sections
MORE

പൂച്ചകളെ ശ്വാസംമുട്ടിച്ചു കൊന്നു മമ്മിയാക്കി; ഈജിപ്തിനു ഇത് ‘നിധി’യും

cat-mummy
SHARE

ഈജിപ്തിലെ കല്ലറയിൽ നിന്നു ലഭിച്ച ‘പൂച്ചമമ്മികൾ’ വെളിച്ചം വീശുന്നത് ചരിത്രത്തിലെ നിർണായക അറിവുകളിലേക്ക്. പുരാതന ഈജിപ്തിന്റെ തലസ്ഥാനമായ മെംഫിസിലെ പ്രശസ്തമായ ശവക്കല്ലറകളിലൊന്നായ സഖ്വാറയിൽ അടുത്തിടെ നടത്തിയ ഉദ്ഖനനമാണു പര്യവേക്ഷകര്‍ക്കു വിരുന്നായത്. ഇവിടുത്തെ യുസെർകാഫ് ഫറവോയുടെ പിരമിഡ് കോംപ്ലക്സിൽ നിന്നു ലഭിച്ചത് ഒട്ടേറെ അപൂർവ വസ്തുക്കൾ. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് പൂച്ചകളുടെ മമ്മികളായിരുന്നു. ഡസൻ കണക്കിനു പൂച്ചമമ്മികളെ കൂടാതെ പൂച്ചകളുടെ രൂപത്തിൽ സ്വർണം പൂശിയുണ്ടാക്കിയ മരപ്രതിമകൾ നൂറെണ്ണമാണു ലഭിച്ചത്. ബാസ്തെത് എന്ന ‘പൂച്ച’ദൈവത്തിന്റെ വെങ്കലത്തിൽ തീർന്ന പ്രതിമയും ഉണ്ടായിരുന്നു കൂട്ടത്തിൽ. 

ബിസി 664 മുതൽ ബിസി 332 വരെയുള്ള കാലഘട്ടത്തിലായിരുന്നു ഈജിപ്തിൽ ഏറ്റവുമധികം പൂച്ചകളെ മമ്മിഫിക്കേഷനു വിധേയമാക്കിയത്. ദശലക്ഷക്കണക്കിനു വരും ഇത്. പക്ഷേ 1890കളിൽ ബ്രിട്ടിഷ് പര്യവേക്ഷകർ ഈജിപ്തിലേക്കു കടന്നതോടെ ഈ അമൂല്യവസ്തുക്കൾക്കു സംഭവിച്ചത് വൻ നാശം. ലക്ഷക്കണക്കിന് പൂച്ചമമ്മികളെയാണ് ബ്രിട്ടനിലേക്കു കപ്പൽ കയറ്റി അയച്ചത്. വളം നിർമിക്കാനുള്ള അസംസ്കൃത വസ്തുവായിട്ടായിരുന്നു ഇത്. ഒരു കപ്പലിൽ 1.8 ലക്ഷം പൂച്ചമമ്മികളെ വരെ കയറ്റി അയച്ചിരുന്നതായി രേഖകൾ ലഭിച്ചിട്ടുണ്ട്. 

ഈജിപ്തിലെ അഞ്ചാം രാജവംശം എന്നറിയപ്പെടുന്ന രാജാക്കന്മാരുടെ കാലത്താണു പൂച്ചമമ്മികൾ ധാരാളമായുണ്ടായത്. അക്കാലത്ത് ഈജിപ്തിലെ ക്ഷേത്രങ്ങൾക്ക് അനുവദിച്ചിരുന്ന പണം ഒരു ഘട്ടത്തിൽ അധികാരികൾ പിൻവലിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കണ്ടെത്തിയ വഴികളിലൊന്നാണ് മൃഗങ്ങളുടെ മമ്മിഫിക്കേഷനിലേക്കു നയിച്ചത്. ക്ഷേത്രത്തിലേക്ക് വരുന്നവരോടു വിവിധ ദൈവങ്ങളുടെ പ്രതിരൂപങ്ങളും കൊണ്ടുവരാൻ അധികൃതർ പറഞ്ഞിരുന്നു. പ്രതിരൂപങ്ങൾ സ്വന്തമായി നിർമിക്കാനായില്ലെങ്കിൽ ക്ഷേത്രങ്ങളിൽ നിന്നു വാങ്ങാം. ദൈവത്തിനുള്ള സന്ദേശം ആ വിഗ്രഹങ്ങള്‍ക്കുള്ളിലേക്ക് പുരോഹിതർ ‘ആവാഹിച്ചു’ കയറ്റും. പിന്നീട് ആ വിഗ്രഹം ക്ഷേത്രത്തിനു സ്വന്തമാണ്. അവിടെ നിന്നായിരിക്കും സന്ദേശം ദൈവങ്ങളിലേക്കെത്തുക. 

പലതരം ദൈവങ്ങളുടെ രൂപങ്ങൾ ഇതുപോലെ വിൽപനയ്ക്കെത്തി. അവയെല്ലാം ക്ഷേത്രത്തിനു പണം നൽകി വാങ്ങി അവിടെത്തന്നെ സൂക്ഷിക്കുകയും ചെയ്തു. പ്രതിമകൾ എത്ര തവണ വേണമെങ്കിലും പുനരുപയോഗിക്കാനും ഇതുവഴി സാധിച്ചു. ബസ്തേത് എന്ന പേരിലുള്ള ദൈവത്തിനു പൂച്ചയുടെ രൂപമായിരുന്നു. അതിനാൽത്തന്നെ ഒട്ടേറെ വിശ്വാസികൾ ചത്തുപോയ പൂച്ചകളെ വാങ്ങിക്കൂട്ടി അവയെ മമ്മികളാക്കി ക്ഷേത്രത്തിലെത്തിച്ചു. പൂച്ചകളുടെ കച്ചവട സാധ്യത മനസ്സിലാക്കിയതോടെ പലരും അവയെ പിടികൂടി ശ്വാസംമുട്ടിച്ചു കൊന്നാണു വിറ്റിരുന്നത്. ഈജിപ്തിൽ നിന്നു ലഭിച്ച പൂച്ചമമ്മികളിലേറെയും ശ്വാസംമുട്ടിച്ചു കൊന്ന നിലയിലായിരുന്നെന്ന് കയ്റോയിലെ അമേരിക്കൻ യൂണിവേഴ്സിറ്റി ഈജിപ്റ്റോളജി പ്രഫസർ സലിമ ഇക്‌റം പറയുന്നു. എന്നാൽ കച്ചവടക്കാരല്ല ഇത്തരത്തിൽ പൂച്ചകളെ കൊന്നതെന്നും പറയപ്പെടുന്നു. പ്രത്യേക പ്രാർഥനകളോടെ അതു നടത്താൻ പുരോഹിതന്മാരുണ്ടായിരുന്നു. 

ക്ഷേത്രത്തിൽ തന്നെ വളർത്തുന്ന പൂച്ചകളെയാണ് ഇത്തരത്തിൽ മമ്മിഫിക്കേഷന് ഉപയോഗപ്പെടുത്തിയിരുന്നതെന്നും ഗവേഷകർക്കു സൂചനകൾ ലഭിച്ചിട്ടുണ്ട്. പൂച്ചകളെ കൂടാതെ യുസെർകാഫ് ഫറവോയുടെ പിരമിഡിൽ നിന്ന് സിംഹം, പശു, ഫാൽക്കൻ, മൂർഖൻ, മുതല എന്നിവയുടെ പ്രതിമകളും ലഭിച്ചിട്ടുണ്ട്. നേരത്തേ പക്ഷികൾ, നായ, തേൾ, മത്സ്യം തുടങ്ങിയവയുടെ മമ്മികളും ഈജിപ്തിൽ കണ്ടെത്തിയിട്ടുണ്ട്. അറബ് വസന്തത്തിനു ശേഷം ഈജിപ്തിലേക്കു വൻതോതിൽ സഞ്ചാരികളുടെ വരവിൽ കുറവുണ്ടായതായാണു കണക്കുകൾ. 2010ൽ 1.4 കോടി സഞ്ചാരികൾ വന്ന സ്ഥാനത്ത് 2016ൽ 50 ലക്ഷമായിരുന്നു എണ്ണം. ഈ സാഹചര്യത്തിൽ കൂടുതൽ പ്രദേശങ്ങളിലേക്കു പര്യവേക്ഷണം വ്യാപിപ്പിച്ച് സഞ്ചാരികളെ ആകർഷിക്കാനുതകുന്ന കണ്ടെത്തലുകൾക്കായുള്ള ശ്രമത്തിലാണ് ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പ്. അങ്ങനെ നോക്കുമ്പോൾ പൂച്ചമമ്മികളുടെ കണ്ടെത്തൽ സർക്കാരിനു ലഭിച്ച നിധിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA