sections
MORE

തലവേദനയായി ടിക് ടോക് വിഡിയോകൾ, നാട്ടിൽ സംഭവിക്കുന്നതെന്ത്?

tik-tok-app
SHARE

ദിവസങ്ങൾക്ക് മുൻപ് പത്താം ക്ലാസ് വിദ്യാർഥിനിയെ താലി അണിയിച്ച് സിന്ദൂരം തൊടിക്കുന്ന വിഡിയോ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യാൻ വേണ്ടിയായിരുന്നോ? അതോ അവരറിയാതെ മൊബൈലിൽ നിന്ന് ചോർത്തി സുഹൃത്തുക്കളാണോ വിഡിയോ പുറത്തുവിട്ടത്? എന്തായാലും ഒരു വിഡിയോ സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നത് കൊണ്ട് രണ്ടു കുടുംബങ്ങൾക്ക് നേരിടേണ്ടിവന്നത് വലിയ തലവേദനയാണ്. ടിക് ടോക് ആപ്പിലെ കുറച്ചു ലൈക്കുൾക്ക് വേണ്ടിയായിരുന്നു വിവാദ വിഡിയോ പോസ്റ്റ് ചെയ്തതെന്നും റിപ്പോർട്ടുണ്ട്.

സ്മാർട് ഫോണുകളും സോഷ്യല്‍മീഡിയകളും സജീവമായതോടെ സമൂഹത്തിനുള്ള തലവേദനകളും വ്യാപകമായി. എന്തും ഏതും പകർത്തി സോഷ്യൽമീഡിയകളിൽ പോസ്റ്റ് ചെയ്യുന്നത് ചെറിയ തലവേദനയല്ല സൃഷ്ടിക്കുന്നത്. കേവലം ലൈക്കിനും ഷെയറിനും വേണ്ടി എന്തു ധാർമികതയും മാറ്റിവയ്ക്കാൻ തയാറാകുന്ന യുവതലമുറയെയാണ് ടിക് ടോക് പോലുള്ള വിഡിയോകളിൽ കാണാ‍ൻ കഴിയുന്നത്. സോഷ്യൽമീഡിയകളിൽ വ്യത്യസ്തത പരീക്ഷിക്കുക യുവതലമുറയുടെ ട്രന്റായി മാറി കഴിഞ്ഞു. മുഖം പോലും കാണിക്കാൻ മടിക്കുന്ന കുട്ടികള്‍ പോലും ടിക് ടോക് വിഡിയോക്ക് വേണ്ടി അർദ്ധ നഗ്നരായി അഭിനയിക്കാൻ വരെ തയാറാകുന്നു.

സെക്സ്, മദ്യപാനം, നഗ്ന ഡാൻസ്, താലിക്കെട്ടലുകൾ തുടങ്ങി നിരവധി ചലഞ്ച് വിഡിയോകൾക്ക് പിന്നാലെയാണ് കുട്ടികൾ. രാത്രി മുഴുവൻ ടിക് ടോക്കിൽ നോക്കിയിരിക്കുന്ന യുവതലമുറ നേരിടാൻ പോകുന്നത് വലിയ വെല്ലുവിളികളാണ്.

കഴിഞ്ഞ ദിവസത്തെ താലിക്കെട്ട് വിഡിയോ വൈറലാക്കിയതും ടിക് ടോക് തന്നെയാണ്. ഫെയ്സ്ബുക്കിനും വാട്സാപ്പിനും പരിധികളുണ്ട്. എന്നാൽ ടിക് ടോക്കിൽ ഒരു പരിധിയുമില്ല. ലോകത്ത് എവിടെ നിന്നും ടിക് ടോക്കിലെ ഏതു വിഡിയോയും ആർക്കും കാണാം, ഷെയർ, ഡൗൺലോഡ് ചെയ്യാം. ഇതു തന്നെയാണ് ടിക് ടോക് വിഡിയോ ഹിറ്റാകുന്നതിന്റെ രഹസ്യവും.

ടിക് ടോക് മൊബൈൽ ആപ്ലിക്കേഷൻ നിരോധിക്കണമെന്ന ആവശ്യവുമായി പിഎംകെ നേതാവ് രാംദാസ് രംഗത്തെത്തിയത് വരെ ഈ കാരണങ്ങൾ കൊണ്ടാണ്. കൗമാരക്കാരെയും യുവാക്കളെയും ലഹരി മരുന്നുപോലെ അടിമകളാക്കുന്ന കളിയാണെന്നാണ് ആരോപണം. ഇതു പുതിയ തലമുറയെ തകർക്കും. ഇതിന്റെ അപകടത്തെക്കുറിച്ചു മക്കളെ മാതാപിതാക്കൾ ബോധവൽക്കരിക്കണമെന്നുമാണ് രാംദാസ് പറഞ്ഞത്. ജനപ്രിയസിനിമാ ഗാനങ്ങൾക്കോ സംഭാഷണങ്ങൾക്കോ അനുസൃതമായി സ്വന്തം വിഡിയോ ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്യാവുന്ന ആപ്ലിക്കേഷനാണു ടിക്ടോക്.

ദൃശ്യം പ്രചരിപ്പിച്ചാൽ കർശന നടപടി

പത്താം ക്ലാസ് വിദ്യാർഥിനിയെ വിവാഹം ചെയ്യുന്ന മൊബൈൽ ഫോൺ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി രാഹുൽ ആർ.നായർ അറിയിച്ചു. മൂവാറ്റുപുഴ ഉപജില്ലയിലുള്ള സ്‌കൂളിലെ വിദ്യാർഥിനിയെ വിവാഹം ചെയ്യുന്ന ദൃശ്യങ്ങൾ പലതരം അടിക്കുറുപ്പുകളോടെയാണ് പ്രചരിപ്പിക്കുന്നത്.

ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട പെൺകുട്ടിയുടെ രക്ഷിതാക്കൾ ഡിജിപിക്കു പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വിവാഹം ചെയ്യുന്നതായി പറയുന്ന യുവാവ് തന്റെ മൊബൈലിൽ സുഹൃത്തിന്റെ സഹായത്തോടെയാണ് വിഡിയോ പകർത്തിയത്. ഇതിനു ശേഷം ഇയാൾ സാമൂഹ മാധ്യമങ്ങളിൽ ഇതു പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA