകൾ, പിഴ ഈടാക്കേണ്ടതിന്റെ വിവരങ്ങൾ, ഏതാനും പേരുകൾ എന്നിവയായിരുന്നു ചുരുളുകളിൽ ഉണ്ടായിരുന്നത്. അക്കാലത്തെ ട്യൂഡർ ഭരണത്തെയും നീതിന്യായ വ്യവസ്ഥയെയും പറ്റിയുള്ള വിവരങ്ങൾ  കണ്ടെത്താൻ ഈ സാങ്കേതികത സഹായിച്ചു. എന്നാൽ അതായിരുന്നില്ല ഗവേഷകരുടെ ലക്ഷ്യം. ലോകമെമ്പാടുമുള്ള ലൈബ്രറികളിലും മ്യൂസിയങ്ങളിലും അനക്കാൻ പോലും പറ്റാത്ത വിധം സൂക്ഷിച്ചു വച്ചിരിക്കുന്ന പല ചുരുളുകളും എഴുത്തുകളുമുണ്ട്. തൊട്ടാൽ പൊടിഞ്ഞു പോകുന്നത്ര കാലപ്പഴക്കമാണവയ്ക്ക്. 

ഇവയെ ഒന്നു തൊടുക പോലും ചെയ്യാതെ അവയ്ക്കുള്ളിൽ എഴുതിച്ചേർത്തിരിക്കുന്ന രഹസ്യങ്ങൾ കണ്ടെത്താനാകുമെന്നതാണ് പോൾ റോസിന്റെ നേതൃത്വത്തിലുള്ള സംഘം പറയുന്നത്. പൂർണമായും ഓട്ടമേറ്റഡാണ് ഈ സ്കാനിങ് സംവിധാനം. പഴയകാല ക്യാമറകളിലെ ഫോട്ടോകൾ വരെ ഇത്തരത്തിൽ തിരിച്ചെടുത്തു തരാമെന്നാണു ഗവേഷകരുടെ വാഗ്ദാനം. യുകെയിലെയും ലോകമെമ്പാടുമുള്ള മറ്റു ഗവേഷകരുടെയും സഹായത്താലാണ് ഈ എക്സ് റേ ടോമോഗ്രഫിയും അൽഗോരിവും ഒരുമിപ്പിച്ചുള്ള സംവിധാനം തയാറാക്കിയിരിക്കുന്നത്.