sections
MORE

ചൊവ്വയിൽ അതിസാഹസിക മനുഷ്യകുലം കാലുകുത്തും, പ്രവചനം സംഭവിക്കുമോ?

cyberog-mars
SHARE

ചൊവ്വയില്‍ കോളനി സ്ഥാപിക്കുക പുത്തന്‍ മനുഷ്യവംശമായിരിക്കുമെന്ന് പ്രസിദ്ധ പ്രപഞ്ചശാസ്ത്രജ്ഞന്‍ സര്‍ മാര്‍ട്ടിന്‍ റീസ്. മനുഷ്യന്റെയും റോബോട്ടിന്റേയും സമ്മിശ്രരൂപമായിരിക്കും പുതിയ മനുഷ്യകുലത്തിനെന്നും അദ്ദേഹം പ്രവചിക്കുന്നു. ഇത്തരത്തില്‍ നിര്‍മിക്കപ്പെടുന്ന അതിസാഹസികരായിക്കും ചൊവ്വയില്‍ കാലുകുത്തുന്ന മനുഷ്യരെന്നാണ് മാര്‍ട്ടിന്‍ റീസ് പറയുന്നത്. 

മാര്‍ട്ടിന്‍ റീസിന്റെ പുതിയ പുസ്തകമായ ഓണ്‍ ദ ഫ്യൂച്ചര്‍ മനുഷ്യനും ഭൂമിയും ചൊവ്വയിലേക്കുള്ള പ്രയാണവുമൊക്കെയാണ് ചര്‍ച്ച ചെയ്യുന്നത്. ഈ പുസ്തകത്തെക്കുറിച്ച് നല്‍കിയ ഒരു അഭിമുഖത്തിലാണ് ചൊവ്വയില്‍ ചേക്കേറുന്ന മനുഷ്യരെക്കുറിച്ചുള്ള തന്റെ പ്രവചനങ്ങള്‍ അദ്ദേഹം നിരത്തിയത്. 2050 ആകുമ്പോഴേക്കും ജനം 900 കോടിയിലെത്തും. ജനസംഖ്യാ വര്‍ധനവിനുള്ള പരിഹാരമാണ് ചൊവ്വയിലേക്കുള്ള മനുഷ്യന്റെ അധിനിവേശമെന്ന് മാര്‍ട്ടിന്‍ റീസ് കരുതുന്നില്ല. 

ഭൂമിയില്‍ ജീവിക്കാനാവാത്ത അവസ്ഥവന്നാല്‍ മറ്റു ഗ്രഹം തേടിപോവുകയെന്നത് പ്രായോഗികമല്ല. ഇലോണ്‍ മസ്‌കും അന്തരിച്ച പ്രപഞ്ച ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങും ഇത്തരം വാദക്കാരാണെങ്കിലും ഭൂമിക്ക് തുല്യമായ മറ്റൊരു ഗ്രഹമുണ്ടെന്ന് കരുതുന്നില്ലെന്നാണ് മാര്‍ട്ടിന്‍ റീസിന്റെ അഭിപ്രായം. മാത്രമല്ല ഭൂമിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാതെ പുതിയ ലോകത്തേക്ക് പോകാന്‍ ശ്രമിച്ചാല്‍ അടിസ്ഥാനപരമായ പ്രശ്‌നപരിഹാരം നടക്കില്ലെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. 

മനുഷ്യര്‍ ചൊവ്വയിലെത്തുമെങ്കിലും വലിയ രീതിയിലുള്ള കുടിയേറ്റം സാധ്യമാകില്ലെന്നാണ് മാര്‍ട്ടിന്‍ റീസിന്റെ അഭിപ്രായം. അതേസമയം, നാസ പോലുള്ള സര്‍ക്കാര്‍ നിയന്ത്രിത ബഹിരാകാശ ഏജന്‍സികളായിരിക്കില്ല ഇത്തരം കുടിയേറ്റങ്ങള്‍ക്ക് പിന്നില്‍. സ്‌പേസ് എക്‌സും ബ്ലൂ ഒറിജിനും പോലുള്ള സ്വകാര്യ ബഹിരാകാശ കമ്പനികളായിരിക്കും മനുഷ്യന്റെ ചൊവ്വാ സ്വപ്‌നം യാഥാര്‍ഥ്യമാക്കുക. 

ചൊവ്വയില്‍ അതിജീവിക്കാന്‍ നിലവില്‍ ഭൂമിയിലുള്ള മനുഷ്യര്‍ക്ക് ഒരു പരിധി വരെ അസാധ്യമാണ്. നിലവിലെ കഴിവുകള്‍ക്കൊപ്പം സാങ്കേതിക വിദ്യകളുടെ സഹായത്തില്‍ പുതിയവ കൂടി നേടിയാല്‍ മാത്രമേ മനുഷ്യര്‍ക്ക് ചൊവ്വയില്‍ സ്ഥിരവാസം സാധ്യമാകൂ. ജനിതക മാറ്റം വരുത്തിയും സൈബോര്‍ഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചും ഇത് സാധ്യമാകുമെന്നാണ് ഡോ. റീസ് കരുതുന്നത്. 

ഇത്തരം മനുഷ്യരാകട്ടെ പുതിയ വംശമായി മാറുകയും ചെയ്യും. നിലവിലെ മനുഷ്യരോട് എത്ര സാമ്യതയുള്ളവയായിരിക്കും പുതിയ മനുഷ്യകുലമെന്നതു മാത്രമാണ് ചോദ്യമെന്നും അദ്ദേഹം പറയുന്നു. മനുഷ്യകുലം ഭൂമിയില്‍ നിന്നും സ്വന്തം പ്രവര്‍ത്തികളെകൊണ്ട് തന്നെ അപ്രത്യക്ഷമാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കാലാവസ്ഥാ മാറ്റവും ജൈവവൈവിധ്യത്തിലുണ്ടാകുന്ന കുറവും ഭൂമിയിലെ ജീവന്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണെന്നും അവയെ ഇപ്പോഴും നമ്മള്‍ ഗൗരവത്തോടെ കണ്ടിട്ടില്ലെന്നും മാര്‍ട്ടിന്‍ റീസ് ഓര്‍മിപ്പിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA