sections
MORE

ഭൂമിക്കു ‘തൊട്ടരികിലൂടെ’ മൂന്ന് ഛിന്നഗ്രഹങ്ങൾ; സംഭവിക്കുക ശനി രാത്രി!

asteroid-earth
SHARE

ബഹിരാകാശത്തിൽ ഒരിടത്തു വച്ചു രണ്ടു പ്രപഞ്ചവസ്തുക്കൾ കൂട്ടിയിടിക്കുമ്പോഴാണ് ആസ്റ്ററോയ്ഡ് അഥവാ ഛിന്നഗ്രഹങ്ങൾ രൂപപ്പെടുക. പലതരം വസ്തുക്കൾ കൊണ്ടു രൂപപ്പെട്ട ഒരു വമ്പൻ പാറക്കല്ലെന്നു വിളിക്കാം ഇതിനെ. സൗരയൂഥം ഉണ്ടായ കാലം മുതൽക്കുള്ള ഛിന്നഗ്രഹങ്ങൾ ചുറ്റിക്കറങ്ങുന്നുണ്ട് ബഹിരാകാശത്ത്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയ്ക്കുള്ള ‘മെയിൻ ബെൽറ്റിലാണ്’ ഇവയിലേറെയും. ഇടയ്ക്കിടെ ചില ഛിന്നഗ്രഹങ്ങൾ ഭൂമിയിലേക്കു ‘തലനീട്ടാ’നെത്തും. ഭൂമിക്കു തൊട്ടരികിലൂടെ കടന്നു പോകുന്ന ഇവയെ നിരീക്ഷിക്കാൻ വമ്പൻ സംവിധാനങ്ങളുമുണ്ട് നമുക്ക്. അത്തരത്തിൽ നാസയുടെ കലിഫോർണിയയിലെ ജെറ്റ് പ്രൊപ്പൽഷൻ ലാബറട്ടറിയാണ് മൂന്ന് ‘നിയർ എയർത്ത് ഓബ്ജക്ട്സിനെ’ അടുത്തിടെ കണ്ടെത്തിയത്. മൂന്നും ഛിന്നഗ്രഹങ്ങളാണ്. അൽപം ആശങ്കപ്പെടുത്തുന്നവയുമാണ്. ഛിന്നഗ്രഹങ്ങളുടെ വലുപ്പവും ഭ്രമണപഥവും താരതമ്യം ചെയ്താണ് ഗവേഷകർ ഇവ ഭൂമിക്കു ഭീഷണിയാണോ എന്നു തിരിച്ചറിയുക.പക്ഷേ ഇതുവരെയുള്ള കണക്കുകൂട്ടൽ പ്രകാരം മൂന്നെണ്ണവും ഭൂമിക്ക് ദോഷം ചെയ്യില്ല. ശനിയാഴ്ച രാത്രിയോടെ ചെറിയ ഇടവേളകളിൽ ഒന്നിനു പിറകെ ഒന്നായി ഭൂമിയെ കടന്നു പോകുമെന്നു മാത്രം.

2018 വിആർ1 എന്ന ഛിന്നഗ്രഹമാണ് കൂട്ടത്തിൽ ഏറ്റവും വലുത്. ഏകദേശം നൂറടിയുണ്ടാകും ഇതിന്റെ വീതി. ഏകദേശം ഒരു നീലത്തിമിംഗലത്തോളം നീളവും.  2018 വിഎസ്1, വിഎക്സ് 1 എന്നിവയാണു മറ്റു രണ്ടു ഛിന്നഗ്രഹങ്ങൾ. കൂട്ടത്തിൽ  2018 വിഎസ്1 ആയിരിക്കും ഭൂമിയെ ആദ്യം കടന്നു പോകുക. അതും ഏകദേശം  1,386,771 കിലോമീറ്റർ ദൂരത്തു കൂടെ. ഇതാണോ ഇത്രയും അടുത്ത് എന്ന സംശയം സ്വാഭാവികം. എന്നാൽ പ്രപഞ്ചത്തിന്റെയും ഭൂമിയുടെയും കണക്കു നോക്കുമ്പോൾ 13 ലക്ഷത്തിലേറെ എന്നു പറയുന്നത് ഗവേഷകർക്ക് ഒരു ചെറിയ ദൂരം മാത്രമേയുള്ളൂ. ഇന്ത്യന്‍ സമയം നവംബർ 10 ശനിയാഴ്ച രാത്രി എട്ടരയോടെയായിരിക്കും 2018 വിഎസ്1 ഭൂമിയ്ക്ക് അരികിലൂടെ പോവുക. ഇതിനു പ്രതീക്ഷിക്കുന്നത് 92 അടി നീളവും 42 അടി വീതിയുമാണ്. 

ഇതു യാത്ര കഴിഞ്ഞ് കൃത്യം 16 മിനിറ്റ് കഴിയുമ്പോൾ രണ്ടാമനും കൂട്ടത്തിലെ ഏറ്റവും വലിയവനുമായ  2018 വിആർ1 എത്തും. ഇതിന്റെ യാത്രാപഥം ഭൂമിയിൽ നിന്ന് ഏകദേശം 50 ലക്ഷം കിലോമീറ്റർ അകലെയായിരിക്കും. അർധരാത്രി പന്ത്രണ്ടരയോടെയായിരിക്കും അവസാന ഛിന്നഗ്രഹമായ വിഎക്സ്1 കടന്നു പോവുക. അതും ഏകദേശം 3,81,474 കിലോമീറ്റർ സമീപത്തുകൂടെ. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തേക്കാൾ കുറവാണിത്. ‘ക്ലോസ് അപ്രോച്ച്’ പട്ടികയിലാണ് നാസ ഈ ഛിന്നഗ്രഹങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇവയെ നഗ്നനേത്രങ്ങൾ കൊണ്ടോ ടെലസ്കോപ്പു കൊണ്ടോ പോലും കാണാനാകില്ല. അതിനു സാറ്റലൈറ്റുകളുടെ സഹായം വേണം. ജെറ്റ് പ്രൊപ്പൽഷൻ ലാബറട്ടറിയിൽ ഗവേഷകർ അതിനുള്ള ഒരുക്കങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA