sections
MORE

അവർ വിശ്വസിച്ചു, മരണാന്തര ജീവിതം; മമ്മികളെ അടക്കിയത് 300 മീറ്റര്‍ ആഴത്തില്‍

mummi
SHARE

ഈജിപ്തില്‍ നിന്നുള്ള മമ്മികളുടെയും ശവകുടീരങ്ങളുടെയും കണ്ടെത്തലുകള്‍ക്ക് അവസാനമില്ല. ഏറ്റവും ഒടുവിലായി മൂന്നൂറ് മീറ്റര്‍ ആഴത്തില്‍ നിന്നാണ് പുരാവസ്തു ഗവേഷകര്‍ മമ്മികളുടെയും ശവക്കല്ലറകളുടെയും അമൂല്യ നിധികള്‍ കുഴിച്ചെടുത്തിരിക്കുന്നത്. ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ നിന്നും കിഴക്കു മാറി ഗിസയിലെ പിരമിഡുകള്‍ക്ക് സമീപത്തു നിന്നാണ് പുതിയ കണ്ടെത്തല്‍. മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്നവരായിരുന്നു പൗരാണിക ഈജിപ്തുകാരെന്നാണ് ഗവേഷകരും ചരിത്രകാരൻമാരും പറയുന്നത്.

മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് എട്ട് ചുണ്ണാമ്പുകല്ലിൽ തീർത്ത ശവക്കല്ലറകള്‍ കണ്ടെത്തിയിരിക്കുന്നത്. ചായം തേച്ച കാര്‍ഡ്‌ബോഡ് മനുഷ്യരൂപങ്ങള്‍ക്കുള്ളിലായിരുന്നു മമ്മികള്‍ കാണപ്പെട്ടത്. ബിസി 1085-332 കാലത്തെ പൗരാണിക ഈജിപ്തില്‍ നിന്നുള്ളവയാണ് കണ്ടെത്തിയ മമ്മികള്‍. ഇവയില്‍ മൂന്നെണ്ണം കാര്യമായ കേടുപാടുകള്‍ സംഭവിക്കാതെയാണ് ലഭിച്ചിരിക്കുന്നതെന്ന് ഈജിപ്ത് പുരാവസ്തു മന്ത്രി അറിയിച്ചു.

ഓഗസ്റ്റില്‍ ആരംഭിച്ച ഉത്ഖനനങ്ങളാണ് ഇപ്പോള്‍ ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്. ലഭിച്ച ശവകുടീരങ്ങളും മറ്റും കൂടുതല്‍ പഠനത്തിനായി അയക്കും. കഴിഞ്ഞ ആഴ്ചയിലാണ് ഈജിപ്തില്‍ നിന്നും 3000 വര്‍ഷം പഴക്കമുള്ള മമ്മി കാര്യമായ കേടുപാടുകള്‍ കൂടാതെ ലഭിച്ച വിവരം പുറത്തുവന്നത്. ബിസി പതിമൂന്നാം നൂറ്റാണ്ടു മുതല്‍ ഭരിച്ച ഈജിപ്തിന്റെ പതിനെട്ടാം രാജവംശത്തില്‍ തൂത്തന്‍ഖാമന്‍ അടക്കമുള്ള പ്രസിദ്ധരായ ഫറവോമാരുണ്ടായിരുന്നു.

അഞ്ച് മാസത്തോളം മുന്നൂറ് മീറ്ററോളം മണ്ണ് മാറ്റിയ ശേഷമാണ് പുരാവസ്തു ഗവേഷകര്‍ക്ക് ഈ ശവകുടീരങ്ങള്‍ കണ്ടെത്താനായത്. ഓരോ ശവകുടീരങ്ങള്‍ക്ക് മുകളിലും കുടുംബത്തെ സൂചിപ്പിക്കുന്ന ചിത്രപ്പണികളുണ്ടായിരുന്നു. ആയിരത്തിലേറെ വര്‍ഷങ്ങള്‍ക്ക് ശേഷവും നൂറ്റാണ്ടുകള്‍ മണ്ണു മൂടി കിടന്നിട്ടും ഈ ചിത്രങ്ങള്‍ക്ക് പോലും കാര്യമായ നാശം സംഭവിച്ചിരുന്നില്ല.

നാലായിരം വര്‍ഷം വരെ പഴക്കമുള്ള ശവകുടീരങ്ങള്‍ ഈ കൂട്ടത്തിലുണ്ടെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ പിന്നീട് ഇടക്കാലത്തെ രാജവംശങ്ങളും ഇവ ഉപയോഗിച്ചിരുന്നു. മമ്മികള്‍ക്കൊപ്പം എല്ലുകളും തലയോട്ടികളും ഈ ശവകുടീരങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ചിരുന്ന പൗരാണിക ഈജിപ്തുകാര്‍ അതിനുവേണ്ടിയാണ് ഉന്നതരുടെ ശരീരം അഴുകാത്ത രീതിയില്‍ മമ്മികളാക്കാന്‍ ശ്രമിച്ചിരുന്നത്. വിശ്വാസപരമായ ബലികളുടെ ഭാഗമായാണ് മൃഗങ്ങളുടെ മമ്മികള്‍ നിര്‍മിച്ചിട്ടുള്ളതെന്നും കരുതപ്പെടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA