ക്ഷേത്രങ്ങളാൽ സമ്പന്നം വെള്ളൈഗവി  ഗ്രാമം 

vellaigavi
SHARE

കൊടൈക്കനാലിൽ നിന്നും 6 കി. മീ അകലെ കുമ്പക്കരയ്ക്ക് (കുമ്പക്കരൈ വെള്ളച്ചാട്ടം പ്രശസ്തമാണ്) പോകും വഴിയിലാണ്  സവിശേഷതകൾ തുളുമ്പുന്ന  കാടിനാൽ ചുറ്റപ്പെട്ട വെള്ളൈഗവി എന്ന കൊച്ചു ഗ്രാമം.  കാൽനടയല്ലാതെ മറ്റൊരു യാത്രാമാർഗങ്ങളും ഇല്ലാത്ത ഗ്രാമം. കുമ്പക്കരൈ ഫോറെസ്റ്റ്  റേഞ്ചിൽ ഉൾപ്പെട്ടതാണ് ഈ ഗ്രാമം. തൊട്ടു തൊട്ടു 150 ഓളം വീടുകൾ. മിക്കവാറും വീടുകൾ ഒരേ നിറം കൊണ്ട് പെയിന്റ് ചെയ്തിരിക്കുന്നു. ഒരു പോസ്റ്റ് ഓഫീസ്, ഒരു ചെറിയ സ്കൂൾ ഇവയാണ് ഇവിടത്തെ സർക്കാർ സ്ഥാപനങ്ങൾ. കുമ്പക്കരയിൽ നിന്നും പോസ്റ്റ്മാൻ നടന്നു വരികയും, തിരികെ നടന്നു പോകുകയും ചെയ്യുന്നിടം(ഏതാണ്ട് ഏഴ് കി.മീ നടന്നാണ് കുമ്പക്കരൈ എത്തുക എന്നോർക്കണം). കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായാലും നടപ്പു തന്നെ രക്ഷ, കൊടൈക്കനാലോ, പെരിയകുളമോ (8 കി.മീ ദൂരം കുമ്പക്കരൈ വഴി) പോയാൽ ഉന്നത വിദ്യാഭ്യാസം ലഭ്യമാകൂ.ഗ്രാമവാസികൾക്ക് ഉപ്പു തൊട്ടു കർപ്പൂരം വരെ വാങ്ങണമെങ്കിലും കൊടൈക്കനാലോ, പെരിയകുളത്തോ പോകേണ്ടതുണ്ട് ! യാത്രയുടെ തുടക്കത്തിലേ വീതിയേറിയ പാത നേർത്തു നേർത്തൊരു ഒറ്റയടിപ്പാതയാവുന്ന കാഴ്ച കാണാം. സാധനങ്ങളും ചുമലിലേറ്റി തളർന്ന് വരുന്ന കുതിരക്കൂട്ടവും ‌കാണാം. ,ഗ്രാമത്തിന്റ ഭംഗിയെ പൂർണമായും മൂടൽമഞ്ഞ് പൊതിഞ്ഞിരിക്കുന്നു. ഞങ്ങളുടെ യാത്രയിൽ മഞ്ഞൊരു തടസ്സമായതിനാൽ ഈ കാഴ്ച ലഭ്യമായില്ല.  

vellaigavi-kodikanal0

വെള്ളൈഗവിയിലെ  പ്രധാന സവിശേഷതകൾ 25 എണ്ണത്തോളം വരുന്ന ക്ഷേത്രങ്ങളാണ്. അവയിൽ 2 വലിയ ക്ഷേത്രങ്ങളും, മറ്റുള്ളവ ചെറിയ പ്രതിഷ്ഠകളും ആണ്. അതുകൊണ്ടു തന്നെ ഈ ഗ്രാമവാസികൾ ഗ്രാമത്തിനകത്തു ചെരിപ്പുകൾ ഉപയോഗിക്കാറില്ല. അത്രയും പരിശുദ്ധി നിറഞ്ഞ ഗ്രമം.സഞ്ചാരികൾക്ക് പാദരക്ഷ ഉപയോഗിക്കാം എന്ന് ഞങ്ങളുടെ ഗൈഡ് മൈക്കൽ പറഞ്ഞെങ്കിലും ഞങ്ങളും ചെരിപ്പുകൾ ഊരി കയ്യിലെടുത്താണ് ഗ്രാമത്തിലേക്ക് കടന്നത്.

കലർപ്പില്ലാത്ത സ്നേഹവും, ആതിഥ്യവുമാണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത. കൊടൈക്കനാലിൽ നിന്നും മുന്നാറിലേക്കുള്ള ഒരു ട്രെക്കിങ്ങിനിടെയാണ് വെള്ളൈഗവിയിൽ ഞങ്ങൾ എത്തിച്ചേർന്നത്. കൊടൈക്കനാലിൽ പാമ്പാപുരത്തു നിന്നും ഡോൾഫിൻ നോസിലെ മേഘക്കൂട്ടങ്ങളെയും കണ്ടു ആറു കി.മീ കുമ്പക്കരൈ ഭാഗത്തേക്ക് നടന്നാൽ വെള്ളൈഗവിയിലെത്താം. ഞങ്ങളുടെ വരവിനെപ്പറ്റി മുൻപത്തെ ദിവസം മാത്രം വിവരം ലഭിച്ച ഗ്രാമീണർക്ക് ഞങ്ങൾക്ക് ഭക്ഷണമുണ്ടാക്കാനുള്ള സാധനങ്ങൾ വാങ്ങാൻ സാവകാശം ലഭിച്ചില്ല. ഞങ്ങൾ 23 പേർ ഉണ്ടായിരുന്നു. അതിനാൽ എല്ലാ വീടുകളിലും കയറി ഇറങ്ങിയാണ് പച്ചക്കറികളും, ഗോതമ്പു മാവും വാങ്ങി അവർ ഞങ്ങൾക്ക് ചപ്പാത്തിയും, കറിയും ഒരുക്കിയത്. ഒപ്പം നല്ല കട്ടൻ കാപ്പിയും. ഇവിടുത്തെ സ്ത്രീകൾ കാപ്പിക്കുരു ശേഖരിച്ചു ഉണക്കി പൊടിക്കുന്നുണ്ട്, നന്മയുടെ സൗരഭ്യം നിറഞ്ഞ കാപ്പിപ്പൊടിയും ഞങ്ങൾ അവിടെ നിന്ന് വാങ്ങിയിരുന്നു. ആടുവളർത്തലും ഏലക്കൃഷിയും ചെയ്ത് ‌ജീവിതം മുന്നോട്ട് നയിക്കുന്നവരും. , ഉപജീവനത്തിനായി പുറത്തു പോയവരും ചേർന്നതാണ് ഈ ഗ്രാമീണ ജനത. പണ്ടെങ്ങോ ഇവിടെ വന്നു പെട്ട അഞ്ചു കുടുംബങ്ങളുടെ പിന്തുടർച്ചക്കാർ ആണ് ഇവർ എന്ന് പറയപ്പെടുന്നു. ഞങ്ങളുടെ മടക്കയാത്രയിൽ സ്നേഹപൂർവ്വം അവർ  വിളയിച്ചടുത്ത പഴങ്ങളും നൽകിയാണ് യാത്രയാക്കിയത്. ഞങ്ങളുടെ വിശ്രമത്തിനിടയിൽ ആ ഗ്രാമത്തിന്റെ കാവൽക്കാരനെപ്പോലെ അവിടെ പ്രത്യക്ഷപ്പെട്ട ഒരു നായ ഞങ്ങളിൽ കൗതുകം ഉളവാക്കി.മുഴുവൻ സമയവും അത് ഞങ്ങളെ വീക്ഷിച്ചെങ്കിലും ശല്യം ചെയ്യാൻ മുതിർന്നില്ല!  

vellaigavi-2
ഗ്രാമത്തിന്റെ കാവൽക്കാരനെപ്പോലെ അവിടെ പ്രത്യക്ഷപ്പെട്ട നായ

ഏപ്രിൽ മാസത്തിൽ നടക്കുന്ന 'തിരുവിഴ'ക്ക് (ഉത്സവം) പുറമെ ജോലിക്കും, കച്ചവടത്തിനും ആയി പോയിട്ടുള്ള ഊരുകാർ എല്ലാം ഒത്തു കൂടുമത്രേ. എത്ര സൗകര്യങ്ങൾ ഉണ്ടെങ്കിലും ഇല്ലാത്ത ഒന്നിനെക്കുറിച്ചു പരാതി പറയുന്ന ആധുനിക ലോകത്തെ അമ്പരപ്പിക്കും ഈ കൊച്ചു ഗ്രാമം. .ആതിഥ്യത്തിന്റെ ഊഷ്മളത കൊണ്ട് വീണ്ടും പോകാൻ തോന്നിപ്പിക്കുന്നു വെള്ളൈഗവി. 

*ഇവിടെ പോസ്റ്റു ചെയ്യുന്ന യാത്രാവിവരണങ്ങളും ചിത്രങ്ങളും വിഡിയോകളും മലയാള മനോരമയുടേതല്ല. പകർപ്പവകാശവും പൂർണ ഉത്തരവാദിത്തവും രചയിതാവിനാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA