sections
MORE

ചൈനീസ് പിരമിഡുകൾക്ക് പിന്നിൽ വൻ രഹസ്യങ്ങൾ, ശവക്കല്ലറകൾക്ക് നക്ഷത്ര ബന്ധം

china-Pyramid
SHARE

പൗരാണിക ചൈനക്കാരുടെ ജ്യോതിശാസ്ത്രത്തിലുള്ള അറിവ് വ്യക്തമാക്കുന്നതാണ് ചൈനീസ് രാജവംശത്തിന്റെ ശവകുടീരങ്ങളടങ്ങുന്ന പിരമിഡ്. പടിഞ്ഞാറന്‍ ഹാന്‍, സോങ് രാജവംശങ്ങളിലെ ശവകുടീരങ്ങളാണ് പിരമിഡുകള്‍ക്കുള്ളിലായി നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ഇവ ഉത്തര നക്ഷത്രമെന്ന് വിളിക്കുന്ന പൊളാരിസിന് നേര്‍ രേഖയിലാണ് നിര്‍മിച്ചിരിക്കുന്നതെന്നതാണ് പുതിയ കണ്ടെത്തല്‍. 

ചൈനയിലെ നാല്‍പതോളം പിരമിഡുകളിലെ ശവകുടീരങ്ങളില്‍ നടത്തിയ പഠനത്തിനിടെയാണ് ഇവയില്‍ പലതും നാല് ദിക്കിനും അഭിമുഖമായല്ല നിര്‍മിച്ചിരിക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍ പെടുന്നത്. ഭൂമിയുടെ അച്ചുതണ്ടിന് കാലാന്തരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇത് ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആകാശ കാഴ്ചയേയും സ്വാധീനിക്കുകയും മാറ്റി മറിക്കുകയും ചെയ്യും. ഇക്കാര്യം അറിവുള്ളവരായിരുന്നു പൗരാണിക ചൈനയിലെ ജ്യോതിശാസ്ത്രജ്ഞരെന്നാണ് ആര്‍ക്കിയോളജിക്കല്‍ റിസര്‍ച്ച് ഇന്‍ ഏഷ്യ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. 

ഇപ്പോള്‍ ഉത്തരനക്ഷത്രമായ പൊളാരിസ് ഉത്തര ധ്രുവത്തിന് നേര്‍രേഖയിലെ ആകാശത്താണ് ദൃശ്യമാകുന്നത്. എന്നാല്‍ ചൈനയില്‍ ഈ പിരമിഡുകള്‍ നിര്‍മിച്ചിരുന്നപ്പോള്‍ അങ്ങനെയായിരുന്നില്ല. ഭൂമിയുടെ അച്ചുതണ്ടിന്റെ ചലനത്തെക്കുറിച്ച് ധാരണയുണ്ടായിരുന്ന ചൈനീസ് നിര്‍മാതാക്കള്‍ പൊളാരിസിന് അഭിമുഖമായാണ് പിരമിഡുകളിലെ ശവകുടീരങ്ങളെ നിര്‍മിച്ചതെന്നാണ് ഗവേഷകരുടെ അവകാശവാദം. അതുകൊണ്ടാണ് ഏതെങ്കിലും ദിക്കിന് അഭിമുഖമായി ഇവ കാണപ്പെടാതിരുന്നത്. 

സാറ്റ്‌ലൈറ്റ് ചിത്രങ്ങളില്‍ നിന്നും പ്രദേശത്ത് നടത്തിയ പഠനങ്ങളില്‍ നിന്നും പടിഞ്ഞാറന്‍ ഹാന്‍, സോങ് രാജവംശങ്ങളിലെ ഭരണാധികാരികളുടേയും ചില രാജകുടുംബാംഗങ്ങളുടേയും ശവകുടീരങ്ങളാണ് ഈ പിരമിഡിലുള്ളതെന്ന് കണ്ടെത്തി. കളിമണ്‍ പ്രതിമകളുടെ സൈന്യത്തിനാല്‍ പ്രശസ്തമായ ചൈനീസ് ചക്രവര്‍ത്തി ക്വിനിന്റെ ശവകൂടീരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചവയാണ് ഇവയില്‍ പലതും. അതുകൊണ്ടുതന്നെ പലതിലും സമാനമായ കളിമണ്‍ പ്രതിമകളും കണ്ടെത്തിയിട്ടുണ്ട്. 

പിരമിഡിലെ ശവകുടീരങ്ങളില്‍ പലതും നാല് ദിക്കുകളിലേക്ക് അഭിമുഖമായുള്ളവയാണ്. രാജഭരണം സ്വര്‍ഗ്ഗീയ കല്‍പനയിലാണെന്ന് വിശ്വസിച്ചിരുന്ന പൗരാണിക ചൈനക്കാരില്‍ അതുകൊണ്ടുതന്ന ഇത്തരത്തിലുള്ള നിര്‍മാണം സ്വാഭാവികമാണെന്നാണ് ഗവേഷകര്‍ കരുതുന്നത്. എന്നാല്‍ ചില ശവകുടീരങ്ങള്‍ കിഴക്കിനും വടക്കിനും ഇടയിലേക്കുള്ള ഭാഗത്തെ അഭിമുഖീകരിച്ച് നിര്‍മിച്ചിരുന്നു. ഇതേക്കുറിച്ച് നടത്തിയ കൂടുതല്‍ പഠനത്തിലാണ് അവ ഉത്തര നക്ഷത്രത്തെ അഭിമുഖമായാണ് നിര്‍മിച്ചിരിക്കുന്നതെന്ന കണ്ടെത്തലുണ്ടായിരിക്കുന്നത്. പിരമിഡുകള്‍ നിര്‍മിക്കപ്പെട്ട കാലത്തു നിന്നും ഉത്തര ധ്രുവത്തിനും സൊളാരിസിനുമുണ്ടായ സ്ഥാനചലനമുണ്ടായിട്ടുണ്ട്. ആ മാറ്റത്തിന്റെ അളവും പിരമിഡിന്റേയും സൊളാരിസിന്റേയും സ്ഥാനവും കണക്കുകൂട്ടിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA